ഹൈദരാബാദ് ∙ ബോളർമാർ അരങ്ങുതകർത്ത ഐപിഎൽ കലാശപ്പോരിൽ പുണെ സൂപ്പർ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യൻസിന് കിരീടം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മൽസരത്തിൽ, 129 റൺസെന്ന താരതമ്യേന ദുർബലമായ സ്കോർ പ്രതിരോധിച്ചാണ് മുംബൈ മൂന്നാം കിരീടത്തിലേക്കെത്തിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും, നാലു വിക്കറ്റ് ബാക്കിയുണ്ടായിട്ടും പുണെയുടെ പോരാട്ടം 20 ഓവറിൽ 128 റൺസിലൊതുക്കിയാണ് മുംബൈ ആവേശജയം നേടിയത്. ഒന്നാം ക്വാളിഫയറിൽ ഉൾപ്പെടെ സീസണിൽ മൂന്നു തവണയും മുംബൈയെ മറികടന്ന പുണെയ്ക്ക്, നാലാം മുഖാമുഖത്തിൽ തലനാരിഴയ്ക്ക് വിജയം നഷ്ടമായി. കിരീടവും!
നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചൽ ജോൺസൻ, നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തിൽ നിർണായകമായി. വിക്കറ്റ് നേടിയില്ലെങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്കിയ മലിംഗ, ക്രുനാൽ പാണ്ഡ്യ, കാൺ ശർമ എന്നിവരും ടീമിന്റെ വിജയത്തിലേക്ക് നിർണായക സംഭാവനകൾ നൽകി. അതേസമയം, ഒരറ്റത്തു വിക്കറ്റുകൾ കൊഴിയുമ്പോഴും അർധസെഞ്ചുറിയുമായി പൊരുതിയ പുണെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ (50 പന്തിൽ 51) ഇന്നിങ്സ് നിഷ്ഫലമായി. ടീമിന്റെ കൂട്ടത്തകർച്ചയ്ക്കിടയിലും മികച്ച ബാറ്റിങ് കാഴ്ചവച്ച മുംബൈ താരം ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ കേമൻ. ഗുജറാത്തിന്റെ മലയാളി താരം ബേസിൽ തമ്പി ഐപിഎൽ പത്താം സീസണിലെ ‘എമേർജിങ് പ്ലയറായി’ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിനും അഭിമാനകരമായി.
ആവേശത്തിന്റെ അവസാന ഓവർ
ആവേശം ആകാശം തൊട്ട ഫൈനൽ പോരിന്റെ ക്ലൈമാക്സ് ഇങ്ങനെ: മിച്ചൽ ജോൺസനെറിഞ്ഞ അവസാന ഓവറിൽ പുണെയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 11 റൺസ്. അർധസെഞ്ചുറിയുമായി പുണെയുടെ പോരാട്ടം നയിക്കുന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മികച്ച ഫോമിലുള്ള മനോജ് തിവാരിയും ക്രീസിൽ നിൽക്കെ പുണെയ്ക്ക് വിജയം ഉറപ്പെന്നു കരുതിയ നിമിഷങ്ങൾ. അവസാന ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ തിവാരി ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.
എന്നാൽ, രണ്ടാം പന്തിൽ തിവാരിയേയും മൂന്നാം പന്തിൽ സ്മിത്തിനെയും മടക്കിയ മിച്ചൽ ജോൺസൻ മൽസരത്തിന് വഴിത്തിരിവുണ്ടാക്കി. നാലാം പന്തു നേരിട്ട വാഷിങ്ടൻ സുന്ദറിന് പന്തിൽ തൊടാനായില്ലെങ്കിലും ഒറു റൺ ഓടിയെടുത്തു. അഞ്ചാം പന്തിൽ ഡാൻ ക്രിസ്റ്റ്യൻ നൽകിയ ക്യാച്ച് അവസരം ഹാർദിക് പാണ്ഡ്യ കൈവിട്ടതോടെ പുണെയ്ക്ക് രണ്ടു റൺസുകൂടി.
ഇതോടെ, അവസാന പന്തിൽ പുണെയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റൺസ്. മൽസരം ടൈ ആക്കാൻ മൂന്നു റൺസ്. പന്തു നേരിട്ട ഡാൻ ക്രിസ്റ്റ്യന് അവസാന പന്തിൽ നേടാനായത് രണ്ടു റൺസ് മാത്രം. മൂന്നാം റണ്ണിനുള്ള ശ്രമത്തിൽ ക്രിസ്റ്റ്യൻ റണ്ണൗട്ടാവുകയും ചെയ്തു. ഫലം, ഒരു റണ്ണിന്റെ ആവേശജയവുമായി മുംബൈ മൂന്നാം വട്ടവും ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു.
ഇഴഞ്ഞിഴഞ്ഞ് പുണെ ഇന്നിങ്സ്
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയെ പുണെ ബോളർമാർ വരിഞ്ഞുമുറുക്കിയതോടെ ഇത് പുണെയുടെ ദിനമാണെന്ന തോന്നലുയർന്നതാണ്. ജയ്ദേവ് ഉനദ്ഘട് പുണെയ്ക്കായി തുടങ്ങിവച്ച വിക്കറ്റ് വേട്ട ഡാൻ ക്രിസ്റ്റ്യൻ, ആദം സാംപ എന്നിവരും ഏറ്റെടുത്തതോടെ നിശ്ചിത 20 ഓവറിൽ മുംബൈയ്ക്ക് നേടാനായത് 129 റൺസ് മാത്രം. അനായാസം പുണെ വിജയത്തിലെത്തുമെന്ന് കരുതിയിരിക്കെ, പുണെ ബാറ്റ്സ്മാൻമാരെ വരിഞ്ഞുകെട്ടിയ മുംബൈ ബോളർമാർ മൽസരത്തിന് അപ്രതീക്ഷിത വഴിത്തിരിവ് സമ്മാനിക്കുകയായിരുന്നു.
50 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്സും സഹിതം 50 റൺസെടുത്ത സ്റ്റീവ് സ്മിത്തും, 38 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 44 റൺസെടുത്ത രഹാനെയും പുണെയെ വിജയത്തിനടുത്തെത്തിച്ചതാണ്. എന്നാൽ, റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട രാഹുൽ ത്രിപാഠി (എട്ടു പന്തിൽ മൂന്ന്), ധോണി (13 പന്തിൽ 10), മനോജ് തിവാരി (എട്ടു പന്തിൽ ഏഴ്) എന്നിവരുടെ മെല്ലെപ്പോക്ക് പുണെയെ തോൽവിയിലേക്കു വലിച്ചിടുകയായിരുന്നു. രണ്ടു പന്തിൽ നാലു റൺസെടുത്ത ഡാൻ ക്രിസ്റ്റ്യനാകട്ടെ, അവസാന പന്തിൽ റണ്ണൗട്ടായി.
ടോസിൽ ഭാഗ്യം മുംബൈയ്ക്ക്
ഇതുവരെ നടന്ന ഒൻപത് ഐപിഎൽ ഫൈനലുകളിൽ ആറു തവണയും ആദ്യം ബാറ്റു ചെയ്ത ടീമാണ് വിജയിച്ചതെന്ന ചരിത്രത്തെ കൂട്ടുപിടിച്ച് ഇന്നിങ്സ് ആരംഭിച്ച മുംബൈയ്ക്ക് തുടക്കം തൊട്ടേ ബാറ്റിങ്ങിൽ താളം കണ്ടെത്താനായില്ല. ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്ന് തോന്നിച്ച മുംബൈ ഇന്നിങ്സിന്, എട്ടാം വിക്കറ്റിൽ ക്രുനാൽ പാണ്ഡ്യ–മിച്ചൽ ജോൺസൻ സഖ്യം നേടിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് തുണയായത്. 5.5 ഓവർ ക്രീസിൽ നിന്ന ഇരുവരും അവസാന ഓവറുകളിൽ നടത്തിയ ചെറുത്തുനിൽപ്പാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് ക്ഷമയോടെ കളിച്ച ക്രുനാൽ പാണ്ഡ്യയാണ് (38 പന്തിൽ 47, 3x4, 2x6) മുംബൈയുടെ ടോപ്സ്കോറർ. ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്തായ ക്രുനാലിന്, അർഹമായ അർധസെഞ്ചുറി തലനാരിഴയ്ക്കാണ് നഷ്ടമായത്. ജോൺസൻ 13 പന്തിൽ 12 റൺസെടുത്ത് പുറത്താകാതെ നിന്നു. പുണെയ്ക്കായി ഉനദ്ഘട്, സാംപ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
മുംബൈയെ വരിഞ്ഞുമുറുക്കി പുണെ
മുംബൈ ഓപ്പണർമാരെ മൂന്നാം ഓവറിൽ പുറത്താക്കിയ ഉനദ്ഘട് പുണെയ്ക്ക് സമ്മാനിച്ചത് ആവേശോജ്വല തുടക്കം. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ പാർഥിവ് പട്ടേലിനെ ഷാർദുൽ താക്കൂറിന്റെ കൈകളിലെത്തിച്ച ഉനദ്ഘട്, മൂന്നാം പന്തിൽ ലെൻഡ്‌ൽ സിമ്മൺസിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ മടക്കി. ഇതോടെ രണ്ടു വിക്കറ്റിന് എട്ടു റൺസ് എന്ന നിലയിലായി മുംബൈ. ലോക്കി ഫെർഗൂസൺ എറിഞ്ഞ ആറാം ഓവറിൽ നാല് ബൗണ്ടറികൾ കണ്ടെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈയെ മൽസരത്തിലേക്കു മടക്കിക്കൊണ്ടുവന്നെങ്കിലും, എട്ടാം ഓവറിന്റെ രണ്ടാം പന്തിൽ സ്റ്റീവ് സ്മിത്തിന്റെ നേരിട്ടുള്ള ഏറിൽ അമ്പാട്ടി റായിഡുവും കൂടാരം കയറിയതോടെ മുംബൈ വീണ്ടും തകർന്നു. 15 പന്തിൽ 12 റൺസായിരുന്നു പുറത്താകുമ്പോൾ റായിഡുവിന്റെ സമ്പാദ്യം.
11–ാം ഓവറിൽ ഇരട്ടുവിക്കറ്റുമായി ആദം സാംപയും വരവറിയിച്ചതോടെ മുംബൈ പരുങ്ങി. ആദ്യ പന്തിൽ രോഹിത് ശർമയെ (22 പന്തിൽ 24) മടക്കിയ സാംപ, അവസാന ഓവറിൽ പൊള്ളാർഡിനെയും (മൂന്നു പന്തിൽ ഏഴ്) പുറത്താക്കി. 14–ാം ഓവറിൽ ഹാർദിക് പാണ്ഡ്യയെ ഡാൻ ക്രിസ്റ്റ്യൻ എൽബിയിൽ കുരുക്കിയതോടെ പുണെ പിടി മുറുക്കി. ഒൻപതു പന്തിൽ 10 റൺസായിരുന്നു ഹാർദികിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ അനാവശ്യ റണ്ണൗട്ടിലൂടെ കാൺ ശർമയും (അഞ്ചു പന്തിൽ ഒന്ന്) മടങ്ങി. തുടർന്നായിരുന്നു മുംബൈയെ താങ്ങിനിർത്തിയ ജോൺസൻ–ക്രുനാൽ കൂട്ടുകെട്ടിന്റെ തുടക്കം. 5.5 ഓവർ ക്രീസിൽ നിന്ന ഇരുവരും ഇന്നിങ്സിലെ ഏക അർധസെഞ്ചുറി കൂട്ടുകെട്ടും കണ്ടെത്തി.