റോഡ് സുരക്ഷ: ഉഴപ്പാതിരുന്നാൽ കിട്ടും 965 കോടിയുടെ പദ്ധതി
Mail This Article
തിരുവനന്തപുരം ∙ രാജ്യത്തെ റോഡപകടവും അപകടമരണവും 2030ൽ പകുതിയായി കുറയ്ക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സേഫർ റോഡ് ഫോർ എവരിവണ്ണിൽ (സേഫ്) 965 കോടിയുടെ പദ്ധതി കേരളത്തിനു ലഭിക്കും. രാജ്യത്താകെ 28,000 കോടിയുടെ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിനായി കേന്ദ്രം സംസ്ഥാനത്തെ അറിയിച്ച മാനദണ്ഡങ്ങൾ പാലിച്ച് വിശദ പദ്ധതിരേഖ ഇൗ മാർച്ചിന് മുൻപ് നൽകിയാൽ തുക ലഭിക്കും. പദ്ധതിച്ചെലവിന്റെ 60% കേന്ദ്രവും 40% കേരളവുമാണ് വഹിക്കേണ്ടത്.
ഓരോ സംസ്ഥാനത്തെയും റോഡിന്റെ നീളവും വാഹന സാന്ദ്രതയും കണക്കുകൂട്ടിയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. 2022ൽ കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചത് 4317 പേരാണ്. മരണനിരക്ക് 7 വർഷം കൊണ്ട് പകുതിയാക്കുന്ന വിധത്തിലുള്ള നടപടി സാധ്യമാണെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തിനായി പ്രഖ്യാപിച്ച 965 കോടിയുടെ പദ്ധതിയിൽ 580 കോടിയാണ് കേന്ദ്രവിഹിതം. 10% തുക കേന്ദ്രം ആദ്യം നൽകും. ദേശീയപാതയിലെ റോഡ് സുരക്ഷാ നടപടികൾ കേന്ദ്രം നേരിട്ട് ചെയ്യും. സംസ്ഥാനപാതയ്ക്കും ജില്ലാ പാതകൾക്കുമാണ് കേന്ദ്രവും കേരളവും ചേർന്നു പണം കണ്ടെത്തേണ്ടത്.
കേന്ദ്രനിർദേശങ്ങളും അനുവദിക്കുന്ന തുകയും
∙ റോഡ് സുരക്ഷാ ഓഡിറ്റ്: സംസ്ഥാന പാത– 15,000 രൂപ , ജില്ലാതല റോഡ്– 10,000 രൂപ (ഒരു കിലോമീറ്ററിന്)
∙ റോഡ് സുരക്ഷയ്ക്കായി മുന്നറിയിപ്പ് ബോർഡുകൾ: സംസ്ഥാന പാത– 1,72,000 രൂപ, ജില്ലാ റോഡ് –1,40,000 രൂപ(ഒരു കിലോമീറ്ററിന്)
∙ കാൽനടക്കാർക്കായി ആധുനിക പെഡസ്ട്രിയൻ ക്രോസിങ്: 1,25,000 രൂപ (ഒന്നിന്)
∙ ഫുട് ഓവർബ്രിജ്: 1.5 കോടി രൂപ (ഒന്നിന്)
∙ 20 കിലോമീറ്ററിന് ഒരു ഇലക്ട്രോണിക് ഡിവൈസ്– 5 ലക്ഷം രൂപ.
∙ ട്രാഫിക് കൺട്രോൾ (സംസ്ഥാനതലം)– 5 കോടി. ജില്ലാതലം (ഒരു കോടി വീതം).
∙ഹെൽപ് ലൈൻ നമ്പരുകൾ: 15 ലക്ഷം
∙ സുരക്ഷാ പട്രോളിങ് ടീം: (സംസ്ഥാന പാതയിൽ ഓരോ 60 കിലോമീറ്റർ ഏരിയയിൽ) – 35 ലക്ഷം രൂപ
∙ഓരോ 5 കിലോമീറ്റർ ഏരിയയിലും 50 പേർ വൊളന്റിയർമാർ: പരിശീലനത്തിന് 20,000 രൂപ, പരിശീലകന് ഒരു ലക്ഷം രൂപ
∙ ഓട്ടമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്ററുകൾ: 1.5 കോടി രൂപ (ഒന്നിന്)
∙ സ്കൂളുകളിലും കോളജുകളിലും ബോധവൽക്കരണം : 50,000 രൂപ
∙ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സൗജന്യ കണ്ണ് പരിശോധന: ഒരാൾക്ക് 500 രൂപ , കണ്ണാടി വാങ്ങുന്നതിന് 1300 രൂപ
.പൊലീസ് സ്റ്റേഷനുകളിൽ 5 ബ്രെത്തലൈസർ യൂണിറ്റുകൾ – 25,000 രൂപ