കാളയെ വാങ്ങാൻ പണമില്ല; ദരിദ്ര കർഷകന്റെ നിലം ഉഴുന്നത് പെൺമക്കൾ

മധ്യപ്രദേശിൽ പെൺമക്കളെ കൊണ്ട് നിലം ഉഴുകിക്കുന്ന കർഷകൻ.

സെഹോർ (മധ്യപ്രദേശ്)∙ കാളയ്ക്കു പകരം കലപ്പ വലിക്കുന്നത് സ്വന്തം മക്കളായ രാധയും (13) കുന്തിയും (ഒൻപത്)! നിലമുഴാനായി കാളയെ വാങ്ങാൻ പണമില്ലാത്ത സർദാർ ബറേല (42) എന്ന ദരിദ്രകർഷന്റെ അവസ്ഥയാണിത്. ബസ്തൻപുരിലെ പങ്കരി ഗ്രാമത്തിൽ കൃഷി ചെയ്യുന്ന ബറേല രണ്ടു വർഷമായി ഇങ്ങനെയാണ് നിലമുഴുന്നത്.

അച്ഛനും മക്കളും ചേർന്നു നിലമുഴുന്ന വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം ഇളകി. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ബറേലയ്ക്കു ലഭ്യമാക്കുമെന്ന് റവന്യു ഉദ്യോഗസ്ഥൻ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സെഹോർ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ജയിച്ച വിദിശ മണ്ഡലത്തിന്റെ ഭാഗം കൂടിയാണ്.

കാർഷിക വിളകൾക്ക് മെച്ചപ്പെട്ട വില കിട്ടാനും കാർഷിക വായ്പകൾ എഴുതിത്തള്ളാനും വേണ്ടി മധ്യപ്രദേശിലെ കർഷകർ പ്രക്ഷോഭത്തിലാണ്. ഇതിനിടെ, മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാനാവാതെ തേജ്റാം കുർമി (48) എന്ന കർഷകൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. 60 കർഷകരാണ് ഇതുവരെ കടക്കെണിയിൽ പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് കോൺഗ്രസ് വക്താവ് കെ.കെ.മിശ്ര ആരോപിച്ചു.