ജയിച്ചു കിട്ടിയാലുടൻ തല്ല് തുടങ്ങേണ്ട; നേതൃമാറ്റം സംബന്ധിച്ച പ്രതികരണത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തി
Mail This Article
തിരുവനന്തപുരം ∙ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയമുണ്ടാക്കിയ ആവേശമടങ്ങുംമുൻപ് നേതൃമാറ്റം സംബന്ധിച്ച് വാർത്തയും പ്രതികരണങ്ങളുമുണ്ടായതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തി. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനുള്ള ചർച്ചയൊന്നും നടന്നിട്ടില്ലെന്നു ദേശീയനേതൃത്വം വ്യക്തമാക്കി. സ്ഥാനമൊഴിയാൻ സുധാകരനോട് ആവശ്യപ്പെട്ടെന്ന വാർത്ത കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നിഷേധിച്ചു. ജയിച്ചുകിട്ടിയാലുടൻ തല്ലുതുടങ്ങുന്ന ശീലം വേണ്ടെന്നാണു ഹൈക്കമാൻഡ് നിലപാട്.
സുധാകരനെ മാറ്റേണ്ടതില്ലെന്നു വാദിക്കുന്നവർ പരസ്യമായി അതു വ്യക്തമാക്കുന്നു. മാറ്റണമെന്നുള്ളവർ രഹസ്യമായി ചില നീക്കങ്ങൾ നടത്തുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പുതിയ ടീം കെപിസിസിയിൽ വേണമെന്നാണു ചിലരുടെ വാദം. ഇക്കാര്യം പക്ഷേ, പാർട്ടിക്കുള്ളിൽ തുറന്ന് ചർച്ച ചെയ്യാൻ ആരും തയാറായിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ ഏത് ഇടപെടലും തന്റെ നിർദേശപ്രകാരമാണെന്ന വ്യാഖ്യാനം വരുമെന്നതിനാൽ ആരെയും ചൊടിപ്പിക്കാതിരിക്കാനുള്ള കരുതലിലാണ് കെ.സി.വേണുഗോപാൽ. സുധാകരനെ മാറ്റാൻ തീരുമാനമോ ചർച്ചയോ നേതൃതലത്തിൽ ഇല്ലെങ്കിലും പകരക്കാരെന്ന മട്ടിൽ പല പേരുകളും വാർത്തകളിൽ വന്നു. പാർട്ടിക്ക് ഊർജം പകരുന്ന, ഗ്രൂപ്പില്ലാത്ത യുവതലമുറയെ കെപിസിസിയുടെ നേതൃനിരയിലേക്കു കൊണ്ടുവരണമെന്ന ആലോചനയുമുണ്ട്. യുവാക്കൾക്ക് ആവേശം പകരാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലെതന്നെ കഴിയുന്നയാളാണ് കെ.സുധാകരനെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട്ട് ചുമതല നൽകിയില്ലെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം / പുതുപ്പള്ളി ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്കൊഴിച്ച് എല്ലാവർക്കും പാർട്ടി ചുമതല നൽകിയെന്ന് ചാണ്ടി ഉമ്മൻ. ഒഴിവാക്കാൻ എന്താണു കാരണമെന്ന് അറിയില്ല. അന്ന് പറയേണ്ടെന്നു കരുതിയതാണ്. ഇപ്പോഴും കൂടുതലൊന്നും പറയുന്നില്ല. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണു പാലക്കാട്ടു പോയതെന്നും ചാണ്ടി വ്യക്തമാക്കി. എന്നാൽ, എന്തുകൊണ്ടു പാലക്കാട്ട് പ്രചാരണത്തിനു പോയില്ലെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു പ്രചാരണച്ചുമതല ഏൽപിക്കാതെ എങ്ങനെ പോകാൻ കഴിയും എന്നു മാത്രമാണു പറഞ്ഞതെന്നും അതിൽ വിവാദമാക്കാൻ ഒന്നുമില്ലെന്നും ചാണ്ടി പിന്നീടു പുതുപ്പള്ളിയിൽ പറഞ്ഞു.
ചാണ്ടി ഉമ്മനു ചുമതല നൽകിയില്ലെങ്കിൽ അത് അന്വേഷിക്കണമെന്നും എന്നാൽ, പരസ്യ പ്രതികരണം ഒഴിവാക്കണമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എതിരഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു സമൂഹത്തിനു മുന്നിൽ ചെറുതായിപ്പോകരുതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.