ബഹിരാകാശത്ത് 665 ദിവസം; പെഗി വന്നു, റെക്കോർഡുമായി

peggy

ബൈക്കനൂർ∙ കസഖ്സ്ഥാനിലെ പുല്ലുനിറഞ്ഞ മണ്ണിലേക്കു കാൽ വച്ചയുടൻ അമേരിക്കൻ ബഹിരാകാശ യാത്രിക പെഗി വിറ്റ്സൺ ആവശ്യപ്പെട്ടതു പ്രിയഭക്ഷണമായ പീറ്റ്സയാണ്. ഇത്തവണ 288 ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞു മടങ്ങി വന്നപ്പോൾ ഭൂമിയോടുള്ള സ്നേഹവും കൂടി. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവിട്ട വനിതയെന്ന റെക്കോർഡു നേടിയ സന്തോഷം വേറെ.

ബയോ കെമിസ്റ്റ് കൂടിയായ പെഗിയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണു കഴിഞ്ഞ ദിവസം അവസാനിച്ചത്. മൂന്നു ദൗത്യങ്ങളിലായി 665 ദിവസമാണു പെഗി ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. റഷ്യയിൽ നിന്നുള്ള ഫ്യോദൊർ യുർചിഖിൻ, അമേരിക്കക്കാരൻ ജാക്ക് ഫിഷർ എന്നിവർക്കൊക്കപ്പമാണു കഴിഞ്ഞദിവസം സോയൂസ് പേടകത്തിൽ ഭൂമിയിലേക്കു മടങ്ങിയത്. രണ്ട് അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന പുതിയ സംഘം 12നു നിലയത്തിലേക്കു യാത്ര തിരിക്കും.

പെഗി പോക്കറ്റിലാക്കിയ റെക്കോ‍ർഡുകൾ

– 57 വയസ്സുള്ള പെഗി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശയാത്രിക.

– ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം നടന്ന (സ്പേസ് വോക്ക്) വനിത.

– ദൗത്യത്തിനിടെ രണ്ടു തവണ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പൂർണനിയന്ത്രണം ഏറ്റെടുത്ത ആദ്യ വനിത.