പട്ന∙ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കാതിരുന്ന മാധ്യമപ്രവർത്തകർ പാക്കിസ്ഥാനിൽനിന്നു വരുന്നവരാണോയെന്ന് ബിഹാറിലെ ബിജെപി മന്ത്രി. പരാമർശം വിവാദമായതിനെത്തുടർന്ന് മന്ത്രി വിനോദ് കുമാർ സിങ് ഖേദം പ്രകടിപ്പിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷൻ നിത്യാനന്ദ റായിയും മന്ത്രിയുടെ പരാമർശത്തിൽ അസംതൃപ്തി രേഖപ്പെടുത്തി. ബിഹാറിലെ മൈൻ, ജിയോളജി വകുപ്പ് മന്ത്രിയാണ് വിനോദ് കുമാർ സിങ്.
പാർട്ടിയുടെ സങ്കൽപ്പ് സമ്മേളൻ അഭിസംബോധന ചെയ്തു സംസാരിക്കവെ ചൊവ്വാഴ്ചയായിരുന്നു മന്ത്രിയുടെ പരാമർശം. കൂടിയിരുന്ന എല്ലാവരോടും ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മാധ്യമപ്രവർത്തകർ മാത്രം മുദ്രാവാക്യം വിളിച്ചില്ല. ഉടൻതന്നെ ഇവരൊക്കെ പാക്കിസ്ഥാന്റെ മക്കളാണോ എന്നായിരുന്നു വിനോദ് കുമാറിന്റെ ചോദ്യം. നമ്മളെല്ലാം ഭാരതത്തിന്റെ മക്കളാണെന്നും പിന്നീടാണ് മാധ്യമപ്രവർത്തകരാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും സംസ്ഥാനത്തെ മറ്റു മന്ത്രിമാരുമുണ്ടായിരുന്നു. നിത്യാനന്ദ റായ് അതൃപ്തി അറിയിച്ചതിനെത്തുടർന്ന് പരിപാടി അവസാനിക്കുന്നതിനു മിനിറ്റുകൾക്കു മുൻപ് മന്ത്രി മാധ്യമപ്രവർത്തകരോട് ഖേദം പ്രകടിപ്പിച്ചു. നാക്കു പിഴവു സംഭവിച്ചതാണെന്നും വികാരഭരിതനായപ്പോൾ സംഭവിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.