വരൾച്ചയ്ക്കിടെ കാവേരി വെള്ളവും കേരളം പാഴാക്കുന്നു

പാലക്കാട് ∙ കാവേരി വിഹിതത്തിൽ 10 വർഷത്തിനിടെ സംസ്ഥാനം നഷ്ടപ്പെടുത്തിയത് 2.43 ദശലക്ഷം ഘനയടി (243 ടിഎംസി) ജലം. വരൾച്ചയിൽ വലിയ ആശ്വാസമായി മാറേണ്ട വെള്ളം ഉപയോഗിക്കുന്നതു തമിഴ്നാടാണ്.

കാവേരി നദീജല തർക്ക ട്രൈബ്യൂണലിന്റെ 2007 ഫെബ്രുവരിയിലെ അന്തിമ ഉത്തരവനുസരിച്ച് സംസ്ഥാനത്തിന് അനുവദിച്ച 30 ടിഎംസി ജലം സാങ്കേതിക തടസ്സങ്ങളും സർക്കാരിന്റെ മെല്ലെപ്പോക്കും കാരണമാണു നഷ്ടപ്പെടുന്നത്. കേരളത്തിനു ലഭിച്ച വിഹിതം ഉപയേ‍ാഗിക്കാനുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതു വരെ വെള്ളം തമിഴ്നാടിന് എടുക്കാമെന്നു വ്യവസ്ഥയുണ്ട്.

കേരളത്തിന്റെ പദ്ധതികൾ സമ്മർദ്ദത്തിലൂടെ പരമാവധി വൈകിപ്പിക്കാനാണു തമിഴ്നാട് ശ്രമിക്കുന്നതെന്നും അട്ടപ്പാടി പദ്ധതി ഉൾപ്പെടെ എതിർക്കുന്നതിനു കാരണം ഇതാണെന്നും വിലയിരുത്തപ്പെടുന്നു.

തമിഴ്നാടിന് അനുകൂലമായ വ്യവസ്ഥ ഒഴിവാക്കാൻ കേരളം പിന്നീടു ശ്രമിച്ചതുമില്ല.
ബാണാസുരസാഗർ, കാരാപ്പുഴ ജലപദ്ധതികളിലായി ശരാശരി രണ്ടര ടിഎംസി വെള്ളം മാത്രമാണ് കേരളം ഉപയേ‍ാഗിക്കുന്നത്.‌ പാമ്പാർ, നൂൽപ്പുഴ, കല്ലമ്പാരി, അട്ടപ്പാടി, കബനി എന്നിവിടങ്ങളിൽ ആവിഷ്കരിച്ച പദ്ധതികൾ തമിഴ്നാടിന്റെ സമ്മർദ്ദവും സ്വാധീനവും കാരണം നടപ്പാക്കാനായില്ല.

ചിലയിടത്ത് വനംവകുപ്പിന്റെ നീക്കങ്ങളും തടസ്സമായി. അട്ടപ്പാടി പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന അനുമതി തമിഴ്നാടിന്റെ സമ്മർദ്ദത്തിനു വഴങ്ങി കേന്ദ്രം പിന്നീട് മരവിപ്പിച്ചു.
ഭവാനിയിലെ തടയണയ്ക്കെതിരെ സുപ്രീം കേ‍ാടതിയെ സമീപിച്ചു. കാവേരി നദിയിലെ മെ‍ാത്തം ജലത്തിൽ 147 ടിംഎസി കേരളത്തിന്റെ സംഭാവനയായതിനാൽ നിയമപരമായി 99.8 ടിഎംസിയാണ് ചേ‍ാദിച്ചതെങ്കിലും ആവശ്യം തെളിയിക്കാനും സമ്മർദം ചെലുത്താനും സാധിക്കാത്തതിനാൽ വിഹിതം കുറഞ്ഞു.

കാവേരിയുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ നിയമ, രാഷ്ട്രീയ നീക്കങ്ങളിലെ‍ാന്നും കേരളം വിഷയം ശക്തമായി ഉന്നയിച്ചില്ല. ട്രൈബ്യൂണൽ വിധിയനുസരി‍ച്ച് കർണാടകയിൽ നിന്നുള്ള വിഹിതം മുഴുവൻ ലഭിക്കാൻ നിയമ, രാഷ്ട്രീയ പേ‍ാരാട്ടം നടത്തുന്ന തമിഴ്നാട്, കാവേരി നദീജലബേ‍ാർഡ് രൂപീകരിക്കുന്നതുവരെ വിഹിതം ഉപയേ‍ാഗിക്കാൻ കേരളത്തിന് അർഹതയില്ലെന്ന വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.

കേന്ദ്രജലബേ‍ാർഡിലും കേരളത്തിനു പ്രതിനിധികളില്ലാത്തത് പ്രശ്നം അവതരിപ്പിക്കാൻ തടസ്സമായി അധികൃതർ പറയുന്നു.

കാവേരിയ‍ുടെ ഒഴുക്ക് ഇങ്ങനെ

(വെള്ളം ടിഎംസി അടിയിൽ)
കാവേരിയിലെ മെ‍ാത്തം ജലം – 740
പരിസ്ഥിതി സംരക്ഷണത്തിന് നിലനിർത്തേണ്ടത് – 10
കടലിലേയ്ക്ക് ഒഴുകുന്നത് – 4
തമിഴ്നാടിന് ലഭിച്ചത് – 419
കർണാടക – 270
കേരളം – 30
പുതുച്ചേരി– ഏഴ്