ലണ്ടൻ∙ ലണ്ടൻ ട്യൂബിലെ ഡിസ്ട്രിക്ട് ലൈനിൽ പാർസൺ സ്ട്രീറ്റ് സ്റ്റേഷനു സമീപം വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. ഇതോടെ ബക്കറ്റ് ബോംബിനു പിന്നിൽ പ്രവർത്തിച്ച മൂന്നുപേർ പൊലീസ് പിടിയിലായി. മുപ്പതോളം പേർക്ക് പരിക്കേൽക്കാനിടയായ ബക്കറ്റ് ബോംബിന്റെ ഉറവിടം തേടി പൊലീസ് രാജ്യമെങ്ങും ശക്തമായ അന്വേഷണം തുടരുകയാണ്.
ബ്രിട്ടീഷ് വൃദ്ധ ദമ്പതികൾ അഭയം നൽകി വളർത്തിയ 18 വയസുള്ള ഇറാഖി യുവാവും 21 വയസുള്ള സിറിയൻ അഭയാർഥിയുമായിരുന്നു ആദ്യം അറസ്റ്റിലായ രണ്ടുപേർ. ഇവരെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യൽ തുടരുകയാണ്. സൗത്ത് വെയിൽസിലെ ന്യൂപോർട്ടിൽ നിന്നാണ് ഇരുപത്തഞ്ചുകാരനായ മൂന്നാമത്തെയാൾ അറസ്റ്റിലായത്.