കൈകൊടുത്ത് മോദി–ചിൻ‌പിങ്, ട്രംപ്–പുടിൻ; ജി 20 യോഗം ബാക്കിവയ്ക്കുന്നത്...

ജി 20 ഉച്ചകോടിക്കിടെ സംസാരിച്ചു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയവർ.

ഹാംബുർഗ് (ജർമനി)∙ ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ഉയർത്തിയ ‘കരിനിഴലിൽ’ ആരംഭിച്ച ജി 20 രാജ്യങ്ങളുടെ സമ്മേളനം ജർമനിയിലെ ഹാംബുർഗിൽ അവസാനിച്ചു. ‘പരസ്പരബന്ധിതമായ ലോകത്തിന്റെ രൂപീകരണം’ എന്നതായിരുന്നു ഇത്തവണത്തെ ജി 20 സമ്മേളനത്തിന്റെ വിഷയം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ലോകമാകെ കുഴപ്പത്തിലായിരിക്കുന്ന ഘട്ടത്തിലാണ് പരസ്പര ബന്ധിതമായ ലോകത്തിന്റെ രൂപീകരണം ചർച്ചയായത്. ഭീകരതയെ പ്രതിരോധിക്കൽ, കാലാവസ്ഥാ വ്യതിയാനം, സ്വതന്ത്രവ്യാപാരം തുടങ്ങിയവ യോഗത്തിലെ മുഖ്യ അജൻഡകളായി.

അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തിയതു ശ്രദ്ധേയമായി. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പു മുതൽ വിവാദവിഷയമായതുകൊണ്ടുതന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസി‍ഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ ചർച്ചയും ശ്രദ്ധ നേടി. എന്നാല്‍, കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനു രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഉച്ചകോടി വിശദമായി ചര്‍ച്ച ചെയ്തില്ല.

വിപണി കൂടുതല്‍ തുറന്നതാക്കാനും വ്യാപാര കരാറുകള്‍ ശക്തമാക്കാനും ഉച്ചകോടിയിൽ ധാരണയായി. ആഗോളവല്‍ക്കരണത്തിന്‍റെ ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാവും. വനിതാസംരഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനു നടപടികളുണ്ടാവും. ഭക്ഷ്യസുരക്ഷ ഉറപ്പിക്കാന്‍ കാര്‍ഷികോല്‍പ്പാദനം കൂട്ടും. അഭയാര്‍ഥികളെ സഹായിക്കുന്നതിനു കര്‍മപദ്ധതി തയാറാക്കാനും ഉച്ചകോടി തീരുമാനിച്ചു.

അതിനിടെ, വിജയ് മല്യ അടക്കം ലണ്ടനിലുളള സാമ്പത്തിക കുറ്റവാളികളെ ഉടന്‍ കൈമാറണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയശേഷം ബ്രിട്ടനിൽ കഴിയുന്ന കുറ്റവാളികളെ തിരിച്ചുകിട്ടാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, മദ്യവ്യവസായി വിജയ് മല്യയുടെയും മുൻ ഐപിഎൽ മേധാവി ലളിത് മോദിയുടെയും കാര്യം പ്രത്യേകം പരാമർശിച്ചായിരുന്നോ പ്രധാനമന്ത്രിയുടെ അഭ്യർഥനയെന്നു വിശദീകരിക്കാൻ വിദേശകാര്യവക്താവ് ഗോപാ‍ൽ ബാഗ്‌ലെ വിസമ്മതിച്ചു.

കൈകൊടുത്ത് മോദിയും ചിന്‍പിങ്ങും

അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാവില്ലെന്നു കരുതിയ മോദി–ചിൻപിങ് കൂടിക്കാഴ്ചയും സമ്മേളനത്തെ ശ്രദ്ധേയമാക്കി. ജി–20 സമ്മേളനത്തിനിടെ ബ്രിക്സ് നേതാക്കൾ അനൗദ്യോഗിക യോഗം ചേർന്നപ്പോഴാണു മോദിയും ചിൻപിങ്ങും കൂടിക്കണ്ടത്. ഇരു നേതാക്കളും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുമായി പൂർണമായി സഹകരിക്കുമെന്നു ബ്രിക്സ് യോഗത്തിൽ മോദി പറഞ്ഞു. ചൈനയുടെ അധ്യക്ഷതയ്ക്കു കീഴിൽ ബ്രിക്സ് കൂട്ടായ്മ കൈവരിച്ച ഊർജസ്വലതയെ പ്രശംസിച്ച മോദി, സെപ്റ്റംബറിൽ ചൈന ആതിഥ്യം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു.

ചൈന അധ്യക്ഷപദവി ഏറ്റെടുക്കും മുൻപ് ഇന്ത്യ അധ്യക്ഷത വഹിച്ചപ്പോഴും ബ്രിക്സ് കൂട്ടായ്മ മികച്ച രീതിയിൽ മുന്നോട്ടുപോയെന്നു യോഗത്തിൽ ചൈനീസ് പ്രസിഡന്റ് പറഞ്ഞു. പ്രാദേശിക തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നു മാത്രം പറഞ്ഞ ചിൻപിങ് ഇന്ത്യയും ചൈനയും ഭൂട്ടാനും അതിർത്തി പങ്കിടുന്ന ദോക്‌‌ലാമിലെ സംഘർഷാവസ്ഥയെപ്പറ്റി പക്ഷേ, മൗനംപാലിച്ചു.

മോദിയും ചിൻപിങ്ങും ഉൾപ്പെടുന്ന ഫോട്ടോ എല്ലാം വെളിപ്പെടുത്തുന്നതായി വിദേശകാര്യ വകുപ്പിന്റെ വക്താവ് ഗോപാൽ ബാഗ്‌ലെ പിന്നീടു പ്രതികരിച്ചതു ശ്രദ്ധേയമായി. ഇരു നേതാക്കളും ചിരിച്ചുനിൽക്കുന്നതു മഞ്ഞുരുകുന്നതിന്റെ സൂചനയാണോ എന്ന ചോദ്യത്തിനു മറുപടിയായാണു ബാഗ്‌ലെ ഇങ്ങനെ പ്രതികരിച്ചത്. ഇരു നേതാക്കളും ‘അനേകം വിഷയങ്ങൾ ചർച്ചചെയ്തു’വെന്ന വെളിപ്പെടുത്തൽ സംബന്ധിച്ചു മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി പുതുതായി ഒന്നും പറയാനില്ലെന്നും നിങ്ങൾക്കു തന്നെ തീരുമാനത്തിലെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രദ്ധ നേടി ട്രംപ്–പുടിൻ കൂടിക്കാഴ്ച

പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണകാലം മുതൽ ട്രംപ്– പുടിൻ ബന്ധം വിവാദ വിഷയമായതുകൊണ്ടുതന്നെ ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയും ഹസ്തദാനവും ജി 20 ഉച്ചകോടിയെ ശ്രദ്ധേയമായി. പുടിനുമായി കൂടിക്കാഴ്ച വലിയ ബഹുമതിയാണെന്നു ട്രംപ് പറഞ്ഞപ്പോൾ, പുടിനും അതേ സന്തോഷം പങ്കുവച്ചു. ഈ ചർച്ച ഒരു തുടക്കമാണെന്നും അമേരിക്കയുടെയും റഷ്യയുടെയും ക്ഷേമത്തിനുള്ള നല്ല കാര്യങ്ങൾക്കായി കാത്തിരിക്കുന്നെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മെക്സിക്കോ പ്രസിഡന്റ് എൻറിക് പേനിയ നിയത്തോയുമായും ട്രംപ് ചർച്ച നടത്തി.

ട്രംപും പുടിനും തമ്മിലുള്ള ചർച്ച അനന്തമായി നീണ്ടപ്പോൾ സംസാരം ‘നിർത്തിക്കിട്ടാൻ’ മെലനിയ ട്രംപിനെ മുറിക്കകത്തേക്കു പറഞ്ഞുവിട്ടുവരെ വിഫലശ്രമം നടത്തിയെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൻ പിന്നീട് വെളിപ്പെടുത്തി. ഒരു മണിക്കൂറെന്നു തീരുമാനിച്ചു തുടങ്ങിയ ചർച്ചയാണു രണ്ടു മണിക്കൂർ 15 മിനിട്ട് നീണ്ടുപോയത്.

യുഎസിനോട് വിയോജിച്ച് 19 അംഗങ്ങളും

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യുഎസ് പിന്മാറിയാലും ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്നു ജി 20 സഖ്യത്തിലെ 18 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. വികസിത, വികസ്വര രാഷ്ട്രങ്ങളുടെ പൊതുവേദിയായ ജി20 ഉച്ചകോടി ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു. യുഎസ് തീരുമാനത്തെ അപലപിക്കുന്നുവെന്നും ഉടമ്പടി പുനരവലോകനം ചെയ്യുന്നതിനെക്കുറിച്ച് ഇനി ചർച്ചവേണ്ടെന്ന ബാക്കി രാജ്യങ്ങളുടെ നിലപാടിൽ സന്തോഷമുണ്ടെന്നും ജർമൻ ചാൻസലർ അംഗല മെർക്കൽ പറഞ്ഞു.

എന്നാൽ, ഉടമ്പടിയിലേക്കു യുഎസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഇറക്കുമതിത്തീരുവ ഉൾ‍പ്പെടെ വാണിജ്യരംഗത്തെ ന്യായമല്ലാത്ത എല്ലാ പ്രവണതകളെയും ചെറുക്കാനും നീതിയുക്തമായ നടപടികൾക്കു സംരക്ഷണം നൽകാനും തീരുമാനിച്ചതായി സംയുക്ത പ്രഖ്യാപനത്തിലുണ്ട്. ആഗോള സാമ്പത്തിക വളർച്ചയ്ക്കായി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുമെന്നും ഉറപ്പു നൽകിയാണ് ഉച്ചകോടി സമാപിച്ചത്.

സമ്മേളനത്തിനു സമാന്തരമായി പ്രതിഷേധങ്ങളും

ജിം 20 ഉച്ചകോടിക്കൊപ്പം മുതലാളിത്ത വിരുദ്ധ പ്രവർത്തകർ, പരിസ്ഥിതിവാദികൾ എന്നിവരുൾപ്പെടെ പല സംഘടനകളുടെയും സംഘങ്ങളുടെയും പ്രതിഷേധപ്രകടനങ്ങളും ഹാംബുർഗിൽ സമാന്തരമായി നടന്നു. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് 15,000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചാണ് യോഗം ആരംഭിച്ചതുതന്നെ.

ജി 20 സമ്മേളനം നടക്കുന്ന വേദിക്കു മുന്നിൽ പ്രതിഷേധിച്ചവർ വാഹനങ്ങൾക്കും ബാരിക്കേഡുകൾക്കും തീയിട്ടതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും മുളകുസ്പ്രേയും പ്രയോഗിച്ചു. പ്രക്ഷോഭകർ കനേഡിയൻ പ്രതിനിധികൾ വന്ന വാഹനത്തിന്റെ ടയറുകൾ കുത്തിക്കീറുകയും മംഗോളിയയുടെ കോൺസലേറ്റ് ഓഫിസിന്റെ ജനാലകൾ തകർക്കുകയും ചെയ്തു. മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. ഒരു ലക്ഷത്തിലേറെപ്പേരാണു പ്രതിഷേധവുമായി അണിനിരന്നത്. ചെറിയൊരു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടതെന്നു പൊലീസ് പറഞ്ഞു. ഇരുനൂറോളം പൊലീസുകാർക്കു പരുക്കേറ്റു.

ജി 20

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, കാനഡ, ഓസ്ട്രേലിയ, അർജന്റീന, ഇറ്റലി, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവയാണ് അംഗങ്ങൾ. നരേന്ദ്ര മോദിക്കും ഷി ചിൻപിങ്ങിനും ഡോണൾഡ് ട്രംപിനും പുറമേ വ്ലാഡിമിർ പുടിൻ (റഷ്യ), ഇമ്മാനുവൽ മക്രോ (ഫ്രാൻസ്), തെരേസ മേ (ബ്രിട്ടൻ), തയീപ് എർദോഗൻ (തുർക്കി) തുടങ്ങിയ രാഷ്ട്രത്തലവന്മാർ യോഗത്തിനെത്തി. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ ജന്മനാടായ ഹാംബുർഗിലായിരുന്നു ഇത്തവണത്തെ ജി 20 യോഗം.