തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി; ഇനി പ്രതിമാസം ഒരു ലക്ഷം

ചെന്നൈ ∙ തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി. നിലവിൽ പ്രതിമാസം 55,000 രൂപയുണ്ടായിരുന്നത് 105,000 രൂപയാക്കിയാണ് ഉയർത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയിൽ നിന്നും 2.5 കോടിയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, രാജ്യസഭയിലെ എംപിമാരുടെ ശമ്പളം ഉയർത്തണമെന്ന് സമാജ്‍വാദി പാർട്ടി എംപി നരേഷ് അഗർവാൾ ആവശ്യപ്പെട്ടു. ഏഴാം ശമ്പള പരിഷ്കരണം വന്നതോടെ തങ്ങളുടെ ശമ്പളം സെക്രട്ടറിമാരേക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തമിഴ്നാട്ടിലെ കർഷകർ പ്രതിസന്ധിയിലായ സമയത്ത് ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിച്ച നടപടിക്കെതിരെ വിമർശനവും ഉയർന്നു. കൂടുതൽ വില ലഭിക്കണമെന്നും കടമെഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ഡൽഹിയിൽ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഇത് പിൻവലിച്ചത്.

തെലങ്കാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് തമിഴ്നാട്ടിലെ നീക്കം. നിലവിൽ തെലങ്കാനയിലാണ് ജനപ്രതിനിധികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് തെലങ്കാനയിലെ എംഎൽഎമാരുടെ ശമ്പളം പ്രതിമാസം 2.5 ലക്ഷമാക്കി ഉയർത്തിയത്. ഡൽഹിയിലെ ജനപ്രതിനിധികൾക്ക് അലവൻസ്, ബില്ലുകൾ എന്നിവ ഉൾപ്പെടെ പ്രതിമാസം 2.1 ലക്ഷമാണ് ശമ്പളം.