രാജ്ഭവനു മുന്നില്‍ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

തിരുവനന്തപുരം ∙ കവടിയാർ രാജ്ഭവനു മുന്നിൽ ഒാട്ടോയിൽ തട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. കാറോടിച്ചിരുന്ന വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗർ ‘ഭൂപി’യിൽ യിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് (20) ആണു മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. രാത്രി 11ന് ആയിരുന്നു അപകടം. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്. പുതിയ കാറുമായി രാത്രി നടത്തിയ മൽസരപ്പാച്ചിലാണ് അപടകത്തിനു കാരണമായതെന്നു സൂചനയുണ്ട്.

ആദർശാണ് കാർ ഒാടിച്ചിരുന്നത്. ന്യൂ തിയറ്റർ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകൾ തൈക്കാട് ഇവി റോഡ് ഗ്രീൻ സ്ക്വയർ ബീക്കൺ ഫ്ലാറ്റിൽ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24), എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എസ്‌യുടി ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ശിൽപയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിൽപയ്ക്കു നിസാര പരുക്കേയുള്ളൂ. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെയും കാറിനുള്ളിൽ നിന്ന് അബോധാവസ്ഥയിലാണ് പുറത്തടുത്തത്. തലയ്ക്കു പരുക്കേറ്റ ഒാട്ടോ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

വെള്ളയമ്പലം ഭാഗത്തു നിന്നു കവടിയാറിലേക്കു പോകുകയായിരുന്നു ഒാട്ടോറിക്ഷയും കാറും. അമിത വേഗത്തിൽ നിയന്ത്രണംവിട്ട കാർ ഒാട്ടോയിൽ ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. വൻ ശബ്ദം കേട്ട് ഒാടിയെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ തുറക്കാനായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിൽപ കൊച്ചി സ്വദേശിയാണ്. മറ്റുള്ളവർ തിരുവന്തപുരം സ്വദേശികളാണെന്നാണു സൂചന.