കൊല്ലം ∙ കേരളശബ്ദം വാരിക മാനേജിങ് എഡിറ്ററും സാമൂഹിക – സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. ബി.എ.രാജാകൃഷ്ണൻ (70) അന്തരിച്ചു. പത്രപ്രവർത്തന രംഗത്തും വ്യാവസായിക രംഗത്തും നാലു പതിറ്റാണ്ടിലേറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിനു മുളങ്കാടകം പൊതുശ്മശാനത്തിൽ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് 1965ൽ എംബിബിഎസ് പഠനം പൂർത്തിയാക്കി സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കവെയാണു മുഴുവൻ സമയ പത്രപ്രവർത്തകനും വ്യവസായിയുമായി രാജാകൃഷ്ണൻ ചുവടുമാറ്റുന്നത്. കേരളശബ്ദം – കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമയും വ്യവസായിയുമായിരുന്ന ആർ.കൃഷ്ണസ്വാമി റെഡ്യാരുടെ മകളും എഴുത്തുകാരിയുമായ വിമലാകുമാരിയെ വിവാഹം ചെയ്തതോടെ ഈ സ്ഥാപനങ്ങളുടെ മുഴുവൻ സമയ ചുമതലക്കാരനായത്. ഇതോടെ സർക്കാർജോലി ഉപേക്ഷിച്ചു. കുങ്കുമം, മഹിളാരത്നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാണ് ഭാര്യ വിമല രാജാകൃഷ്ണൻ.
തിരുവനന്തപുരത്തെ വ്യവസായിയായിരുന്ന അനന്തനാരായണന്റെയും സരസ്വതിയമ്മയുടെയും മൂത്തമകനാണ് രാജാകൃഷ്ണൻ. 1982ൽ കൃഷ്ണസ്വാമി റെഡ്യാരുടെ മരണത്തോടെ കേരളശബ്ദം, നാന, മഹിളാരത്നം, കുങ്കുമം, ജ്യോതിഷരത്നം, ഹാസ്യകൈരളി തുടങ്ങി ഒൻപത് പ്രസിദ്ധീകരണങ്ങളുടെ അമരക്കാരനായി മാറിയ അദ്ദേഹം രാധാസ് സോപ്പിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും സംരംഭകനുമായി. ‘ഡോക്ടർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജാകൃഷ്ണൻ, രാധ എന്ന പെൺകുട്ടി, കലിക, താളം മനസ്സിന്റെ താളം, ബലൂൺ, നട്ടുച്ചയ്ക്കിരുട്ട്, ലേഡി ടീച്ചർ തുടങ്ങിയ സിനിമകൾ നിർമിച്ചു ചലച്ചിത്രരംഗത്തും സംഭാവനകൾ നൽകി.
പുതുപ്പള്ളി രാഘവൻ സ്മാരക അവാർഡ്, കെ.വിജയരാഘവൻ സ്മാരക പുരസ്കാരം, എ.പാച്ചൻ സ്മാരക പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾക്കർഹനായി. മക്കൾ: മധു ആർ. ബാലകൃഷ്ണൻ (എക്സിക്യൂട്ടീവ് എഡിറ്റർ, കേരളശബ്ദം), ശ്രീവിദ്യ, ലക്ഷ്മിപ്രിയ. മരുമക്കൾ: ശിവകുമാർ, സംഗീത മധു. ഡോ. രാജാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു എന്നിവർ അനുശോചിച്ചു. ആദരസൂചകമായി കൊല്ലം നഗരത്തിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും.