മഴപ്പെയ്ത്തിലും ആവേശത്തോടെ ജർമനി–ഗിനിയ പോരാട്ടം; ജർമനി പ്രീക്വാർട്ടറിൽ

ഗിനിയക്കെതിരെ ഗോള്‍ നേടിയ ജർമൻ ടീമംഗങ്ങളുടെ ആഹ്ലാദം. ചിത്രം: റോബർട്ട് വിനോദ്

കൊച്ചി ∙ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഴപ്പെയ്ത്തിനും തണുപ്പിക്കാനാകാതെ പോയ ആവേശപ്പോരിൽ ഗിനിയയുടെ പോരാട്ടവീര്യത്തെ മറികടന്ന ജർമനി അണ്ടർ 17 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. പോരാട്ടവീര്യമെന്നതിന്റെ മറുവാക്കായി കളം നിറഞ്ഞ ഗിനിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു ജർമനി തോൽപ്പിച്ചത്. സ്കോർബോർഡിലെ അന്തരം അപൂർവമായി മാത്രം മൈതാനത്തു പ്രതിഫലിച്ച പോരാട്ടത്തിൽ ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ്പ് (8), നിക്കൊളാസ് കുയേൻ (62), സാവെർദി സെറ്റിൻ (90+5, പെനൽറ്റി) എന്നിവരാണു ജർമനിക്കായി ഗോൾ നേടിയത്. ഗിനിയയുടെ ആശ്വാസ ഗോൾ ഇബ്രാഹിം സൗമ (26) നേടി.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം തോൽവിയോടെ ലോകകപ്പിനു പുറത്തായെങ്കിലും ഒറ്റമൽസരം കൊണ്ടുതന്നെ കൊച്ചിയുടെ ഹൃദയം കവർന്നാണു ഗിനിയ താരങ്ങളുടെ മടക്കം. അൽപം ഭാഗ്യം കൂടിയുണ്ടെങ്കിൽ വിജയിക്കാമായിരുന്ന മൽസരം കൈവിട്ടതിന്റെ നിരാശ മൽസരശേഷം ഗിനിയ താരങ്ങളുടെ മുഖത്തു പ്രകടമായിരുന്നു. രണ്ടാം ജയം സ്വന്തമാക്കിയ ജർമനി ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണു പ്രീക്വാർട്ടറിൽ കടന്നത്. കോസ്റ്ററിക്കയ്ക്കെതിരായ സമനില സമ്മാനിച്ച ഒരു പോയിന്റുമായി ഗിനിയൻ താരങ്ങൾക്കും നാട്ടിലേക്കു മടക്കം.

ജര്‍മ്മനിക്കെതിരെ നടന്ന മല്‍സരത്തില്‍ ഗിനിയയുടെ ഗോളി മുഹമ്മദ് കാമറയുടെ സേവ്.ചിത്രം: റോബർട്ട് വിനോദ്

ഗോളുകൾ വന്ന വഴി

ജർമനി ഒന്നാം ഗോൾ: ഗിനിയ ബോക്സിൽ ജർമൻ താരങ്ങൾ ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ്പിന്റെ നേതൃത്വത്തിൽ കാഴ്ചവച്ച സമ്മർദതന്ത്രം ഫലം കാണുന്നു. ആദ്യമിനിറ്റു മുതൽ ജർമനി ഓങ്ങിവച്ച ‘ഗോള്‍’ എട്ടാം മിനിറ്റിൽ ഗിനിയൻ പോസ്റ്റിൽ. ഒന്നാം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ട ഇസ്മയിൽ ട്രാവോറിന്റെ മറ്റൊരു മണ്ടത്തരം ജർമനിക്കു സമ്മാനിച്ച ഗോൾ. ബോക്സിനു സമീപം പന്ത് സഹതാരത്തിനു നൽകാനുള്ള ശ്രമം ജർമൻ താരം ഡെന്നിസ് ജാസ്ട്രെംബിസ്കിയിലേക്ക്. ഗിനിയ താരങ്ങളെ നിഷ്പ്രഭരാക്കി ഡെന്നിസ് നീട്ടി നൽകിയ പാസ് യാൻ ഫിറ്റെ ആർപ്പിലേക്ക്. ബോക്സിനുള്ളിൽ ആവശ്യത്തിനു സമയമെടുത്ത് ആർപ് തൊടുത്ത ഷോട്ട് ഗിനിയ ഗോൾകീപ്പർ മുഹമ്മദ് കമാറയെ കബളിപ്പിച്ച് വലയിൽ. സ്കോർ 1–0.

ജര്‍മ്മനിക്കെതിരെ ഗിനിയുടെ സൗമാന്‍ (3) ഗോള്‍ നേടിയപ്പോള്‍.ചിത്രം: റോബര്‍ട്ട് വിനോദ്

ഗിനിയയുടെ സമനില ഗോൾ: ജർമനിയെ ഞെട്ടിച്ച് ഗിനിയയ്ക്ക് സമനില ഗോൾ. 26–ാം മിനിറ്റ്. തൊട്ടുമുൻപ് ക്രോസ്ബാറിനു മുകളിലൂടെ പറന്നുപോയ ഷോട്ടിന് ഇബ്രാഹിം സൗമയുടെ പരിഹാരം. ജർമൻ ബോക്സിനുള്ളിലെത്തിയ പന്ത് അപകടഭീഷണി ഉയർത്തി ഗിനിയ താരങ്ങളുടെ കാലുകളിൽ. നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ പന്ത് ബോക്സിനു നടുവിൽ ഇബ്രാഹിം സൗമയിലേക്ക്. ഗാലറിയിലെ നിറഞ്ഞ കയ്യടിയും പ്രോത്സാഹനവും ഊർജമാക്കി സൗമയുടെ തകർപ്പൻ ഷോട്ട്. ജർമൻ ഗോള്‍കീപ്പർ ലൂക്ക പ്ലോഗ്മാനെ നിഷ്പ്രഭനാക്കി പന്ത് വലയിൽ. ഗിനിയയുടെ ടീം സ്പിരിറ്റിനുമേൽ ഇബ്രാഹിം സൗദയുടെ വ്യക്തിഗത മികവു തിലകം ചാർത്തിയ നിമിഷം. ഗാലറിയിലെ ആവേശം ഉച്ചസ്ഥായിയിൽ. ഗിനിയൻ താരങ്ങളുടെ ആവേശപ്പൊരിച്ചിലിലേക്ക് മഴപ്പെയ്ത്തിന്റെ അകമ്പടി. സ്കോർ 1–1.

ജർമനി രണ്ടാം ഗോൾ: 62–ാം മിനിറ്റിൽ ജർമനിയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്കു തിളക്കമേറ്റി രണ്ടാം ഗോളെത്തി. ആദ്യ ഗോൾ സ്വന്തം പേരിലെഴുതിയ യാൻ ഫിറ്റെ ആർപ് ഇക്കുറി ഗോളിലേക്കുള്ള വഴികാട്ടിയായി. ലക്ഷ്യം കണ്ടത് 11–ാം നമ്പർ താരം നിക്കൊളാസ് കുയേൻ. മധ്യവരയ്ക്കു സമീപത്തുനിന്നും യാൻ ഫിറ്റെ ആർപ്പിന്റെ മുന്നേറ്റം തുടങ്ങുമ്പോൾ സമാന്തരമായി വലതുവിങ്ങിലൂടെ കുയേനും ഓടിക്കയറുന്നു. ബോക്സിനു തൊട്ടുപുറത്തുനിന്നും ആർപ് നീട്ടി നൽകിയ പന്ത് കുയേനിലേക്ക്. തടയാനായി കയറിയെത്തിയ ഗോളിയേയും പ്രതിരോധനിരക്കാരനെയും വെട്ടിയൊഴിഞ്ഞ് കുയേന്റെ അയത്നലളിതമായ ഫിനിഷിങ്. ഗാലറിയിലെ ഗിനിയ ആരാധകരെ നിശബ്ദരാക്കി പന്ത് വലയിൽ. സ്കോർ 2–1.

ജർമനി മൂന്നാം ഗോൾ: മൽസരം ഇൻജുറി ടൈമിലേക്കു കടന്നതിനു പിന്നാലെയായിരുന്നു ജർമനിയുടെ വിജയഗോൾ. അതും പെനൽറ്റിയിൽനിന്ന്. ആറു മിനിറ്റോളം ഇൻജുറി ടൈം അനുവദിച്ചതോടെ ഏതുവിധേനയും ഗോൾ മടക്കാനുള്ള ശ്രമത്തിലായിരുന്ന ഗിനിയയെ ഈ പെനൽറ്റിയും ഗോളും തകർത്തു കളഞ്ഞു. ബോക്സിനുള്ളിലേക്കു കടന്ന ജെസ്സിക് നാങ്ഗമിനെ കാലുവച്ചു വീഴ്ത്തിയ സെകൗ കമാറയുടെ പിഴവാണ് ഗിനിയയ്ക്കു തിരിച്ചടിയായത്. പെനൽറ്റി കിക്കെടുത്ത പകരക്കാരൻ താരം സഹ്‌വേർദി സെറ്റിനു പിഴച്ചില്ല. പന്ത് നേരെ വലയിൽ. സ്കോർ 3–1.

ആക്രമിച്ച് ജർമനി, തിരിച്ചടിച്ച് ഗിനിയ

ആക്രമണമാണു നയമെന്നു വ്യക്തമാക്കി ജർമനി ആഞ്ഞടിക്കുന്നതായിരുന്നു മൽസരത്തിന്റെ ആദ്യ മിനിറ്റുകളിലെ കാഴ്ച. അഞ്ചു മിനിറ്റിനിടെ ഒരു ഫ്രീകിക്കും കോർണറും വഴങ്ങിയ ഗിനിയയ്ക്കെതിരെ നയം വ്യക്തമാക്കി ജർമനി നടത്തിയ തുടർമുന്നേറ്റങ്ങൾ ഗാലറിയെ ത്രസിപ്പിച്ചു. ഒന്നാം മിനിറ്റിൽ മധ്യനിരയിൽനിന്നും നീട്ടിക്കിട്ടിയ പന്തുമായി ബോക്സിലേക്കു കടക്കാനുള്ള ജർമൻ ക്യാപ്റ്റൻ യാൻ ഫിറ്റേ ആർപ്പിന്റെ ശ്രമം തടഞ്ഞ ഇസ്മയിൽ ട്രാവോറിനു മഞ്ഞക്കാർഡു ലഭിക്കുന്നതു കണ്ടാണു ഗാലറി മൽസരത്തിലേക്ക് ഉണർന്നത്. ജർമൻ ക്യാപ്റ്റനെ വീഴ്ത്തിയതിനു ട്രാവോറിനു മഞ്ഞക്കാർഡും ബോക്സിനു തൊട്ടുവെളിയിൽ ഫ്രീകിക്കും.

ഗോൾ നേടിയ ജർമൻ ടീമംഗങ്ങളുടെ ആഹ്ലാദം.ചിത്രം: റോബർട്ട് വിനോദ്

യാന്നിക് കെയ്റ്റലിന്റെ ഷോട്ട് പിഴച്ചെങ്കിലും ജർമനി നയം വ്യക്തമാക്കി. തൊട്ടുപിന്നാലെ ജർമനിയുടെ മറ്റൊരു മുന്നേറ്റം കോർണർ വഴങ്ങിയാണ് ഗിനിയ തടഞ്ഞത്. കോർണർ പക്ഷേ അപകടമുണ്ടാക്കാതെ പുറത്തേക്കുപോയി. ജർമനിയുടെ മൂന്നാം മുന്നേറ്റത്തിന് ലൈൻ റഫറി ഓഫ്സൈഡ് വിസിൽ വിളിച്ചതോടെ വീണ്ടും അപകടമൊഴിഞ്ഞു.

ജർമൻ താരങ്ങൾ പലകുറി ഓങ്ങിവച്ച ഗോൾ എട്ടാം മിനിറ്റിൽ ഗിനിയയുടെ പോസ്റ്റിൽ കയറി. പ്രതിരോധനിരയുടെ പിഴവിൽനിന്നു ലഭിച്ച പന്തിൽ ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ്പാണു ജർമനിക്കായി ലക്ഷ്യം കണ്ടത്. ഗോള്‍ വീണതിനു പിന്നാലെ തുടർ മുന്നേറ്റങ്ങളുമായി ജർമനി ഗിനിയൻ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. ഏതുനിമിഷവും ഗിനിയ ഗോൾ വഴങ്ങാമെന്ന അവസ്ഥയായിരുന്നു കളത്തിൽ. ഇടയ്ക്കു ഗിനിയൻ താരങ്ങൾ നടത്തിയ ഒറ്റപ്പെട്ട മുന്നേറ്റങ്ങളെ നിറഞ്ഞ കയ്യടികളോടെയാണു ഗാലറി സ്വീകരിച്ചത്.

കളിക്ക് 23 മിനിറ്റ് പ്രായമെത്തിയതിനു പിന്നാലെ മൽസരത്തിലെ ഗിനിയയുടെ ഏറ്റവും മികച്ച മുന്നേറ്റം. ജർമൻ പ്രതിരോധത്തിന്റെ പിഴവിൽനിന്നു ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെ മൂന്നാം നമ്പർ താരം ഇബ്രാഹിം സൗമ. ബോക്സിനുള്ളിൽ കടന്ന സൗമ തൊടുത്ത പൊള്ളുന്ന ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക്. ഗിനിയയും സാന്നിധ്യമറിയിച്ച നിമിഷം. തൊട്ടുപിന്നാലെ എല്ലാ പിഴവുകൾക്കും പരിഹാരമായി ഇബ്രാഹിം സൗദയുടെ തകർപ്പൻ ഗോൾ.

സമനില ഗോൾ വീണതോടെ കളിയുടെ ഗതിതന്നെ മാറി. തുടർ ആക്രമണങ്ങളുമായി ഗിനിയൻ ഗോൾമുഖം വിറപ്പിച്ചിരുന്ന ജർമനി പ്രതിരോധത്തിലേക്ക്. പ്രതിരോധിച്ചുനിന്ന ഗിനിയ ആക്രമണ മോഡിലേക്കും. അലകടലായെത്തിയ ഗിനിയൻ മുന്നേറ്റം ചെറുക്കാൻ പെടാപ്പാടു പെടുന്ന ജർമൻ പ്രതിരോധമായിരുന്നു തുടർന്നുള്ള നിമിഷങ്ങളിലെ കാഴ്ച. വലതു വിങ്ങിൽ ഇബ്രാഹിം സൗദയും ഇടതു വിങ്ങിൽ ക്യാപ്റ്റൻ ഫാജെ ടൂറെയും ജർമനിയെ വിഷമത്തിലാക്കി. ഇടയ്ക്ക് കൗണ്ടർ നീക്കങ്ങളിലൂടെ ജർമനി ഗിനിയൻ പോസ്റ്റിലേക്ക് പറന്നുകയറിയെങ്കിലും ഗോൾ വഴങ്ങാതെ ഗിനിയയുടെ പ്രതിരോധം പിടിച്ചുനിന്നു.

ത്രസിപ്പിച്ച് രണ്ടാം പകുതി

ജർമനി–ഗിനിയ മത്സരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

കയ്യകലെ നിൽക്കുന്ന ലോകകപ്പ് പ്രീക്വാർട്ടർ ബെർത്തിലേക്ക് കണ്ണുവച്ചിറങ്ങിയ രണ്ടു ടീമുകളും വിജയത്തിനായി സമ്മർദ്ദം ചെലുത്തുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം മുതലേ കളത്തിൽ. മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിൽ ജർമനി മികവു കാട്ടിയപ്പോൾ, വിട്ടുകൊടുക്കാതെ പൊരുതി നിൽക്കാൻ ഗിനിയയ്ക്കുമായി. ലീഡു വർധിപ്പിക്കാൻ ഇരുടീമുകൾക്കും എണ്ണം പറഞ്ഞ അവസരങ്ങളാണ് ലഭിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമനിക്കു കിട്ടിയ അവസരം ഗിനിയ ഗോൾകീപ്പർ മുഹമ്മദ് കമാറയുടെ ഇടപെടൽകൊണ്ടു മാത്രമാണ് ലക്ഷ്യത്തിലെത്താതെ പോയത്. തൊട്ടുപിന്നാലെ ജർമനിക്കും കിട്ടി മികച്ച അവസരങ്ങൾ. ഗിനിയ ബോക്സിനുള്ളിൽ പന്തുവച്ചു താമസിപ്പിച്ച് ജർമനി പാഴാക്കിക്കളഞ്ഞ അവസരങ്ങളും ചില്ലറയല്ല.

ജർമൻ നിരയിൽ ഏലിയാസ് അബുചബാക്ക, യാൻ ഫിറ്റെ ആർപ് തുടങ്ങിയവരും ഗിനിയയുടെ എൽഹാജ് ബാ, ഇബ്രാഹിം സൗമ തുടങ്ങിയവരും എതിർപ്രതിരോധത്തിനു തലവേദന തീർത്തുകൊണ്ടിരുന്നു. ഇടയ്ക്ക് ജർമൻ താരം ഡോമിനിക്ക് ബെക്കറിനെ ഫൗൾ ചെയ്ത ഷെരീഫ് കമാറയെ റഫറി മഞ്ഞക്കാർഡ് കാട്ടി. തൊട്ടുപിന്നാലെ ജർമനിയുടെ ഡെന്നിസ് ജസ്ട്രാംബിസ്കിക്കും കിട്ടി മഞ്ഞക്കാർഡ്. ഇതോടെ തുടർച്ചയായി ഫൗളുകൾ ചെയ്തുകൊണ്ടിരുന്ന ഡെന്നിസിനെ പിൻവലിച്ച് ജർമൻ പരിശീലകൻ ജെസ്സിക് നാങ്ഗമിനെ കളത്തിലിറക്കി. ഇതിനു പിന്നാലെയായിരുന്നു ജർമനിയുടെ രണ്ടാം ഗോൾ. ജർമൻ നായകൻ ആർപ്പിന്റെ ബുദ്ധിയിൽ വിരിഞ്ഞ ഗോൾനീക്കത്തിൽ 11–ാം നമ്പർ താരം നിക്കൊളാസ് കുയേന്റെ ഫിനിഷിങ്.

രണ്ടാം ഗോൾ വീണതിനു പിന്നാലെ, ഡോസ് സൗമയെ പിൻവലിച്ച് ഗിനിയ പരിശീലകൻ അലി സൗമയെ കളത്തിലിറക്കി. ജർമനി വീണ്ടും ലീഡെടുത്തതോടെ ഏതുവിധേനയും സമനില ഗോൾ കണ്ടെത്താനുള്ള ഗിനിയയുടെ ശ്രമം മൽസരത്തിന്റെ ആവേശം കെടാതെ കാത്തു. മൂന്നിലധികം തവണ ഗോളിനടുത്തെത്തിയ അവർക്ക് വിനയായത് ഫിനിഷിങ്ങിലെ പോരായ്മയും നിർഭാഗ്യവും. 72–ാം മിനിറ്റിൽ ഗിനിയ നിരയിൽ എൽഹാജ് ബായ്ക്കു പകരം ജിബ്രിൽ സില്ല കളത്തിലിറങ്ങി. ഒരു സ്ട്രൈക്കറേക്കൂടി കൊണ്ടുവന്ന് ആക്രമണം കടുപ്പിക്കാനായിരുന്നു ശ്രമം.

സമനില ഗോളിനായുള്ള ഗിനിയയുടെ ശ്രമങ്ങളെ നിറഞ്ഞ കയ്യടികളോടെയാണു കാണികൾ സ്വീകരിച്ചത്. 80–ാം മിനിറ്റിൽ ജർമൻ താരം നിക്കൊളാസ് കുയേന്റെ ഉറച്ച ഗോൾ ശ്രമം ഗിനിയ ഗോൾകീപ്പർ അസാധ്യമായാണു തടുത്തിട്ടത്. തൊട്ടുപിന്നാലെ ഗിനിയൻ താരങ്ങളുടെ കൗണ്ടർ അറ്റാക്ക് ഗാലറിയിൽ ആവേശം നിറച്ചെങ്കിലും അഗിബു കമാറയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. ഇൻജുറി ടൈമിൽ വഴങ്ങിയ പെനൽറ്റിയിൽനിന്ന് ജർമനി ലീഡു വർധിപ്പിച്ചതോടെ ഗിനിയയ്ക്ക് വിജയങ്ങളില്ലാത്ത ലോകകപ്പായി ഇത്. പുറത്താകലിന്റെ വക്കിലായിരുന്ന ജർമനിക്കു പ്രീക്വാർട്ടറിനു യോഗ്യതയും ലഭിച്ചു.