തിരുവനന്തപുരം ∙ ഇറച്ചിക്കോഴിക്ക് ധനമന്ത്രി ഡോ. തോമസ് ഐസക് നിശ്ചയിച്ച വില തിരുത്തി വ്യാപാരികൾ. കോഴി കിലോയ്ക്ക് 115 രൂപയും കോഴിയിറച്ചിയ്ക്ക് 170 രൂപയും വില നിശ്ചയിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിക്കുകയായിരുന്നു. എന്നാൽ, കോഴിവില വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. വ്യാപാരികളുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിലവർധിപ്പിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും മന്ത്രിയുടെ ഒാഫിസ് പറഞ്ഞു.
ധനമന്ത്രിയുമായി വിലയുടെ കാര്യത്തിൽ ധാരണയിലെത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനാണ് വാർത്താകുറിപ്പിൽ അറിയിച്ചത്. കോഴിയിറച്ചി സ്ഥിരമായി ഒരു വിലയ്ക്ക് തന്നെ വിൽക്കാനാകില്ല. കോഴിയിറച്ചി വിലയുടെ പേരിൽ കോഴിക്കടകൾ ആക്രമിക്കുന്ന സമരങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻവാങ്ങണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു.
കോഴിയ്ക്ക് 87 രൂപയും വെട്ടിനുറുക്കിയ കോഴിയിറച്ചിയ്ക്ക് 158 രൂപയുമാക്കിയാണ് ധനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വില നിശ്ചയിച്ചത്. എന്നാൽ, സ്ഥിരമായ വിലയല്ലെന്നും വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റം വരുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.