കൊച്ചി∙ സിനിമാ സംവിധായകനും മാക്ട ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും വീട്ടിൽനിന്ന് ഇറക്കിവിട്ട ബാങ്ക് മാനേജരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിളിച്ചു വരുത്തും. സ്വകാര്യ ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് ഈ മാസം 26ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന ക്യാംപ് കോടതിയിൽ നേരിട്ടു ഹാജരാകാനാണു കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടത്. ബൈജു കൊട്ടാരക്കരയും അദ്ദേഹത്തിന്റെ മകളും സമർപ്പിച്ച പരാതികളിലാണ് ഉത്തരവ്.
തന്റെ പേരിൽ വരാപ്പുഴയിലുള്ള വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ മക്കളുടെ പേരിലേക്കു കോടതി ഉത്തരവ് പ്രകാരം മാറ്റിയിരുന്നു. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വത്താണ് ഇത്. ഇക്കഴിഞ്ഞ ഏപ്രിൽ 26നു മക്കൾ പഠന പരിശീലനത്തിന്റെ ഭാഗമായി കോട്ടയത്തായിരിക്കുമ്പോൾ വീട് കുത്തിത്തുറന്നു ബാങ്ക് വനിതാ മാനേജരും പുരുഷ ജീവനക്കാരനും ചേർന്നു പുതിയ താക്കോലിട്ടു പൂട്ടിയതായി പരാതിയിൽ പറയുന്നു.
ഏപ്രിൽ 29നു വീട്ടിൽ മടങ്ങിയെത്തിയ കുട്ടികളാണ് ഇക്കാര്യം ആദ്യം കണ്ടത്. ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ വീട്ടിലെത്തിയപ്പോൾ ബാങ്ക് നിയോഗിച്ച കാവൽക്കാരനും മാനേജരും വീടിനു മുമ്പിലുണ്ടായിരുന്നു. വീട് ബാങ്ക് ജപ്തി ചെയ്തു എന്നാണു മാനേജർ കുട്ടികളെ അറിയിച്ചത്. തങ്ങൾക്കു തൽക്കാലം താമസിക്കാൻ മറ്റൊരു സ്ഥലമില്ലെന്നു പറഞ്ഞപ്പോൾ ജപ്തിക്കായി ബാങ്ക് നിയോഗിച്ചിരിക്കുന്ന ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നു ഭീഷണിപ്പെടുത്തി. ഇതെല്ലാം കണ്ടു മകൾ തളർന്നു വീണു. സഭ്യമല്ലാത്ത ഭാഷയിൽ മാനേജരും ജീവനക്കാരനും സംസാരിച്ചതായും പരാതിയിൽ പറയുന്നു.
ഒറ്റയ്ക്കു താമസിക്കുന്ന മക്കൾക്കോ തനിക്കോ സംസാരിക്കാൻ പോലും ഒരവസരം ബാങ്ക് മാനേജരും ജീവനക്കാരനും നൽകിയില്ലെന്ന് ബൈജു കൊട്ടാരക്കര പരാതിയിൽ പറഞ്ഞു.
പരാതി സത്യമാണെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നടപടിക്രമത്തിൽ നിരീക്ഷിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീടു കുത്തിപൊട്ടിച്ചു പുതിയ താക്കോലിട്ടു പൂട്ടിയതു മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ബാങ്ക് ശാഖാ മാനേജർ മേയ് 26നു നടക്കുന്ന സിറ്റിങ്ങിൽ വിശദീകരണം സമർപ്പിക്കണം.
അതേസമയം, ലോൺ തിരിച്ചടവു മുടങ്ങിയതിനാലാണു വീട് ജപ്തി ചെയ്തതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു ജപ്തി. ലോൺ അടയ്ക്കണമെന്നു നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും അവർ അനുസരിച്ചില്ല. ജപ്തി ചെയ്യുന്ന സമയം, പ്രാദേശിക പൊലീസ് സംഘവും റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു അപ്പോൾ. മാസങ്ങളായി ആ വീട്ടിൽ ആരും താമസിക്കുന്നില്ലായിരുന്നുവെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.