ലെസ്റ്റർ ∙ വനിതാ ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലു കളികൾ ജയിച്ചെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു വൻ തോൽവി വഴങ്ങി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 274 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 115 റൺസ് അകലെ വീണു. ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യതോൽവിയാണിത്. സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒൻപതിന് 273. ഇന്ത്യ 46 ഓവറിൽ 158ന് ഓൾ ഔട്ട്.
ക്യാപ്റ്റൻ ഡെയ്ൻ വാൻ നീകെർക്കിന്റെ ഓൾറൗണ്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കു വിജയമൊരുക്കിയത്. 66 പന്തിൽ 57 റൺസുമായി ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് പടുത്തുയർത്തിയ നീകെർക്ക്, ഇന്ത്യയുടെ നാലു കളിക്കാരെ പുറത്താക്കി വിജയം അനായാസമാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലിസെല്ല ലീ 65 പന്തിൽ അതിവേഗം 92 റൺസ് നേടി ഇന്നിങ്സിന് അടിത്തറയിടുകയും ചെയ്തു.
അതേസമയം, ഇന്ത്യയുടെ മറുപടി ബാറ്റിങ് തുടക്കംമുതൽ ഉലഞ്ഞു. 17 ഓവറിൽ ആറിന് 56 എന്ന അവസ്ഥയിൽ കുഴങ്ങിയ ഇന്ത്യയെ നാണക്കേടിൽനിന്നു രക്ഷിച്ചത് ക്ഷമാപൂർവം ബാറ്റ് ചെയ്ത ദീപ്തി സിങ് ആണ്. 111 പന്തിൽ 60 റൺസുമായി ദീപ്തി ഇന്ത്യൻ സ്കോർ 150 കടത്തി. ഒൻപതാം വിക്കറ്റിൽ 43 റൺസുമായി പുറത്താകാതെ നിന്ന ജുലൻ ഗോസ്വാമിയായിരുന്നു ദീപ്തിക്കു പിന്തുണ.
തകർപ്പൻ ബാറ്റിങ് പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുൻനിരയുടേത്.