വാട്മോർ വന്നതു വെറുതെയല്ല; ധോണിയുടെ നാട്ടുകാരെ വീഴ്ത്തി കേരളത്തിനു വിജയത്തുടക്കം

(ചിത്രത്തിന് കടപ്പാട്: കെസിഎ ഫെയ്സ്ബുക് പേജ്)

തിരുവനന്തപുരം ∙ പ്രശസ്ത പരിശീലകൻ ഡേവ് വാട്മോറിനു കീഴിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനു വിജയത്തോടെ തുടക്കം. സീസണിലെ ആദ്യമല്‍സരത്തില്‍ ജാര്‍ഖണ്ഡിനെയാണ് കേരളം തോൽപ്പിച്ചത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒരു ദിനം ശേഷിക്കെ കേരളം ജയിച്ചു കയറി. രണ്ടാം ഇന്നിങ്സിൽ വിജയത്തിലേക്കു വേണ്ടിയിരുന്ന 33 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ സ്വന്തമാക്കിയ കേരളം ഒൻപതു വിക്കറ്റിനാണ് ജയിച്ചത്. വരുൺ ആരോൺ, സൗരഭ് തിവാരി തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെയാണ് കേരളം തോൽപ്പിച്ചത്. 

സ്കോർ: ജാർഖണ്ഡ് – 202, 89. കേരളം 259, 34/1

33 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ഒരു റണ്ണെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഒന്നാമിന്നിങ്സില്‍ 202 റണ്‍സെടുത്ത ജാര്‍ഖണ്ഡ്, രണ്ടാമിന്നിങ്സില്‍ 89 റണ്‍സിന് പുറത്തായി. മൽസരത്തിലാകെ 11 വിക്കറ്റും ഒരു അർധസെഞ്ചുറിയും നേടിയ ജലജ് സക്സേനയാണ് കളിയിലെ കേമൻ. ആദ്യ ഇന്നിങ്സില്‍ 6 വിക്കറ്റും രണ്ടാമിന്നിങ്സില്‍ 5 വിക്കറ്റും സക്സേന സ്വന്തമാക്കി. വിജയം നേടിയതിലൂടെ കേരളത്തിന് 6 പോയിന്റ് ലഭിച്ചു. മഹേന്ദ്രസിങ് ധോണിയുടെ നാട്ടുകാരെ വീഴ്ത്തി നേടിയ വിജയം രഞ്ജി ട്രോഫിയിലെ മുന്നോട്ടുള്ള പ്രയാണത്തിൽ കേരളത്തിനു വലിയ പ്രചോദനമാകും. 

ജാർഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ ആയ 202ന് എതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ എട്ടിന് 250 റൺസ് എന്ന നിലയിലായിരുന്നു കേരളം. മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ അർധസെഞ്ചുറിയാണു (66 ബോളിൽ 51) രക്ഷയ്ക്കെത്തിയത്. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ ജലജ് സക്സേന വാലറ്റത്തെ കൂട്ടുപിടിച്ചു കേരളത്തെ ഒന്നാം ഇന്നിങ്സ് ലീഡിലേക്കു നയിച്ചു. മൂന്നാം ദിനം കളിയാരംഭിച്ച കേരളം ജലജ് സക്സേന അർധസെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ഓൾഔട്ടായി. 23 പന്തിൽ ഒൻപതു റൺസെടുത്ത നിതീഷ്, സന്ദീപ് വാരിയർ (0) എന്നിവരാണ് പുറത്തായത്. 148 പന്തിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ 54 റൺസെടുത്ത സക്സേന പുറത്താകാതെ നിന്നു. ജാർഖണ്ഡിനു വേണ്ടി സണ്ണി ഗുപ്ത ആറു വിക്കറ്റ് നേടി. 

57 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡിന് രണ്ടാം ഇന്നിങ്സിലും ശോഭിക്കാനായില്ല. രണ്ടാം ഇന്നിങ്സിലും അ‍ഞ്ചു വിക്കറ്റ് നേട്ടം ആവർത്തിച്ച ജലജ് സക്സേനയും നാലു വിക്കറ്റ് വീഴ്ത്തിയ മോനിഷുമാണ് ജാർഖണ്ഡിനെ തകർത്തത്. 44 പന്തിൽ 26 റൺസെടുത്തു പുറത്താകാതെ നിന്ന സൗരഭ് തിവാരിയാണ് അവരുടെ ടോപ് സ്കോറർ. ബാബുൽ കുമാർ (2), ഇഷാൻ കിഷൻ (14), നസീം സിദ്ധിഖി (3), വിരാട് സിങ് (16), ജഗ്ഗി (3), കുശാൽ സിങ് (6), സണ്ണി ഗുപ്ത (0), വരുൺ ആരോൺ (2), ആശിഷ് കുമാർ (11), ഖാദ്‌രി (0) എന്നിവർക്കൊന്നു കാര്യമായ സംഭാവനകൾ നൽകാനായില്ല.

33 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം അഞ്ച് ഓവറിൽ ലക്ഷ്യം കണ്ടു. 21 പന്തിൽ 27 റൺസെടുത്ത ഓപ്പണർ അരുൺ കാർത്തിക്കാണ് വിജയം വേഗത്തിലാക്കിയത്. അഞ്ചു പന്തിൽ ഒരു റണ്ണെടുത്ത ജലജ് സക്സേന പുറത്തായെങ്കിലും രോഹൻ പ്രേമിനൊപ്പം (നാലു പന്തിൽ രണ്ട്) അരുൺ കാർത്തിക് കേരളത്തെ വിജയത്തിലെത്തിച്ചു.