കൊച്ചി∙ എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം 11 മുതൽ ചികിൽസയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉഴവൂരിലെ വീട്ടുവളപ്പിൽ. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിജയൻ പ്രഗത്ഭനായ പ്രസംഗകനായിരുന്നു. നർമത്തിലൂടെ ജനത്തെ പിടിച്ചിരുത്താനുള്ള കഴിവ് അദ്ദേഹത്തെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവാക്കി. എൻസിപിക്ക് കേരളത്തിൽ കരുത്താർന്ന നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഉഴവൂർ വിജയൻ.
കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിക്കെതിരെ 2001 ൽ പാലാ മണ്ഡലത്തിൽനിന്നു മൽസരിച്ചതാണ് നേരിട്ട ഏക നിയമസഭാ തിരഞ്ഞെടുപ്പ്. അത്തവണ പരാജയപ്പെട്ടു.
കോൺഗ്രസിന്റെ നയങ്ങളോടുള്ള എതിർപ്പിനെ തുടർന്ന് കോൺഗ്രസ് എസിലേക്കു മാറിയ വിജയൻ മികച്ച സംഘാടകനായി ശ്രദ്ധ നേടി. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എൻസിപിയുടെ തൊഴിലാളി വിഭാഗമായ ഐഎൻഎൽസി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. നിരവധി ട്രേഡ് യൂണിയനുകൾക്ക് നേതൃത്വം നൽകി. സിനിമ, സീരിയൽ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വള്ളിച്ചിറ നെടിയാമറ്റത്തിൽ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ. രമണി സഹോദരിയാണ്.