കൊച്ചിയിൽ ബോട്ടിലിടിച്ച പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും

പാനമ കപ്പലിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

കൊച്ചി ∙ കൊച്ചിയിൽ മൽസ്യബന്ധന ബോട്ടിൽ ഇടിച്ച് രണ്ടു പേരുടെ ജീവൻ നഷ്ടമാവുകയും ഒരാളെ കാണാതാവുകയും ചെയ്ത അപകടത്തിന് കാരണമായ പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും. ശാസ്ത്രീയ പരിശോധന നടത്തണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കണം. അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചതായി ഷിപ്പിങ് മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ അജിത്കുമാര്‍ സുകുമാരന്‍ കൊച്ചിയില്‍  പറഞ്ഞു.

ബോട്ടിലിടിച്ച കപ്പല്‍ പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ ആംബര്‍ തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം. കപ്പലില്‍ നിന്ന് വിഡിആര്‍ അഥവാ വോയേജ് ഡാറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാവും. ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കു പുറമേ, നാവികസേന, തീരസംരക്ഷണ സേന, കസ്റ്റംസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ മെര്‍ക്കന്‍റൈല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ പ്രതിനിധികളും അന്വേഷണ സംഘത്തിലുണ്ട്. 

ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. ഇന്നലെ കപ്പൽ സന്ദർശിച്ചുവെന്നും ജീവനക്കാർ സഹകരണത്തോടെയാണ് പെരുമാറുന്നതെന്നും അജിത്കുമാര്‍ സുകുമാരൻ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ആവശ്യമായ രേഖകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി പറഞ്ഞിട്ടില്ല. കോടതിയുടെ നിർദേശം അനുസരിച്ച്മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂവെന്നും ഷിപ്പിങ് മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.