പ്രതിസന്ധി അയഞ്ഞു; പാർഥസാരഥി ക്ഷേത്രത്തിന്റെ ഗോപുരവാതിൽ തുറന്നു

പ്രതിസന്ധി അയഞ്ഞ് പാർഥസാരഥി ക്ഷേത്രത്തിന്റെ ഗോപുരവാതിൽ തുറന്നപ്പോൾ

തൃശൂർ∙ മണിക്കൂറുകൾ നീണ്ട സംഘർഷാന്തരീക്ഷത്തിനൊടുവിൽ ഗുരുവായൂരിലെ പാർഥസാരഥി ക്ഷേത്രത്തിന്റെ ഗോപുരവാതിൽ തുറന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ നാമജപങ്ങളോടെയാണ് ക്ഷേത്രത്തിലേക്കു പ്രവേശിച്ചത്. ക്ഷേത്രം ഏറ്റെടുക്കാനെത്തിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പു നൽകിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ തിരിച്ചു പോവുകയായിരുന്നു. തുടർന്ന് പൊലീസും മടങ്ങി.

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിനു പുറത്തു കൂടിനിൽക്കുന്നവർ. ചിത്രം: ഉണ്ണി കോട്ടക്കൽ.

വൈകിട്ട് നാലേമുക്കാലോടെ ക്ഷേത്ര നട തുറന്നു. അതിനിടെ ഭക്തജനങ്ങളും വിഎച്ച്പി, ആർഎസ്എസ് നേതാക്കളുമായും പൊലീസ് ചർച്ച നടത്തിയിരുന്നു. ബലം പ്രയോഗിച്ച് ക്ഷേത്രം തുറക്കില്ലെന്ന് ചർച്ചയിൽ പൊലീസ് ഉറപ്പു നൽകിയതിനെത്തുടർന്നാണ് അഞ്ചരയോടെ ഗോപുരവാതിൽ തുറന്നത്.

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിനു പുറത്തു കൂടിനിൽക്കുന്നവർ. ചിത്രം: ഉണ്ണി കോട്ടക്കൽ.

ബലപ്രയോഗത്തിനില്ലെങ്കിലും തങ്ങളെ തടഞ്ഞവർക്കെതിരെ നടപടിയെടുക്കണമെന്ന് ദേവസ്വംബോർഡ് എക്സിക്യുട്ടീവ് ഓഫിസർ ബിജു പൊലീസിനു പരാതി നൽകി. നിലവിൽ സംഭവ സ്ഥലത്തുനിന്ന് പൊലീസും ഉദ്യോഗസ്ഥരുമെല്ലാം പിരിഞ്ഞുപോയിരിക്കുകയാണ്.

ക്ഷേത്രത്തിനു പുറത്തു വിഎച്ച്പി പ്രവർത്തകർ നടത്തിയ ഭജന. ചിത്രം: ഉണ്ണി കോട്ടക്കൽ.

പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനായി മലബാർ ദേവസ്വം ബോർഡ്, പൊലീസ് സഹായത്തോടെ വ്യാഴാഴ്ച രാവിലെയാണ് എത്തിയത്. എന്നാൽ ക്ഷേത്രം ജീവനക്കാരും ഭരണസമിതിയും ചേർന്നു തടഞ്ഞതിനാൽ ഏറ്റെടുപ്പു പൂർത്തിയായില്ല. തുടർന്ന് ക്ഷേത്രത്തിന്റെ ഗോപുര വാതിലും പിൻവശത്തെ വാതിലും അടച്ചു. ക്ഷേത്രത്തിനു പുറത്ത് സിറ്റി പൊലീസ് കമ്മിഷണർ രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ക്യാംപ് ചെയ്യുകയായിരുന്നു.