മാലിയെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ; പോരാട്ടവീര്യം തെളിയിച്ച് മാലി മടങ്ങി

ലോകകപ്പ് ഫൈനലിലെത്തിയ സ്പാനിഷ് ടീമിന്റെ ആഹ്ലാദം.ചിത്രം:വിഷ്ണു.വി.നായർ

നവിമുംബൈ ∙ അണ്ടർ 17 ലോകകപ്പിലെ തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ മാലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി സ്പെയിൻ ഫൈനലിൽ. ക്യാപ്റ്റൻ ആബേൽ റൂയിസ് ആദ്യപകുതിയിൽ നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് സ്പെയിനിന്റെ ജയം. 19, 43 മിനിറ്റുകളിലായിരുന്നു റൂയിസിന്റെ ഗോളുകൾ. ഫെറാൻ ടോറസിന്റെ (71) വകയായിരുന്നു സ്പെയിനിന്റെ മൂന്നാം ഗോൾ. ലസ്സാന എൻഡിയെയാണ് (74) മാലിയുടെ ആശ്വാസ ഗോൾ നേടിയത്. ആദ്യപകുതിയിൽ സ്പെയിൻ രണ്ടു ഗോളിനു മുന്നിലായിരുന്നു.

ശനിയാഴ്ച നടക്കുന്ന കലാശപ്പോരിൽ സ്പെയിൻ ഇംഗ്ലണ്ടിനെ നേരിടും. ബ്രസീലിനെ ഇതേ സ്കോറിനു വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശം. കലാശപ്പോരിനു മുന്നോടിയായി നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ബ്രസീലും മാലിയും ഏറ്റുമുട്ടും. മൽസരത്തിൽ ഇരട്ടഗോൾ നേടിയ സ്പാനിഷ് ക്യാപ്റ്റൻ ആബേൽ റൂയിസും മാലിയുടെ ആശ്വാസഗോൾ നേടിയ ലസ്സാന എൻഡിയായെയും ആറു ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാമതെത്തി. ക്വാർട്ടർ, സെമി പോരാട്ടങ്ങളിൽ ഹാട്രിക് നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്റർ ഏഴു ഗോളുകളുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്നു.

നവി മുംബൈയിൽ നടന്ന സ്പെയിൻ–മാലി സെമി പോരാട്ടത്തിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ

61–ാം മിനിറ്റിൽ മാലി താരം ഡൗക്കൗറിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് സ്പെയിൻ പോസ്റ്റിൽ കയറിയെങ്കിലും ജപ്പാൻകാരനായ റഫറി ഗോൾ അനുവദിക്കാതിരുന്നത് ചെറിയ തർക്കത്തിനും ഇടയാക്കി. പന്ത് ഗോൾവര കടന്നെന്ന് വ്യക്തമായിരുന്നെങ്കിലും ഇതു റഫറി കണ്ടില്ല. ടൂർണമെന്റിൽ ഗോൾലൈൻ ടെക്നോളജി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാത്തതിനാൽ മാലിക്ക് നിർഭാഗ്യത്തിന്റെ നിമിഷം, ദിവസം!

ആവേശത്തിന്റെ ആദ്യപകുതി

നേരത്തെ, ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ ഇരട്ടഗോളുകളാണ് മൽസരത്തിൽ സ്പെയിനിനു മേധാവിത്തം സമ്മാനിച്ചത്. 19, 43 മിനിറ്റുകളിലായിരുന്നു റൂയിസിന്റെ ഗോളുകൾ. ഇതോടെ ആറു ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ റൂയിസ് രണ്ടാമതെത്തി. ബ്രസീലിനെതിരായ സെമിഫൈനലിൽ ഹാട്രിക്ക് നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ഏഴു ഗോളുകളുമായി മുന്നിലുള്ളത്. ബ്രസീലിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് നേരത്തേതന്നെ ഫൈനലിൽ കടന്നിരുന്നു.

നവി മുംബൈയിൽ നടന്ന സ്പെയിൻ–മാലി സെമി പോരാട്ടത്തിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ

മാലിയെ വിറപ്പിച്ച സ്പെയിനിന്റെ മുന്നേറ്റത്തോടെയാണ് മൽസരത്തിനു തുടക്കമായത്. സെർജിയോ ഗോമസ് തൊ‌ടുത്ത ഷോട്ട് ഗോളിലെത്താതെ പോയത് മാലി ഗോളിയുടെ മികവൊന്നുകൊണ്ടു മാത്രം. അപകടം മണത്ത മാലിയും ചില ഒറ്റപ്പെട്ട ആക്രമണങ്ങളുമായി സ്പാനിഷ് ഗോൾ മുഖം വിറപ്പിച്ചു. അടിയും തിരിച്ചടിയുമായി മൽസരം പുരോഗമിക്കുന്നതിനിടെയായിരുന്നു സ്പെയിനിന്റെ പെനൽറ്റി ഗോൾ. ഗോളിനു പിന്നാലെ മികച്ച കൗണ്ടർ അറ്റാക്കുകളുമായി മാലി സ്പാനിഷ് ഗോൾമുഖം വിറപ്പിച്ചെങ്കിലും ലക്ഷ്യം കാണുന്നതിൽ പിഴച്ചു. അതിനിടെ ആബേൽ റൂയിസ് സ്പെയിനിന്റെ രണ്ടാം ഗോളും നേടി.

ഗോളുകൾ വന്ന വഴി

സ്പെയിനിന്റെ ആദ്യ ഗോൾ: 19–ാം മിനിറ്റിൽ ക്യാപ്റ്റൻ ആബേൽ റൂയിസ് പെനൽറ്റിയിലൂടെ നേടിയ ഗോളാണ് സ്പെയിനിന് ലീഡു സമ്മാനിച്ചത്. സ്പാനിഷ് സ്ട്രൈക്കർ സെസാർ ഗിലാബർട്ടിന്റെ മുന്നേറ്റം തടയാനുള്ള മാലി പ്രതിരോധതാരം ഡിയാബിയുടെ ശ്രമമാണ് സ്പെയിനിന് അനുകൂലമായുള്ള പെനൽറ്റിയിൽ കലാശിച്ചത്. കിക്കെടുത്ത ആബേൽ റൂയിസ് മാലി ഗോൾകീപ്പറെ കബളിപ്പിച്ച് അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.

ഫൈനലിലെത്തിയ സ്പാനിഷ് ടീമിന്റെ ആഹ്ലാദം.ചിത്രം:വിഷ്ണു.വി.നായർ

സ്പെയിനിന്റെ രണ്ടാം ഗോൾ: 43–ാം മിനിറ്റിൽ സ്പെയിൻ ലീഡ് വർധിപ്പിച്ചു. ഇത്തവണയും ഗോളിന്റെ ശിൽപികൾ ഗിലാബർട്ട്–ആബേൽ റൂയിസ് സഖ്യം തന്നെ. സെസാർ ഗിലാബർട്ടിന്റെ സുന്ദരമായ മുന്നേറ്റത്തിനൊടുവിൽ പന്ത് മാലി ബോക്സിനുള്ളിൽ പതിയിരുന്ന ആബേൽ റൂയിസിലേക്ക്. മാലി പ്രതിരോധത്തിലെ ഡിയാബിയെയും ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും കടന്ന് റൂയിസിന്റെ നിലംപറ്റെയുള്ള ഷോട്ട് വലയിലേക്ക്. സ്കോർ 2–0.

സ്പെയിനിന്റെ മൂന്നാം ഗോൾ: രണ്ടാം പകുതിയുടെ തുടക്കം മുതലുള്ള ഗോൾ വരൾച്ച അവസാനിപ്പിച്ച് ഫെറാൻ ടോറസിലൂടെ സ്പെയിൻ വീണ്ടും ഗോൾ നേടി. വലതുവിങ്ങിൽ തീപടർത്തിയ മുന്നേറ്റങ്ങൾ നടത്തി മാലിയെ ഞെട്ടിച്ച ഫെറാൻ ടോറസിന് അർഹമായ ഗോൾ. സെർജിയോ ഗോമസിന്റെ തകർപ്പൻ ക്രോസിന് ഉയർന്നുചാടി തലവച്ച ടോറസ് ലക്ഷ്യം കണ്ടതോടെ സ്കോർ 3–0. ടൂർണമെന്റിൽ ടോറസിന്റെ മൂന്നാം ഗോൾ.

നവി മുംബൈയിൽ നടന്ന സ്പെയിൻ–മാലി സെമി പോരാട്ടത്തിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ

മാലിയുടെ മറുപടി ഗോൾ: മൂന്നാം ഗോളിന്റെ ആവേശം മൂന്നാം മിനിറ്റിലേക്ക് കടക്കാൻ സമ്മതിക്കാതെ മാലിയുടെ മറുപടി. ടൂർണമെന്റിലെ ടോപ് സ്കോററാകാനുള്ള മൽസരത്തിൽ മുൻനിരയിലുള്ള ലസ്സാന എൻഡിയായെയുടെ ഊഴം. കൂളിങ് ബ്രേക്കിന്റെ ഇടവേളയിൽ ചെറിയ ആലസ്യത്തിലേക്കു പോയ സ്പെയിനിനെ ഞെട്ടിച്ച് ലസ്സാനയുടെ മുന്നേറ്റം. ബോക്സിനുള്ളിൽ തടയാൻ സർവ സന്നാഹങ്ങളോടെയും നിന്ന സ്പാനിഷ് ഗോളിയെ നിഷ്പ്രഭനാക്കി ലസ്സാനയുടെ തകർപ്പൻ ഫിനിഷിങ്. സ്കോർ 1–3. ടൂർണമെന്റിലെ ആറാം ഗോളുമായി ലസ്സാന സ്പാനിഷ് ക്യാപ്റ്റൻ ആബേൽ റൂയിസിനൊപ്പം.