ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി, യുഎസ്എയുടെ ജയം മൂന്ന് ഗോളുകൾക്ക്

യുഎസ്എയ്ക്കായി ഗോൾ നേടിയ ജോഷ് സർജന്റിന്റെ ആഹ്ലാദം. (ചിത്രത്തിന് കടപ്പാട്: ഫിഫ, ട്വിറ്റർ)

ന്യൂഡൽഹി ∙ ലോകകപ്പ് വേദിയിലെ അരങ്ങേറ്റ പോരിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. കരുത്തരായ യുഎസ്എ മൂന്നു ഗോളുകൾക്കാണ് ഇന്ത്യയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഇന്ത്യ 1–0ന് പിന്നിലായിരുന്നു. ജോഷ് സർജന്റ് (30), ക്രിസ് ഡർക്കിൻ (50), ആൻഡ്രൂ കൾട്ടൻ (84) എന്നിവരുടെ വകയായിരുന്നു യുഎസിന്റെ ഗോളുകൾ. ഡൽഹി ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയിരുന്നു.

മത്സരത്തിന്റെ 30ാം മിനിറ്റിൽ തന്നെ യുഎസ്എ ആദ്യ ഗോൾ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. ജോഷ് സർജന്റാണ് പെനാൽട്ടിയിലൂടെ ഇന്ത്യൻ ഗോൾ വല കുലുക്കിയത്. ജിതേന്ദ്ര സിങ് ബോക്സിനുള്ളിൽ വരുത്തിയ പിഴവാണ് യുഎസിന് അനുകൂലമായ പെനൽറ്റിക്കു വഴിയൊരുക്കിയത്. ആദ്യപകുതിയിൽ ഉടനീളം യുഎസാണ് മുന്നിട്ടു നിന്നത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തീർത്തും നിർജീവാവസ്ഥയിലായിരുന്നു ഇന്ത്യൻ മുന്നേറ്റ നിര. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഉണർന്നു കളിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നു നിന്നു.

51–ാം മിനുട്ടിൽ ക്രിസ് ഡർക്കിൻ യുഎസ്എക്കായി രണ്ടാം ഗോൾ നേടി. ഇന്ത്യൻ ഗോളി ധീരജ് സിംഗിന്റെ പ്രകടനമാണ് കൂടുതൽ ഗോൾ വീഴാതെ ഇന്ത്യയെ രക്ഷിച്ചത്. ഇന്ത്യൻ കുന്തമുന കോമൾ തട്ടാൽ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യുഎസ് ഗോൾ മുഖം തുറക്കാന്‍ മാത്രം കഴിഞ്ഞില്ല. കോമളിൽ നിന്ന് പന്ത് സ്വീകരിക്കാൻ മുന്നേറ്റനിരയിൽ താരങ്ങളാരുമില്ലാത്തതും ഇന്ത്യയെ പിന്നോട്ടടിച്ചു. രണ്ടു ഗോളുകൾ നേടിയതോടെ പന്ത് പരമാവധി കൈയിൽ വച്ച് കളിക്കാനാണ് യുഎസ്എ ശ്രമിച്ചത്.

എഴുപതാം മിനിറ്റിൽ അഭിജിത് സർക്കാരിനെയും നോങ്തോംബ നവോറത്തെയും പിൻവലിച്ച് നിൻതോയിംഗാൻബ മീട്ടെയേയും റഹീം അലിയെയും ഇന്ത്യ കളത്തിലിറക്കി. അപ്പോഴും ഗോൾ മാത്രം അകന്നുനിന്നു. അവസാന മിനിറ്റുകളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ ഇന്ത്യൻ മുന്നേറ്റത്തിൽ നിന്നുണ്ടായി. എന്നാൽ 84–ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽനിന്ന് ലഭിച്ച അവസരം മുതലെടുത്ത് യുഎസ് വീണ്ടും ഗോൾ നേടി. ആൻ‌ഡ്രൂ കൾട്ടന്റെ വകയായിരുന്നു മൂന്നാം ഗോൾ.

പരാഗ്വെക്കും വിജയം

മറ്റൊരു മത്സരത്തിൽ മാലിക്കെതിരെ പരാഗ്വെ വിജയിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാഗ്വെയുടെ ജയം. പരാഗ്വെക്കായി അന്റോണിയോ ഗാലിയാനോ, ലിയോനാർഡോ സാഞ്ചസ്, അലന്‍ റോഡ്രിഗസ് എന്നിവരാണ് ഗോൾ നേടിയത്. ഹജി ഡ്രെയിം, ലാസന എൻഡെയ്ൻ എന്നിവർ മാലിക്കായും ലക്ഷ്യം കണ്ടു.