ന്യൂഡൽഹി ∙ മോദി സർക്കാരിനെ താഴെയിറക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമ ദൗത്യമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിൽ (പിബി) ധാരണയായി. താഴെയിറക്കുന്നതിന് കോൺഗ്രസുമായി സഹകരിക്കണമെന്നും അതു വേണ്ടെന്നുമുള്ള തർക്കം അവസാനിച്ചില്ല. അടുത്ത ഏപ്രിലിൽ പാർട്ടി കോൺഗ്രസ് പരിഗണിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിനുള്ള രൂപരേഖ ചർച്ചചെയ്യാൻ ഈ മാസം 14 മുതൽ 16 വരെ ചേരുന്ന കേന്ദ്രക്കമ്മിറ്റി (സിസി) രണ്ടു നിലപാടുകളും പരിഗണിക്കും.
തീരാത്ത തർക്കം
ബിജെപിയുടെയും മോദി സർക്കാരിന്റെയും നയങ്ങളെ എതിർക്കുകയെന്നതാണ് പ്രഥമ ദൗത്യമെന്നാണ് വിശാഖപട്ടണത്ത് കഴിഞ്ഞ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം വ്യക്‌തമാക്കിയത്. കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയോ കൂട്ടുകെട്ടോ വേണ്ടെന്നും അന്നു തീരുമാനിച്ചു.
ഇതേ നിലപാട് തുടരാമെന്നാണ് കഴിഞ്ഞ മാസം ആറിനും ഏഴിനും നടന്ന പിബിയിൽ കാരാട്ട്‌പക്ഷം വാദിച്ചത്; സാഹചര്യം മാറിയതിനാൽ കോൺഗ്രസുമായി സഹകരിക്കാമെന്ന് യച്ചൂരിയും ബംഗാളുകാരും. അഭിപ്രായ ഐക്യമുണ്ടാക്കാനാണ് പിബി ഇന്നലെ വീണ്ടും ചേർന്നത്. എന്നാൽ നാലു മണിക്കൂർ മാത്രം നീണ്ട ചർച്ചയിൽ പ്രധാന നിലപാടു മാറ്റാൻ ഇരുകൂട്ടരും തയാറായില്ല. അൽപമൊരു മാറ്റത്തിന് കാരാട്ട്‌പക്ഷം തയാറായി – മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കുകയല്ല, ആ സർക്കാരിനെ താഴെയിറക്കുകയെന്നതാവണം പ്രഥമ ദൗത്യമെന്ന യച്ചൂരിപക്ഷ നിലപാട് അംഗീകരിച്ചു.
ഭൂരിപക്ഷത്തിന്റേത് ഔദ്യോഗിക നിലപാട്?:
16 അംഗ പിബിയിൽ, കോൺഗ്രസുമായി കൂട്ടുകെട്ടു വേണ്ടെന്നു നിലപാടുള്ളത് 10 പേർക്കാണ്; കോൺഗ്രസുമായി സഹകരിക്കണമെന്ന് ആറു പേർ. ഭൂരിപക്ഷ നിലപാട് ഔദ്യോഗിക നിലപാടാണെന്നും ന്യൂനപക്ഷത്തിന്റേത് വിയോജനക്കുറിപ്പു മാത്രമായി സിസിയിലും തുടർന്ന് പാർട്ടി കോൺഗ്രസിലും പോകുമെന്നും കാരാട്ട്‌പക്ഷം പറയുന്നു. എന്നാൽ പാർട്ടി കോൺഗ്രസ് ഔദ്യോഗിക നിലപാടായി പരിഗണിക്കേണ്ടത് ഏതെന്നു നിർദേശിക്കാൻ പിബിക്ക് അധികാരമില്ലെന്നും സിസിയാണ് അതു തീരുമാനിക്കേണ്ടതെന്നും യച്ചൂരിപക്ഷം പറയുന്നു.
ഇനി, സിസി തീരുമാനിക്കുന്നതനുസരിച്ച് കരട് രാഷ്‌ട്രീയ പ്രമേയത്തിന്റെ രൂപരേഖ തയാറാക്കും. അതിന്റെ അടിസ്‌ഥാനത്തിൽ തയാറാക്കുന്ന വിശദമായ കരട് രാഷ്‌ട്രീയ പ്രമേയം ഡിസംബറിൽ പിബി പരിഗണിക്കും. അത് ജനുവരിയിൽ ചേരുന്ന സിസിയുടെ അംഗീകാരത്തോടെ, കീഴ്‌ഘടകങ്ങളിലെ ചർച്ചയ്‌ക്കായി പരസ്യപ്പെടുത്തും. പാർട്ടി കോൺഗ്രസിനു രണ്ടു മാസം മുൻപ് കരട് പ്രമേയം പരസ്യപ്പെടുത്തണമെന്നാണ് വ്യവസ്‌ഥ. കരട് പ്രമേയത്തിന്റെ രൂപരേഖയിൽ, കോൺഗ്രസുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ മാത്രമാണ് തർക്കമുള്ളത്.