അത് മോദിയുടെ അമ്മയല്ല; ആളുമാറി വിഡിയോ പങ്കിട്ട കിരൺബേദി വെട്ടിലായി

Kiran Bedi

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടേതെന്നു പറഞ്ഞു മറ്റൊരു സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു പുതുച്ചേരി ലഫ്. ഗവർണർ കിരൺബേദി വെട്ടിലായി. ദീപാവലിക്കിടെ ഗുജറാത്തി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വയോധിക, മറ്റൊരാളാണെന്നു ബോധ്യമായതോടെ കിരൺബേദി തിരുത്തുകയും ചെയ്‌തു.

‘ആളുമാറിപ്പോയി. പക്ഷേ, ഇത്രയേറെ ഓജസ്സുള്ള ആ അമ്മയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. 96 വയസ്സുവരെ ജീവിക്കുമെങ്കിൽ, എനിക്കും അവരെപ്പോലെയാകാനാണ് ആഗ്രഹം.’– കിരൺബേദി എഴുതി. ‘97–ാം വയസ്സിലും ദീപാവലിയുടെ ചൈതന്യം. പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെൻ മോദി (ജനനം 1920) സ്വവസതിയിൽ ദീപാവലി ആഘോഷിക്കുന്നു’ എന്ന തലവാചകത്തോടെയാണു നൃത്തം ചെയ്യുന്ന വയോധികയുടെ വിഡിയോ ആദ്യം കിരൺബേദി പങ്കിട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണു നരേന്ദ്ര മോദിയുടെ അമ്മ താമസിക്കുന്നത്.