തിരുവനന്തപുരം∙ കിഫ്ബി വഴി സംസ്ഥാനത്ത് 3,816 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകള്‍ക്ക് അന്തിമരൂപം. വകുപ്പുകളുടെ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എംഡിമാരും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരും കിഫ്ബി സിഇഒയും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. വനം (100 കോടി രൂപ), ആരോഗ്യം (149), ഐടി (351), മരാമത്ത് (1093), ജലവിഭവം (1257), വൈദ്യുതി (372), വിദ്യാഭ്യാസം (493) എന്നിങ്ങനെയാണ് അടങ്കല്‍. നടപ്പുധനകാര്യ വര്‍ഷത്തില്‍ ഏതാണ്ട് നാല്‍പ്പതിനായിരം കോടിയോളം രൂപയുടെ പദ്ധതികള്‍ക്കു തുടക്കം കുറിക്കാനാകുമെന്നാണ് കരുതുന്നത്.
അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ക്കു ടെൻഡര്‍ വിളിച്ച് കരാറുകാരെ ഏര്‍പ്പാടാക്കിയാല്‍ പണി തീരുന്ന മുറയ്ക്കു കിഫ്ബി ഓണ്‍ലൈനായി പണം അനുവദിക്കും. പ്രോജക്ടിന്‍റെ മോണിറ്ററിങ്ങിനും മേല്‍നോട്ട പരിശോധനയ്ക്കുമുള്ള വ്യവസ്ഥകള്‍ ഈ കരാറിന്‍റെ ഭാഗമായി ഉണ്ട്. ഇവയെല്ലാം ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറുകളും തയാറായിട്ടുണ്ട്. ഓരോ മാസത്തിലും ചുരുങ്ങിയത് 1000 - 1500 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് ഇപ്രകാരം ത്രികക്ഷികരാര്‍ വച്ചു പണി തുടങ്ങാനാകുമെന്നാണു കരുതുന്നത്.
കിഫ്ബി വഴി പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും പൂര്‍ണ്ണമായും പരിഹരിച്ചിട്ടുണ്ട്. പ്രോജക്ടിനു ഭരണാനുമതി നല്‍കേണ്ടതു ബന്ധപ്പെട്ട വകുപ്പാണ്. ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പദ്ധതിയാണെങ്കില്‍ ഇതിനു മറ്റൊരു നടപടിക്രമവും ആവശ്യമില്ല.
പദ്ധതിക്കു ഡിപിആര്‍ തയാറാക്കുകയാണ് അടുത്തഘട്ടം. മരാമത്ത്, ജലസേചനം പോലുള്ള വകുപ്പുകള്‍ക്ക് അവരുടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുതന്നെ വേണമെങ്കില്‍ തയാറാക്കാം. അല്ലെങ്കില്‍ ഈ ചുമതല എസ്പിവിയെ ഏല്‍പ്പിക്കാം. എസ്പിവിക്ക് ഇതിനായി കണ്‍സള്‍ട്ടന്റുമാരെ എടുക്കാവുന്നതാണ്. ഇതിനു വേണ്ടിവരുന്ന ചെലവ് ധനവകുപ്പില്‍ നിന്നു പ്രത്യേകം നല്‍കും. ഇങ്ങനെ തയ്യാറാക്കുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണു നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ കിഫ്ബിക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. കിഫ്ബിയിലെ വിദഗ്ധ പദ്ധതി അവലോകനം നടത്തി പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിന് എസ്പിവിയോട് ആവശ്യപ്പെടും.
ഇത്തരത്തില്‍ പൂര്‍ണ്ണത വരുത്തിയ പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് കിഫ്ബി ബോര്‍ഡ് പരിശോധിച്ച് അംഗീകാരം നല്‍കുന്നത്. 100 കോടിയില്‍ താഴെവരുന്ന ചെറുഘടകങ്ങളുള്ള പ്രോജക്ടുകള്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്കു പരിശോധിച്ച് അംഗീകാരം നല്‍കാന്‍ അധികാരമുണ്ട്. പിന്നീട് ബോര്‍ഡ് അംഗീകരിച്ചാല്‍ മതിയാകും. ബോര്‍ഡ് അംഗീകരിക്കുന്ന പദ്ധതികള്‍ ത്രികക്ഷി കരാര്‍ ഒപ്പിടുന്നതോടെ നിര്‍വഹണത്തിലേക്കു നീങ്ങും. ഇപ്പോള്‍ ഏതാണ്ട് 8,000 കോടി രൂപയുടെ പ്രോജക്ടുകള്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അവസാനവട്ട മിനുക്കു പണികളിലാണ്. ഇവയെല്ലാം രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിര്‍വഹണത്തിലേക്കു നീങ്ങും. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ബാക്കിയുള്ള പദ്ധതികളുടെ ഡിപിആര്‍ തയാറാക്കുന്നതിനുള്ള വേഗത കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഴ്ചതോറും ധനകാര്യ സെക്രട്ടറി തലത്തിലും മന്ത്രി തലത്തിലുമുള്ള ഇതിനുള്ള അവലോകനയോഗങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.