ബെയ്ജിങ് ∙ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയുടെ റെക്കോർഡു തകർത്ത് ഇന്ത്യ ഒന്നാമതെത്തിയെന്ന് വിസ്കോൺസിൻ മാഡിസൺ സർവകലാശാലയിലെ ജനസംഖ്യാ ഗവേഷകൻ യീ ഫോക്സിയാൻ. ചൈനയുടെ 'യഥാർഥ' കണക്കു പരിഗണിക്കുമ്പോഴാണ് ഇന്ത്യ മുന്നിലെത്തുന്നത്. 26 വർഷമായി പെരുപ്പിച്ച കണക്കാണു ചൈനീസ് അധികൃതർ പ്രചരിപ്പിച്ചിരുന്നത്. ചൈനയിൽ 138 കോടി ജനമുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഇതു തെറ്റാണ്, 129 കോടിയാണ് യഥാർഥ കണക്ക്. ഇന്ത്യയുടെ ജനസംഖ്യ 132 കോടിയായെന്നും ഫോക്സിയാൻ വ്യക്തമാക്കി.
ബെയ്ജിങ്ങിലെ സമ്മേളനത്തിലാണ് ചൈനയുടെ ജനസംഖ്യയെക്കുറിച്ച് യീ ഫോക്സിയാൻ വിശദീകരിച്ചത്. ലോകബാങ്കിന്റെ 2015ലെ കണക്കനുസരിച്ചു ചൈനയിൽ 137 കോടിയും ഇന്ത്യയിൽ 131 കോടിയുമാണ് ജനസംഖ്യ. എന്നാൽ ഐക്യരാഷ്ട്ര സഭ 2016 ജൂലൈയിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 132 കോടിയാണ്.
ഒരുകുട്ടി നയം തുടങ്ങിയ ജനസംഖ്യാ നിയന്ത്രണങ്ങളാണ് ചൈനയുടെ ജനപ്പെരുപ്പം കുറച്ചത്. വലിയ ജനസംഖ്യയാണ് ചൈനയുടെ പ്രധാന പ്രശ്നമെന്നും ഫോക്സിയാൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലോടെ ഇരുരാജ്യങ്ങളിലെയും ജനസംഖ്യയെക്കുറിച്ച് ചർച്ചകളും വിവാദങ്ങളും ആരംഭിച്ചു. ചൈനയിലെ ഹുവാൻ പ്രവിശ്യയിൽ ജനിച്ച ഫോക്സിയാൻ 1999 മുതൽ അമേരിക്കയിലാണ്. ചൈനയുടെ കുടുംബാസൂത്രണ നയങ്ങളെ ശക്തമായി വിമർശിക്കുന്നയാളാണ്.
യീ ഫോക്സിയാനു രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും കണക്കുകൾ അശാസ്ത്രീയമാണെന്നും കാലിഫോർണിയ സർവകലാശാലയിലെ ജനസംഖ്യാശാസ്ത്രജ്ഞൻ വാങ് ഫെങ് ആരോപിച്ചു. ചൈനീസ് സർക്കാർ പറയുന്ന കണക്കാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചൈനയാണ് ഇപ്പോൾ ജനസംഖ്യയിൽ മുന്നിലെന്നും എന്നാൽ 2025 ഓടെ ഇന്ത്യ ഒന്നാമതെത്തിയേക്കുമെന്നും മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനസംഖ്യാഗവേഷകൻ ലൗശ്രാം സിങ് പറഞ്ഞു. വിവാദത്തെപ്പറ്റി ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.