കണ്ണൂർ ∙ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിലും ബാലഗോകുലത്തിന്റെ നേതൃത്വത്തിലും കണ്ണൂരിൽ ഇന്ന് 362 കേന്ദ്രങ്ങളിൽ ഘോഷയാത്രകൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് മൂവായിരം പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.
വൈകുന്നേരം നാലുമണി മുതലാണ് ഘോഷയാത്രകൾ ആരംഭിക്കുന്നത്. അഞ്ചു മണിക്ക് ശോഭായാത്രകൾ അവസാനിപ്പിക്കണമെന്ന് പൊലീസ് നിർദേശമുണ്ടെങ്കിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബാലഗോകുലം നേതാക്കൾ. സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പൊലീസിന് ലഭിച്ചിരുന്നു. സമീപ ജില്ലകളിൽനിന്നും പൊലീസ് സേനയെ കണ്ണൂരിലെത്തിച്ചിട്ടുണ്ട്.
മഹദ് ജൻമങ്ങൾ മാനവനന്മയ്ക്കെന്ന മുദ്രാവാക്യവുമായാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രകൾ സിപിഎം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് മുതലാണ് ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്രകള്‍ നടത്തി തുടങ്ങിയത്. സുരക്ഷിത ബാല്യം സുകൃത ഭാരതമെന്ന സന്ദേശവുമായാണ് ബാലഗോകുലത്തിന്റെ ശോഭായാത്രകൾ. ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ കഴിഞ്ഞവർഷം തില്ലങ്കരിയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.