അണ്ടർ 17: കൊച്ചിയിൽ 300 രൂപയുടെ ടിക്കറ്റ് വിറ്റത് 2500 രൂപയ്ക്ക്; 16 പേർ പിടിയിൽ

അൺർ 17 ലോകകപ്പിൽ ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിലെ കാഴ്ച. ചിത്രം: റോബർട്ട് വിനോദ്

കൊച്ചി∙ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ കരി‍ഞ്ചന്തയിൽ വൻവിലയ്ക്ക് ടിക്കറ്റുകൾ വിൽക്കാൻ ശ്രമിച്ച 16 പേരെ പോലീസ് പിടികൂടി. ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിന്റെ ഓൺലെൻ ടിക്കറ്റ് വൻതോതിൽ റിസർവ് ചെയ്ത് ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്തായിരുന്നു സംഘത്തിന്റെ വിൽപന. 300 രൂപയുടെ ടിക്കറ്റ് 2500 രൂപയ്ക്കാണ് വിറ്റത്.

വിവിധ സംഘങ്ങളിൽ  നിന്ന് കൊച്ചി സിറ്റി ഷാഡോ പൊലീസ് ഇരുനൂറോളം ടിക്കറ്റുകളും പിടികൂടി. ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെയും ഡെപ്യൂട്ടി കമ്മിഷണർ കറുപ്പ് സ്വാമിയുടേയും നിർദേശാനുസരണം സ്റ്റേഡിയവും പരിസരവും ആറു ഭാഗങ്ങളായി തിരിച്ച് ഷാഡോസംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന നടത്തിയത്.

പിടിയിലായ കാസർഗോഡ് സ്വദേശി സിദിഖ് (37) എന്നയാൾ വൻതോതിൽ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ നടത്തി കരസ്ഥമാക്കി തന്റെ കീഴിലുള്ള നാലോളം സംഘാംഗങ്ങൾ മുഖാന്തിരം ആയിരുന്നു വിൽപന നടത്തിയിരുന്നത്. ഈ സംഘത്തിൽ നിന്നു മാത്രം അൻപതോളം ടിക്കറ്റുകൾ കണ്ടെടുത്തു.

പിടിയിലായ 16 പേരെയും ടിക്കറ്റ് ഉൾപെടെ പാലാരിവട്ടം പൊലീസിന് കൈമാറി. ക്രൈം ഡിറ്റാച്ച്മെന്റ് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിൽ ഷാഡോ എസ്ഐ ഹണി കെ.ദാസും ഇരുപതോളം പോലീസുകാരും ചേർന്നാണ് പരിശോധന നടത്തിയത്.