മോദി സർക്കാരിനു കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വേഗത്തിൽ വളരുന്നു: അമിത് ഷാ

ഭോപ്പാൽ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻകീഴിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുൻ യുപിഎ സർക്കാരിന്റെ കാലത്ത് അതു പക്ഷവാതത്തിന്റെ അവസ്ഥയിലായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുവാക്കളുടെ കഴിവു മനസ്സിലാക്കി സർക്കാർ സ്റ്റാർട്ട് അപ്പ് ഇന്ത്യ സ്റ്റാൻഡ് അപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ തുടങ്ങിയ പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി. മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ൽ മോദി അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിൽ സംഭവിച്ചുതുടങ്ങി. അതിന് 10 വർഷം പിന്നോട്ടു വളർച്ച മുരടിച്ചു നിൽക്കുകയായിരുന്നു. പക്ഷാഘാതം വന്നതുപോലത്തെ അവസ്ഥയായിരുന്നു സമ്പദ്‌വ്യവസ്ഥയുടേത്. മോദിയുടെ കീഴിൽ ലോകത്ത് എത്രയും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്നു നമ്മുടേത്. കൂടാതെ, രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്തേണ്ടതു യുവജനതയുടെ ഉത്തരവാദിത്തമാണെന്നും അവർക്കായി മോദി സർക്കാർ നിരവധി പദ്ധതികൾ പുറത്തിറക്കിയിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.