തിരുവനന്തപുരം∙ സ്വതന്ത്ര്യദിന പ്രസംഗത്തിൽ നോട്ട് നിരോധനത്തിനുശേഷം തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്കുകളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോടു മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് നിരോധനം നടപ്പിലാക്കി ഒൻപതു മാസം കഴിഞ്ഞിട്ടും ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം തിട്ടപ്പെടുത്തിയിട്ടില്ല എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ പാർലമെന്ററി കമ്മിറ്റി മുമ്പാകെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി ലോക്സഭയിൽ നൽകിയ കണക്കനുസരിച്ചു വെറും 18,529 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് രമേശ് ചെന്നിത്തലയുടെ വിമർശനം.
രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണ രൂപം:
സ്വതന്ത്ര്യദിന പ്രസംഗത്തിൽ നോട്ട് നിരോധനത്തിനുശേഷം തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്കുകളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോടു മാപ്പു പറയണം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ച നോട്ട് നിരോധനത്തെ സാധൂകരിക്കാൻ സ്വതന്ത്ര്യദിന പ്രസംഗത്തിൽ വാസ്തവ വിരുദ്ധമായ കണക്കുകൾ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണം. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ഖജനാവിലേക്ക് 3 ലക്ഷം കോടി രൂപ എത്തുമെന്ന് ഇത് പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കും എന്നായിരുന്നു പ്രധാനമന്തിയുടെ വായ്ത്താരി. എന്നാൽ ഇന്ത്യയിലെ പാവപ്പെട്ട നൂറിലധികം ജനങ്ങളുടെ മരണത്തിന് കാരണമാവുകയും, ദേശിയ വളർച്ച നിരക്കിൽ രണ്ടു ശതമാനത്തിന്റെ വരെ കുറവുണ്ടാക്കിയ തീരുമാനമാനവുമായിരുന്നു നോട്ട് നിരോധനം.
നോട്ട് നിരോധനം നടപ്പിലാക്കി 9 മാസം കഴിഞ്ഞിട്ടും ബാങ്കുകളിലേക്ക് തിരിച്ചെത്തിയ പണം തിട്ടപ്പെടുത്തിയിട്ടില്ല എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ പാർലമെന്ററി കമ്മിറ്റി മുമ്പാകെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി ലോക്സഭയിൽ നൽകിയ കണക്കനുസരിച്ചു വെറും 18,529 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. വസ്തുത ഇതായിരിക്കെ മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിക്കാൻ നോട്ടു നിരോധനത്തിന് സാധിച്ചു എന്ന് പ്രധാനമന്ത്രി സ്വതന്ത്ര ദിന പ്രസംഗത്തിൽ പറഞ്ഞത് തെറ്റാണ് എന്നാണ് തെളിഞ്ഞിരിക്കുന്നു. സ്വതന്ത്ര്യ ദിന പ്രസംഗത്തിൽ കള്ളപ്പണത്തിന്റെ വാസ്തവ വിരുദ്ധമായ കണക്കുകൾ അവതരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണം.