ഹംഗറി പ്രധാനമന്ത്രിയും കുടുംബവും കൊച്ചിയിൽ
Mail This Article
നെടുമ്പാശേരി ∙ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും സ്വകാര്യ സന്ദർശനത്തിനായി കൊച്ചിയിലെത്തി. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ അനിക്കോ ലിവായിയും 2 പെൺമക്കളും അഞ്ചംഗ ഉദ്യോഗസ്ഥ സംഘവുമുണ്ട്. ഇന്നലെ ഫോർട്ട്കൊച്ചിയിൽ തങ്ങിയ പ്രധാനമന്ത്രിയും സംഘവും ഇന്ന് മൂന്നാറിലേക്ക് പോകും. തേക്കടി, കുമരകം, ആലപ്പുഴ, അതിരപ്പിള്ളി, വാഴച്ചാൽ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം16ന് അദ്ദേഹം കൊച്ചിയിൽ നിന്ന് തന്നെ മടങ്ങും.
പോളണ്ടും ഹംഗറിയും തമ്മിൽ ഉഭയകക്ഷി തർക്കങ്ങൾ രൂക്ഷമായതിനിടയിലാണ് ഒർബാൻ കൊച്ചിയിലെത്തുന്നത്. അഴിമതിക്കേസിൽ പോളണ്ട് പുറത്താക്കിയ മുൻ മന്ത്രിക്ക് ഹംഗറി രാഷ്ട്രീയാഭയം നൽകിയതു സംബന്ധിച്ച തർക്കങ്ങളെത്തുടർന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനം പോളണ്ട് ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് ഹംഗേറിയൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ഇന്നലെയായിരുന്നു ചടങ്ങ്.