കാക്കനാട് ∙ പുതിയ കാർ വാങ്ങുന്നവർ സൂക്ഷിക്കുക. ഉപയോഗിച്ച കാർ പുത്തനെന്ന വ്യാജേനെ ചില ഡീലർമാർ വിൽപന നടത്തുന്നതായി മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കൊച്ചിയിലെ ഷോറൂമിൽ നിന്നു കോട്ടയത്തേക്കു കൊണ്ടുപോകുകയായിരുന്ന റജിസ്റ്റർ ചെയ്യാത്ത കാർ സ്പീഡോ മീറ്റർ വിച്ഛേദിച്ച നിലയിൽ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു.
ഷോറൂമിൽ നിന്നാണ് സ്പീഡോ മീറ്റർ വിച്ഛേദിച്ചതെന്നു ഡ്രൈവർ മൊഴി നൽകി. എത്ര ദൂരം ഓടിച്ചാലും മീറ്ററിൽ കാണില്ലെന്നിരിക്കേ കാർ തിരികെ കൊണ്ടുവന്നു ഷോറൂമിൽ പുത്തൻ കാറായി തന്നെ വിൽപനയ്ക്കു വയ്ക്കുകയാണു ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ഷെഫീഖ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ എന്നിവരാണു പടമുകളിലെ വാഹന പരിശോധനയ്ക്കിടെ പുതിയ കാർ പിടികൂടിയത്. കാർ കോട്ടയത്തു പ്രദർശനത്തിനു കൊണ്ടു പോകുകയായിരുന്നുവെന്നാണു ഡ്രൈവർ നൽകിയ മൊഴി.
ദൂരെ സ്ഥലങ്ങളിലേക്കു പ്രദർശനത്തിനും മറ്റും കൊണ്ടുപോകുന്ന കാറുകൾ ഡീലറുടെ പേരിൽ റജിസ്റ്റർ ചെയ്യണമെന്നാണു ചട്ടം. പിന്നീട് സെക്കൻഡ് ഹാൻഡ് വാഹനമായേ ഇതു വിൽക്കാനാകു. അടുത്തുള്ള സ്ഥലങ്ങളിലേക്കാണെങ്കിൽ ഡീലറുടെ ട്രേഡ് സർട്ടിഫിക്കറ്റ് മതി. വളരെ കുറച്ചു കിലോമീറ്ററേ ഓടൂവെന്നതിനാൽ ഇവ ഷോറൂമിൽ തിരിച്ചെത്തിച്ചു വിൽപന നടത്തുകയും ചെയ്യാം.
ദൂരെ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്ന ഷോറൂം വാഹനങ്ങളുടെ സ്പീഡോ മീറ്റർ വിച്ഛേദിക്കുന്നത് ഉപയോക്താക്കളെ കബളിപ്പിച്ചു വീണ്ടും ഷോറൂമിൽ കൊണ്ടുവന്നു വാഹനം വിൽക്കാനാണെന്നു ബോധ്യമായതിനാലാണ് വാഹനം പിടികൂടിയതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പനി അധികൃതരെ വിളിച്ചുവരുത്തും.
പ്രദർശന വാഹനങ്ങൾ ഡീലർമാർക്കു റജിസ്റ്റർ ചെയ്യാനായി കമ്പനികൾ പണം നൽകുന്നുണ്ടോ തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പുതിയ കാറുകളിൽ ചിപ്പ് അടിസ്ഥാനമാക്കിയാണു സ്പീഡോ മീറ്റർ പ്രവർത്തനം. ചിപ്പ് അഴിച്ചു മാറ്റിയാണ് കൃത്രിമം കാണിക്കുന്നത്.
സാങ്കേതിക വിദഗ്ധർക്കു മാത്രമേ ഇത് കണ്ടെത്താൻ കഴിയൂ. പുതിയ വാഹനങ്ങൾ വാങ്ങാനെത്തുന്നവർ പറ്റിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.