അന്ത്യോഖ്യ പാത്രീയർക്കീസുമായി നേരിട്ടു ചർച്ചയ്ക്ക് തയാർ: ഓർത്തഡോക്സ് സഭ

Devalokam_Catholicate_Aramana_
ദേവലോകം കാതോലിക്കേറ്റ് അരമന (ഫയൽ ചിത്രം)

കോട്ടയം ∙ മലങ്കരസഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമെങ്കിൽ അന്ത്യോഖ്യ പാത്രീയർക്കീസുമായി നേരിട്ടു ചർച്ച നടത്തുന്നതിനു സന്നദ്ധരാണെന്ന് ഓർത്തഡോക്സ് സഭ. 1934 ലെ ഭരണഘടനയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ സമാധാനപരമായും നിയമപരമായും സഭയിലെ ഐക്യം പൂർണ്ണമാക്കുവാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം സഭയിലെ എല്ലാ വിശ്വാസികളിലും എത്തിക്കുവാനുതകുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കുവാനും സഭ സുന്നഹദോസ് യോഗം തീരുമാനിച്ചു.

സഭയുടെ ആരാധനാലയങ്ങൾ ഹരിതദേവാലയങ്ങളാക്കി മാറ്റുവാനും പരിസര മലിനീകരണം തടയുവാനും ഊർജ്ജ–ജല സംരക്ഷണ സംരംഭങ്ങൾ സംഘടിപ്പിക്കുവാനും ഇടവകകൾക്കു പരിശീലനം നൽകും. ഉച്ചഭാഷിണികളിലൂടെയുളള ശബ്‌ദമലിനീകരണവും പെരുന്നാളുകൾ, വിവാഹങ്ങൾ എന്നിവയിലെ ധൂർത്തും നിയന്ത്രിക്കും.

വംശീയവും മതപരവും ഭാഷാപരവും രാഷ്‌ട്രീയപരവുമായ അസഹിഷ്‌ണുത വളർന്നുവരുന്ന അപകടകരമായ പ്രവണതയ്‌ക്കെതിരെ ശക്തമായ ബോധവൽക്കരണം  അത്യാവശ്യമാണെന്നു ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് യോഗം അംഗീകരിച്ച പ്രമേയത്തിൽ ആഹ്വാനം ചെയ്‌തു.