സരസ്വതി കുഞ്ഞുകൃഷ്ണൻ അന്തരിച്ചു

sara

കൊല്ലം ∙ കൊല്ലം ഡിസിസി മുൻ പ്രസിഡന്റും തിരുവതാംകൂർദേവസ്വം ബോർഡ് മുൻ അംഗവുമായിരുന്ന സരസ്വതി കുഞ്ഞുകൃഷ്ണൻ (92) അന്തരിച്ചു. കരുനാഗപ്പള്ളി മുൻ എംഎൽഎ പരേതനായ കളങ്ങര കുഞ്ഞുകൃഷ്ണന്റെ ഭാര്യയാണ്. ഇന്നലെ പുലർച്ചെ 5.30നു ഹൈസ്കൂൾ ജംക്‌ഷനു സമീപമുള്ള കളങ്ങര ഹൗസിലായിരുന്നു അന്ത്യം.

സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു വൈകിട്ടു നാലിനു ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വച്ചശേഷം ആറിനു വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ 11നു മുളങ്കാടകം ശ്മശാനത്തിൽ.സരസ്വതി കുഞ്ഞുകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന്  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  എല്ലാ ഓഫിസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

കാർത്തികപ്പള്ളി ചിങ്ങോലി പാലപ്ര കുടുംബാംഗമായ സരസ്വതി, ഭർത്താവിന്റെ മരണശേഷമാണ് പൊതുരംഗത്ത് എത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരിക്കെ 1974ൽ കുഞ്ഞുകൃഷ്ണൻ മരിച്ച ഒഴിവിൽ സരസ്വതി ദേവസ്വം ബോർഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1982ൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡിസിസി പ്രസിഡന്റായി കൊല്ലം ഡിസിസിയുടെ ചുമതലയേറ്റു. 1985ലെ ഉപതിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1986ൽ വീണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി. 1989ൽ കേരള ഫോറസ്ട്രി ബോർഡ് ഭരണസമിതി അധ്യക്ഷയും 1994ൽ സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറിയുമായി.മക്കൾ: കെ.അനിൽ (റിട്ട. ജോയിന്റ് ജനറൽ മാനേജർ, കെഎംഎംഎൽ), കെ.മിനി (മുംബൈ), ഡോ.കെ.നീത (കിംസ് ആശുപത്രി, ബഹ്റൈൻ). മരുമക്കൾ: എസ്.ജെ.ഷീബ (കോട്ടക് മഹീന്ദ്ര ബാങ്ക്, പത്തനംതിട്ട), രമേശ് പത്മനാഭൻ (ബിസിനസ്, മുംബൈ), ഡോ.രവി ശ്രീനിവാസൻ (കിംസ് ആശുപത്രി, ബഹ്റൈൻ).

എ.കെ.ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.