കൊച്ചിയിലെ ആവേശപ്പോരിൽ മഞ്ഞപ്പട; പിന്നിൽനിന്നും തിരിച്ചടിച്ച് വിജയം

കൊച്ചിയില്‍ നടന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിന്റെ അലനെ തടയാന്‍ ശ്രമിക്കുന്ന സപെയിൻ താരങ്ങള്‍. ചിത്രം റോബർട്ട് വിനോദ്

കൊച്ചി ∙ കൊച്ചിയുടെ കളിമുറ്റത്ത് കാൽപ്പന്താവേശം വീണ്ടും ആകാശം തൊട്ടു. ലോക ഫുട്ബോളിലെ വൻ ശക്തികളായ ബ്രസീലിന്റെയും സ്പെയിനിന്റെയും കുട്ടിപ്പട നേർക്കുനേർ വന്ന മൽസരത്തിൽ വിജയം ബ്രസീലിന്റെ മഞ്ഞപ്പടയ്ക്ക്. പൊരുതിക്കളിച്ച യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ വീഴ്ത്തിയത്. മൽസരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.

ഈ ‘ലോകകപ്പിന്റെ നഷ്ടം’ എന്നു വിലയിരുത്തപ്പെടുന്ന ലോകഫുട്ബോളിലെ ‘വണ്ടർ കിഡ്’ വിനീസ്യൂസ് ജൂനിയറിന്റെ അഭാവത്തിൽ മഞ്ഞപ്പടയുടെ ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ച ഫ്ലെമിംഗോ താരം ലിങ്കൻ, ഏഴാം നമ്പർ താരം പൗളീഞ്ഞോ എന്നിവരുടെ ഗോളുകളാണ് മൽസരത്തിലെ ഹൈലൈറ്റ്. അഞ്ചാം മിനിറ്റിൽ പ്രതിരോധനിരയിലെ വെസ്‌ലി വഴങ്ങിയ സെൽഫ് ഗോളിന്റെ കടം തീർത്താണ് ബ്രസീൽ രണ്ടു ഗോളുകൾ മടക്കി വിജയം പിടിച്ചെടുത്തത്. വിജയത്തോടെ ഡി ഗ്രൂപ്പിൽ ബ്രസീൽ ഒന്നാമതായി.

കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസീൽ– സ്പെയിൻ പോരാട്ടത്തിൽ നിന്ന്. ചിത്രം: റോബർട്ട് വിനോദ്

രണ്ടടിച്ച് ബ്രസീൽ, പിടിച്ചുനിന്ന് സ്പെയിൻ
ലോകഫുട്ബോളിലെ രണ്ടു വൻശക്തികളുടെയും ഭാവി വർത്തമാനത്തോളം മികച്ചതാണെന്ന ഉറപ്പാണ് കൊച്ചിയിൽ നടന്ന മൽസരം ബാക്കിവയ്ക്കുന്നത്. പന്തടക്കത്തിലും, പന്തു കൈവശം വച്ച് മുന്നേറ്റങ്ങൾ കരുപ്പിടിപ്പിക്കുന്നതിലും, വീഴ്ചകളിൽ പതറാതെ തിരിച്ചടിക്കുന്നതിലും ഇരുടീമുകളും മികച്ചുനിന്നു. ഒരുപടി മുന്നിൽ ബ്രസീലിന്റെ മഞ്ഞപ്പടയായിരുന്നുവെന്ന് മാത്രം. അതുകൊണ്ടുതന്നെ അവരുടെ വിജയം കളത്തിലെ പ്രകടനത്തിനൊത്ത ഫലവുമായി.

കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിനെതിരെ ഗോൾ നേടിയപ്പോൾ സ്പെയിൻ താരങ്ങളുടെ ആഹ്ലാദം. ചിത്രം: റോബർട്ട് വിനോദ്

ഐഎസ്‍എൽ മല്‍സരത്തിലേതു പോലെ കാണികൾ ഒഴുകിയെത്തിയില്ലെങ്കിലും കാൽപ്പന്തിൽ മായാജാലം തീർത്തവരെയെല്ലാം സ്റ്റേഡിയത്തിലെത്തിയ കാണികൾ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. തുടക്കത്തിലെ ബ്രസീലിന്റെ പതറിയ കളിക്ക് കൂകിവിളിച്ചെങ്കിലും മധ്യനിരയിൽ മാർക്കസ് അന്റോണിയോ, അലൻ തുടങ്ങിയവരുടെയും മുന്നേറ്റത്തിൽ ലിങ്കൻ, പൗളീഞ്ഞോ തുടങ്ങിയവരുടെയും പ്രകടനം കാണികളുടെ കയ്യടി നേടി. ബ്രസീൽ ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോയുടെ ചില കിടിൽ സേവുകൾക്കും കാണികൾ നിറഞ്ഞ പ്രോത്സാഹനം നൽകി.

സ്പെയിനിന്റെ യുവനിരയും മോശമാക്കിയില്ല. വലതുവിങ്ങിൽ സ്ഥിരം അപകടം സൃഷ്ടിച്ച ഫെറാൻ ടോറസ്, മുന്നേറ്റത്തിൽ ആബേൽ റൂയിസ് തുടങ്ങിയവർ പന്തുതൊട്ടപ്പോഴെല്ലാം ഗാലറി ഇളകിമറിഞ്ഞു.

ഗോളുകൾ വന്ന വഴി
സ്പെയിനിന്റെ ആദ്യഗോൾ: ക്ലാസിക് പോരിന്റെ ആവേശച്ചൂടിലേക്ക് കൊച്ചി ഉണരും മുൻപേ മൽസരത്തിലെ ആദ്യ ഗോളെത്തി. നാലാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച സ്പെയിൻ ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ ഷോട്ട് ബ്രസീൽ ഗോള്‍കീപ്പർ ഗബ്രിയേൽ ബ്രസാവോ തടുത്തിട്ടതിനു പിന്നാലെയായിരുന്നു ഗോൾ. വലതുവിങ്ങിലൂടെയെത്തിയ മുന്നേറ്റത്തിനൊടുവിൽ ഫെറാൻ ടോറസിന്റെ ക്രോസ് ബ്രസീൽ ഗോൾമുഖത്തേക്ക്. ബ്രസീൽ ഡിഫൻഡർമാർക്കിടയിൽ പതുങ്ങിയിരുന്ന എട്ടാം നമ്പർ താരം മുഹമ്മദ് മൗക്‌ലിസ് അവസരം പാഴാക്കിയില്ല. മൗക്‌ലിസ്സിന്റെ വലം കാൽ ഷോട്ട് ബ്രസീൽ താരം വെസ്‌ലസിയുടെ കാലി‍ൽത്തട്ടി പോസ്റ്റിന്റെ വലതുമൂലയിലേക്ക്. സ്കോർ 1–0. പ്രതിരോധത്തേക്കുറിച്ച് ബ്രസീൽ കോച്ചിനുള്ള ആധി ഊട്ടിയുറപ്പിച്ച ഗോള്‍.

ബ്രസീലിന്റെ ആദ്യ ഗോൾ: 25–ാം മിനിറ്റിൽ ബ്രസീൽ കാത്തിരുന്ന നിമിഷമെത്തി. പലകുറി ഗോളിനരികിലൂടെ പാഞ്ഞ പന്ത് ഒടുവിൽ സ്പെയിനിന്റെ വലയിൽ കയറി. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയെത്തിയ ബ്രണ്ണറിന്റെ നിലംപറ്റെയുള്ള ക്രോസ് ലിങ്കനിലേക്ക്. ആദ്യത്തെ തവണ പന്ത് വരുതിയിൽ നിർത്തുന്നതിൽ ലിങ്കൻ പരാജയപ്പെട്ടെങ്കിലും സ്പാനിഷ് ഡിഫൻഡറുടെ പിഴവിൽ പന്തു വീണ്ടും ലിങ്കനിലേക്കു തന്നെ. ഇക്കുറി താരത്തിനു പിഴച്ചില്ല. പോസ്റ്റിനു തൊട്ടുമുന്നിൽ കിട്ടിയ പന്തിന് ലിങ്കൻ ഗോളിലേക്കു വഴികാട്ടി. കൊച്ചി സ്റ്റേഡിയത്തിലെ മഞ്ഞപ്പട തുള്ളിച്ചാടി. സ്കോർ 1–1.

കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസിലിന്റെ മാര്‍ക്കസ് അന്തോനിയോയെ തടയുന്ന സപെയിന്റെ മാത്യയു ജുയമി. ചിത്രം: റോബർട്ട് വിനോദ്

ബ്രസീലിന്റെ രണ്ടാം ഗോൾ: ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രസീൽ ലീഡ് വർധിപ്പിച്ചു. തുടർച്ചയായി സ്പാനിഷ് ബോക്സിൽ സമ്മർദ്ദം ചെലുത്തിക്കളിച്ചതിനുള്ള പ്രതിഫലമായിരുന്നു ആ ഗോൾ. ബോക്സിനു തൊട്ടുപുറത്തുനിന്ന് മാർക്കോസ് അന്റോണിയോ ഉയർത്തിനൽകിയ പന്ത് പിടിക്കാൻ സ്പാനിഷ് ഡിഫൻഡർമാരും ബ്രസീലിയൻ താരം പൗളീഞ്ഞോയും തമ്മിൽ പോരാട്ടം. പന്തു കൈക്കലാക്കിയ പൗളീഞ്ഞോയുടെ ഫസ്റ്റ് ടച്ച് ഷോട്ട് സ്പാനിഷ് ഗോളി അൽവാരോ ഫെർണാണ്ടസിനെ കീഴടക്കി വലയിൽ. സ്കോർ 2–1. 

ബ്രസീലിന് പതറിയ തുടക്കം, പിന്നെ തിരിച്ചടി
4–3–3 ശൈലിയിൽ ടീമുകളെ വിന്യസിച്ചാണ് ഇരുടീമുകളും മൽസരം തുടങ്ങിയത്. വിനീസ്യൂസിന്റെ അഭാവത്തിൽ ടീമിന്റെ കുന്തമുനകളായ ലിങ്കനും പൗളീഞ്ഞോയം ബ്രസീൽ നിരയിലും ലോകകപ്പിന്റെ താരമാകാനുള്ള പോരാട്ടത്തിൽ മുന്നിലുള്ള ബാർസിലോന ബി ടീം അംഗം ആബേൽ റൂയിസ് സ്പാനിഷ് നിരയിലും ഇടംപിടിച്ചു.

കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസിലും സപെയിനും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്. ചിത്രം: റോബർട്ട് വിനോദ്

അഞ്ചാം മിനിറ്റിലെ ബ്രസീലിന്റെ സെൽഫ് ഗോളോടെയായിരുന്നു മൽസരത്തിന്റെ തുടക്കം. താളം തെറ്റിയ നീക്കങ്ങളുമായി മൽസരത്തിനു തുടക്കമിട്ട ബ്രസീൽ ഗോൾ ചോദിച്ചുവാങ്ങുകയായിരുന്നു. ചുവടുറപ്പിക്കും മുൻപേ ഗോൾ വീണത് ബ്രസീലിനെ ഉണർത്തിയെന്നു തോന്നിപ്പിച്ചു പിന്നീടുള്ള നിമിഷങ്ങൾ. പന്തു കൈവശം വച്ചു കളിക്കുന്ന സ്പാനിഷ് രീതി ബ്രസീൽ കടമെടുത്തതോടെ സ്പാനിഷ് താരങ്ങൾക്കു പന്തു കിട്ടാതെയായി. ഇടയ്ക്ക് ബ്രസീലിയൻ മതിൽ പൊളിച്ചെത്തിയ പന്ത് ക്യാപ്റ്റൻ കൂടിയായ ഒൻപതാം നമ്പർ താരം ആബേൽ റൂയിസ് ഓടിപ്പിടിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ആദ്യ ഗോളിന്റെ വേവലാതി ടീമിനെ കീഴടക്കാതിരിക്കാൻ ബ്രസീൽ പരിശീലകൻ കാർലോസ് അമേദിയു കളിക്കാർക്കുള്ള നിർദ്ദേശങ്ങളുമായി കളത്തിനു പുറത്തു ഓടിനടക്കുന്നതും കാണാമായിരുന്നു.

കളി മുറുകുന്തോറും ബ്രസീൽ പിടിമുറുക്കുന്ന കാഴ്ചയായിരുന്നു കളത്തിൽ. ആദ്യമിനിറ്റുകളിലെ മഞ്ഞപ്പടയുടെ പതറിയ കളിയെ കൂവലോടെ സ്വീകരിച്ച കാണികൾ പതുക്കെ ബ്രസീലിന്റെ നീക്കങ്ങൾക്കും കയ്യടിച്ചു തുടങ്ങി. 18–ാം മിനിറ്റിൽ ബ്രസീലിന് ഒന്നാന്തരമൊരു അവസരം കിട്ടിയതാണ്. അന്റോണിയോയിൽനിന്നും പന്തു സ്വീകരിച്ച് പൗളീഞ്ഞോ തൊടുത്ത നീളൻഷോട്ട് ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചെങ്കിലും പന്തു കിട്ടിയത് ലിങ്കന്. അപ്രതീക്ഷിതമായെത്തിയ പന്ത് വരുതിക്കു നിർത്തുന്നതിൽ താരം പരാജയപ്പെട്ടതോടെ ഗോളൊഴിഞ്ഞു.

ഇടയ്ക്ക് ബ്രസീലിന്റെ വിഖ്യാതമായ 10–ാം നമ്പർ ജഴ്സിയ്ക്കുടമയായ അലനും പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി കാണികളുടെ കയ്യടി നേടി. ഇടതുവിങ്ങിലൂടെ കയറിയെത്തിയ അലൻ ഒരുവേള ഗോളിനടുത്തെത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം കോർണർ വഴങ്ങി അപകടമൊഴിവാക്കി.

35–ാം മിനിറ്റിൽ സ്പെയിൻ നിരയിൽ ആദ്യ മാറ്റമെത്തി. പരുക്കേറ്റ രണ്ടാം നമ്പർ താരം ജൗമി മത്തിയുവിനു പകരം 20–ാം നമ്പർ താരം വിക്ടർ ഗോമസ് കളത്തിലിറങ്ങി. ഇരുടീമുകളും പന്തു കൈവശം വച്ചു കളിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചതോടെ ഗോൾ നീക്കങ്ങൾ കുറഞ്ഞു. ഇടയ്ക്ക് ബ്രസീൽ താരങ്ങൾ ചില ഒറ്റപ്പെട്ട നീക്കങ്ങൾ സംഘടിപ്പിച്ച് കളിയെ ആവേശഭരിതമാക്കി നിലനിർത്തി. സ്പെയിനും മോശമാക്കിയില്ല. ഇടയ്ക്ക് ഫെറാൻ ടോറസ് ബ്രസീലിയൻ പോസ്റ്റിനു മുന്നിൽനിന്നു തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്.
ഗോൾ വീണതിനുശേഷം പന്തടക്കത്തിലും പാസ്സിങ്ങിലും മുന്നേറ്റത്തിലുമെല്ലാം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബ്രസീൽ കളംപിടിച്ചത്. ആദ്യപകുതിയിൽ 61 ശതമാനം സമയവും പന്ത് ബ്രസീലിന്റെ കൈവശമായിരുന്നു. പന്ത് കൈയിൽവച്ച് കളിച്ച ബ്രസീലിന്റെ ഈ തന്ത്രമാണ് അവർക്ക് ലീ‍ഡു നേടിക്കൊടുത്തത്. സ്പെയിനും മികച്ച ചില മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും പന്തിനുമേൽ മേധാവിത്തം സ്ഥാപിക്കുന്നതിൽ വന്ന പിഴവാണ് തിരിച്ചടിയായത്. 

കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസിലും സപെയിനും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്. ചിത്രം: റോബർട്ട് വിനോദ്

രണ്ടാം പകുതിയിൽ ‘കളി പഠിച്ച്’ സ്പെയിൻ
ആദ്യപകുതിയിൽ ബ്രസീലിന് പന്തു കൈവശം വയ്ക്കാൻ ഇഷ്ടംപോലെ ഇടം നല്‍കിയ സ്പെയിൻ താരങ്ങൾ, രണ്ടാം പകുതിയിൽ ഈ ദൗർബല്യം പരിഹരിച്ചു. സ്പാനിഷ് സീനിയർ ടീം പ്രശസ്തമാക്കിയ ‘ടിക്കി ടാക്ക’യുടെ ‘അണ്ടർ 17 പതിപ്പു’ പുറത്തെടുത്ത അവർ പന്തു കൈവശം വച്ചു കളിക്കാനാരംഭിച്ചു. രണ്ടാം പകുതിയുടെ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളേറെയും സംഘടിപ്പിച്ചത് സ്പെയിൻ തന്നെ. ഇടയ്ക്ക് അഞ്ചു മിനിറ്റോളം ബ്രസീൽ ബോക്സിൽ പന്തുമായി വട്ടമിട്ടു നടന്ന സ്പാനിഷ് മുന്നേറ്റനിര ഗാലറിയെ മുൾമുനയിൽ നിർത്തിയെങ്കിലും, ബ്രസീൽ ഗോൾകീപ്പറിന്റെ അവസരോചിത ഇടപെടൽ ടീമിനു തുണയായി.

58–ാം മിനിറ്റിൽ സ്പെയിൻ പരിശീലകൻ രണ്ടാമത്തെ മാറ്റവുമായെത്തി. അൽവാരോ ഗാർഷ്യയെ പിൻവലിച്ച് ഹോസെ ലാറ മുന്നേറ്റത്തിലേക്കെത്തി. പിന്നാലെ ബ്രസീൽ നിരയിലും ആദ്യ മാറ്റമെത്തി. പ്രതിരോധത്തിൽ വിക്ടർ ബോബ്സിനു പകരം റോഡ്രിഗോ ഗൂത്തെത്തി. 65–ാം മിനിറ്റിൽ ലൂക്കാസ് ഹാൾട്ടറിനെയും 73–ാം മിനിറ്റിൽ ബ്രണ്ണറെയും തിരിച്ചുവിളിച്ച ബ്രസീൽ കോച്ച് മത്തേയൂസ് സ്റ്റോക്ക്‌ൽ, വിട്ടീഞ്ഞോ എന്നിവരെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കി. പിന്നാലെ സ്പെയിൻ നിരയിൽ സെർജിയോ ഗോമസിനു പകരം പെഡ്രോയെത്തി. 64–ാം മിനിറ്റിൽ അനാവശ്യ ഫൗളിനു തുനിഞ്ഞ ബ്രസീൽ താരം അലനെ മഞ്ഞക്കാർഡു കാട്ടിയാണ് റഫറി അടക്കിയത്. ഇടയ്ക്ക് ബ്രസീൽ ബോക്സിൽ ഡൈവിങ്ങിനു ശ്രമിച്ച സ്പാനിഷ് താരം ഹോസെ ലാറയ്ക്കും റഫറി മഞ്ഞക്കാർഡ് സമ്മാനിച്ചു.

കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബോളില്‍ ബ്രസിലും സപെയിനും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്. ചിത്രം: റോബർട്ട് വിനോദ്

71–ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനൊടുവിൽ ഗോൾവല ചലിച്ചെങ്കിലും റഫറി ഗോളനുവദിച്ചില്ല. പന്ത് ഗോളിലേക്ക് പോകും മുൻപ് ബ്രസീൽ താരം ഫൗൾ ചെയ്തതായിരുന്നു കാരണം. ഒട്ടേറെ താരങ്ങൾ പരുക്കേറ്റ് വീഴുന്നതും രണ്ടാം പകുതിയിൽ കണ്ടു. ഇരുടീമുകളും പലപ്പോഴും ഗോളിനടടുത്തെത്തിയെങ്ിലും ഗോൾകീപ്പർമാരുടെ മികവാണ് ഗോളുകൾ അകറ്റി നിർത്തിയത്. നാലുമിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചെങ്കിലും ഗോൾ പിറക്കാതെ പോയതോടെ ആദ്യപകുതിയിലെ മൂന്നു ഗോളുകൾ തന്നെ ലോകം കാത്തിരുന്ന മൽസരത്തിന്റെ ഫലം നിർണയിച്ചു.