മന്ത്രി മണിയുടെ വിവാദ പരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്

ന്യൂഡൽഹി∙ മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാൻ തീരുമാനം. മണിക്കെതിരെ പരാതിക്കാരൻ പുതിയ ഹർജി ഭരണഘടനാ ബെഞ്ചിനു മുന്നിൽ സമർപ്പിക്കണം. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ മാനഭംഗത്തിന് ഇരയായ അമ്മയെയും മകളെയും മന്ത്രിയായിരിക്കെ സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ അപമാനിച്ച കേസിനൊപ്പമായിരിക്കും ഇത് പരിഗണിക്കുക.

ഇക്കഴിഞ്ഞ ഏപ്രിലിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എം.തങ്കപ്പൻ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പെമ്പിളൈ ഒരുമൈയ്ക്കെതിരെ എം.എം.മണി പരാമർശങ്ങൾ നടത്തിയത്. പരാമർശം വിവാദമായതോടെ വനിതാ കമ്മിഷൻ അംഗം ഡോ.ജെ.പ്രമീളാദേവി ഇതേക്കുറിച്ച് അന്വേഷിക്കാനും കേസെടുക്കാനും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. എന്നാൽ മണിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.

വിവാദ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കണമെന്നും മന്ത്രിമാർക്കു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാർക്കു പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതു നല്ല കാര്യവും മികച്ച പൊതുനയവുമാണെന്നു പറഞ്ഞ കോടതി, മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽപെട്ട കാര്യമായതിനാൽ കോടതിക്ക് ഇക്കാര്യം നിർദേശിക്കാനാവില്ലെന്നാണ് വ്യക്തമാക്കിയത്.

ഡൽഹി–കാൻപുർ ദേശീയ പാതയിൽ അമ്മയും പതിമൂന്നുകാരി മകളും കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാകാമെന്ന അസം ഖാന്റെ ആരോപണമാണ് കഴിഞ്ഞ വർഷം വിവാദത്തിലായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ബന്ദിയാക്കിയശേഷമാണ് അക്രമികൾ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയത്.

എന്നാൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന എതിർപാർട്ടികളാണു സമാജ്‌വാദി പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നായിരുന്നു അസംഖാന്റെ പരാമർശം. തുടർന്ന് അസം ഖാന് സുപ്രീം കോടതി നോട്ടിസ് അയക്കുകയായിരുന്നു.