ഹൂസ്റ്റൺ∙ ഹാർവി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തകർത്തെറിഞ്ഞ ടെക്സസിനെ ഭീതിയിലാഴ്ത്തി സ്ഫോടനവും. ടെക്സസിലെ കെമിക്കൽ പ്ലാന്റിൽനിന്ന് സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെ പ്ലാന്റിൽനിന്ന് രണ്ടു പ്രാവശ്യം സ്ഫോടനശബ്ദം കേൾക്കുകയും കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപെടുകയും ചെയ്തിരുന്നതായിട്ടാണ് വിവരം. കോർസ്ബിയിലെ അർകേമ കെമിക്കൽ പ്ലാന്റിൽനിന്നാണ് സ്ഫോടന ശബ്ദം കേട്ടത്.
മുൻകരുതലിന്റെ ഭാഗമായി സ്ഥലത്തിനു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഇവിടെനിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം സ്ഫോടനത്തിനുള്ള സാധ്യതയുണ്ടെന്ന് കമ്പനി അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ഓർഗാനിക് പെറോക്സൈഡിന്റെ നിർമാണമാണ് അർകേമ നടത്തിയിരുന്നത്. പെറോക്സൈഡ്സ് വളരെ പെട്ടെന്നു തീപിടിക്കുന്നതാണെന്നും അത് സ്വയം കത്തി തീരാൻ അനുവദിക്കുന്നതാണു നല്ലതെന്നും അർകേമ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടെക്സസിന്റെ വിവിധ മേഖലകളിലായിട്ടാണ് ഓർഗാനിക് പെറോക്സൈഡ് സൂക്ഷിച്ചിരിക്കുന്നതെന്നും അതിനാൽ സ്ഫോനമുണ്ടാകുന്നതിനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ലെന്നും കമ്പനി മുന്നറിയിപ്പു നൽകുന്നു. അടിയന്തരവിഭാഗം അനുവാദം നൽകാതെ ജനങ്ങൾ ഇവിടേക്കു തിരിച്ചുവരരുതെന്നും അധികൃതർ അറിയിച്ചു. ഹൂസ്റ്റണിൽനിന്നും 25 മൈൽ അകലെയാണ് കോർസ്ബി.