പത്തനംതിട്ടയിൽ ബംഗാൾ സ്വദേശിയുടെ മരണം: കോളറയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

x-default

പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്നു പ്രവേശിപ്പിക്കപ്പെട്ട ബംഗാൾ സ്വദേശിയുടെ മരണം കോളറ മൂലമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജൂലൈ 24നാണു ബംഗാളിലെ കുച്ച് ബിഹാർ സ്വദേശി ബിശ്വജിത് ദാസ് (18) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണു മരണകാരണം കോളറയാണെന്നു പറയുന്നത്.

നിർമാണത്തൊഴിലാളിയായ ബിശ്വജിത് ദാസ് വള്ളിക്കോട് ആയിരുന്നു താമസിച്ചിരുന്നത്. 23ന് രാത്രി 10ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം 24ന് വെളുപ്പിനു മരിച്ചു. ഇദ്ദേഹത്തോടൊപ്പം താമസിക്കുന്ന മറ്റൊരാൾ ബംഗാളിൽനിന്നു കുറച്ചു ദിവസം മുൻപ് മടങ്ങി വന്നിരുന്നു. ഇദ്ദേഹത്തിനു വയറിളക്കം പിടിപെട്ടിരുന്നു. ട്രെയിനിൽനിന്നും വിവിധ സ്റ്റേഷനുകളിൽനിന്നും മറ്റും ഭക്ഷണസാധനങ്ങൾ വാങ്ങി കഴിച്ചതിനെത്തുടർന്നാണ് ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ആ സുഹൃത്തിൽ നിന്നാണു ബിശ്വജിത്തിനു വയറിളക്കം പിടിപെട്ടിരിക്കുക എന്നുംകരുതുന്നു.

സംഭവം കോളറയാണെന്നു സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും പിറ്റേന്നുതന്നെ വള്ളിക്കോട്ടെത്തി വയറിളക്ക രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തതതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ബിശ്വജിത് അടക്കം 14 പേരാണു വള്ളിക്കോട്ടെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോൾ ഇവിടെനിന്നു താമസം മാറി. ഏഴു പേർ കാഞ്ഞിരപ്പള്ളിയിലെ മറ്റൊരു നിർമാണ സ്ഥലത്താണെന്നും ഏഴു പേർ തിരികെ ബംഗാളിലേക്കു പോയതായുമാണു കരാറുകാരൻ അറിയിച്ചിരിക്കുന്നത്.