അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ: തഹസിൽദാർമാർക്കും പിആർഡിക്കും നോട്ടിസ്
Mail This Article
തിരുവനന്തപുരം ∙ കരുതലും കൈത്താങ്ങും അദാലത്തിന്റെ പ്രചാരണാർഥം, അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് തിരുവനന്തപുരം, നെയ്യാറ്റിൻകര തഹസിൽദാർമാർക്ക് കോർപറേഷന്റെ നോട്ടിസ്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി 40 ബോർഡുകൾ സ്ഥാപിച്ചതിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനും നോട്ടിസ് നൽകി. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്നലെയും പരിശോധന തുടർന്നു.
ഒരാഴ്ചയ്ക്കിടെ 5200 ബോർഡുകളും ബാനറുകളും നീക്കം ചെയ്തെന്നാണ് കോർപറേഷൻ റവന്യു വിഭാഗത്തിന്റെ കണക്ക്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് ആദ്യം നടത്തിയത് തിരുവനന്തപുരത്താണ്. വഴുതക്കാട് വിമൻസ് കോളജായിരുന്നു വേദി. കോളജിന്റെ പ്രവേശന കവാടത്തിൽ മാത്രം 4 കൂറ്റൻ ബോർഡുകളാണ് സ്ഥാപിച്ചിരുന്നത്. വിഴിഞ്ഞം, വെങ്ങാനൂർ വാർഡുകളിൽ ബോർഡുകൾ സ്ഥാപിച്ചതിനാണ് നെയ്യാറ്റിൻകര തഹസിൽദാർക്ക് നോട്ടിസ് നൽകിയത്.
പിടിച്ചെടുത്ത ബോർഡുകളും ബാനറുകളും കൊടികളും പുത്തരിക്കണ്ടം, ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിലേക്ക് മാറ്റി. ഇതിൽ ഇരുമ്പ് തൂണുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ലേലം ചെയ്യും. നിരോധിത ഫ്ലെക്സ് ആയതിനാൽ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ഹെൽത്ത് ഓഫിസർക്ക് റവന്യു വിഭാഗം കത്ത് നൽകി. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ 3 ദിവസത്തിലൊരിക്കൽ നിയോഗിക്കാൻ റവന്യു വിഭാഗം തീരുമാനിച്ചു. ഫ്ലെക്സ് ബോർഡുകൾ മാറ്റിയതിനു പിന്നാലെ നിരത്തുവക്കുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ബോർഡുകൾ നീക്കുമെന്ന് റവന്യു ഓഫിസർ അറിയിച്ചു.