മിൽമയിലെ തട്ടിപ്പ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി; സ്ഥലംമാറ്റം ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയ 2 ഉന്നത ഉദ്യോഗസ്ഥർക്ക്
Mail This Article
കൊല്ലം ∙ അയൽസംസ്ഥാനങ്ങളിൽ നിന്നു പാൽ കൊണ്ടുവന്നതിലെ തട്ടിപ്പിലൂടെ മിൽമയ്ക്കു വൻ നഷ്ടമുണ്ടായെന്നു കണ്ടെത്തിയ ഓഡിറ്റർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനു പിന്നാലെ, തട്ടിപ്പു സ്ഥിരീകരിച്ച ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കസേര തെറിച്ചു.
2022–23, 23–24 വർഷങ്ങളിൽ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നു പാൽ കൊണ്ടുവന്നതിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതു ‘മനോരമ’ നേരത്തേ പുറത്തുകൊണ്ടുവന്നിരുന്നു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലും ഇതു സ്ഥിരീകരിച്ചു. തുടർന്നു വിശദമായ അന്വേഷണത്തിനു ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ എം.ഫഹദ്, സീനിയർ ക്ഷീര വികസന ഓഫിസർ പി.കെ.ശ്രീലേഖ, ക്ഷീരവികസന ഓഫിസർ മുഹമ്മദ് റീസ് എന്നിവരെ ഡയറക്ടർ ചുമതലപ്പെടുത്തി.
വൻ നഷ്ടമുണ്ടായ ഇടപാടുകളിൽ മാനേജിങ് ഡയറക്ടറുടെയും കമേഴ്സ്യൽ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ഉന്നത ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടറുടെ റിപ്പോർട്ട്. ക്രമക്കേടു കണ്ടെത്തിയ 18 ഓഡിറ്റർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനു പിന്നാലെയാണ് ഇപ്പോൾ അസി. ഡയറക്ടർ, ക്ഷീരവികസന ഓഫിസർ എന്നിവരെയും സ്ഥലംമാറ്റിയിരിക്കുന്നത്.
തിരുവനന്തപുരം മേഖലാ യൂണിയനു കീഴിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഡെയറികളിലേക്കു പാൽ കൊണ്ടുവരാൻ മഹാരാഷ്ട്രയിലെ സ്വകാര്യ ലോജിസ്റ്റിക് കമ്പനിക്കു കരാർ നൽകിയതു നടപടിക്രമം പാലിക്കാതെയാണെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്.