ജീവിതാവസാനം വരെ ഗാന്ധിയനായിരുന്നു കെ.ഇ. മാമ്മൻ: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം∙ സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയ പ്രസ്ഥാനത്തിന്‍റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മന്‍ എന്ന് പിണറായി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ അടിയുറച്ച അനുയായിയായിരുന്നു അദ്ദേഹം. പ്രായത്തിന്‍റെ അവശതകള്‍ അവഗണിച്ചു സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു മാമ്മന്‍ എന്നും പിണറായി അനുസ്മരിച്ചു.

കെ.ഇ. മാമ്മന്‍ ഒറ്റയാള്‍ പോരാളി: ഉമ്മൻചാണ്ടി

സത്യത്തിനും നീതിക്കും നന്മയ്ക്കും വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ അപൂര്‍വ വ്യക്തിയായിരുന്നു കെ.ഇ. മാമ്മനെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ത്യാഗസുരഭിലമായിരുന്നു ആ ജീവിതം. ഉന്നതകുലജാതനെങ്കിലും സ്വന്തമായി കുടുംബമോ വീടോ സ്വത്തോ അവശേഷിപ്പിക്കാതെയാണ് അദ്ദേഹം കടന്നുപോയത്. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഗാന്ധിജിയെ കൊണ്ടുനടന്നു. മദ്യത്തിനെതിരേയും അക്രമങ്ങള്‍ക്കെതിരേയും സന്ധിയില്ലാതെ പോരാടി. ഇങ്ങനെയൊരാള്‍ കേരളത്തില്‍ ജീവിച്ചിരുന്നോ എന്ന് വരുംതലമുറ അത്ഭുതംകൂറുമെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.