ആശുപത്രിയിൽ ആശയറ്റ തൊഴിലാളിക്ക് കൈത്താങ്ങായി തൃശൂർ പൊലീസ് കമ്മിഷണർ

കോട്ടയം ∙ ജനങ്ങളുടെ കൂടെ നിൽക്കുന്നതും അവരെ സഹായിക്കുന്നതും കടമയാണെന്നു വിശ്വസിക്കുന്നയാളാണ് തൃശൂർ പൊലീസ് കമ്മിഷണർ രാഹുൽ ആർ.നായർ. ജോലിക്കിടെ വീണു ഗുരുതരമായി പരുക്കേറ്റ തൊഴിലാളിയെ ഉപേക്ഷിച്ചു കരാറുകാരൻ മുങ്ങിയപ്പോഴും സഹായത്തിന്റെ കൈത്താങ്ങുമായി രാഹുൽ പ്രത്യക്ഷപ്പെട്ടു. വലിയ തുക ആശുപത്രിക്കാർ ബിൽ നൽകിയപ്പോൾ കണ്ണുമിഴിച്ച കുടുംബത്തിന് കാരുണ്യത്തിന്റെ സ്നേഹസാന്ത്വനമായതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

തൃശൂരിൽ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് മൂന്നാം നിലയിൽനിന്നു വീണ് കോട്ടയം കുറുപ്പന്തറ എളൂക്കുന്നത്തു സാബുവിനു ഗുരുതരമായി പരുക്കേറ്റത്. ചോറുണ്ണണമെങ്കിൽപോലും കയ്യിൽ കാശില്ലാതെ, ഐസിയുവിനുമുന്നിൽ ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ ദീപയുടെയും രണ്ടു പെൺമക്കളുടെയും സങ്കടകഥ മലയാള മനോരമ പ്രസിദ്ധീകരിച്ചു. കരാറുകാരൻ ഇവരെ കാര്യമായി സഹായിക്കാതിരുന്നതോടെയാണ് കുടുംബം ദുരിതക്കയത്തിലായത്.

Read: ജനമൈത്രി പൊലീസിന്റെ ഉറപ്പ് ഫലം കണ്ടു; സാബുവിനെ കോട്ടയത്തേക്കു മാറ്റി  

വാർത്ത ശ്രദ്ധയിൽപ്പെട്ട കമ്മിഷണർ ഇവർക്ക് ആവശ്യമായ സഹായം നൽകാൻ വെസ്റ്റ് സ്റ്റേഷനിലെ പൊലീസിനു നിർദേശം നൽകി. പൊലീസ് തുക അടയ്ക്കാമെന്നു വാക്കു നൽകിയതോടെ വെസ്റ്റ്ഫോർട്ട് ആശുപത്രി അധികൃതർ സാബുവിനെ ഡിസ്ചാർജ് ചെയ്തു കോട്ടയം മെഡിക്കൽ കോളജിലേക്കു വിടുകയായിരുന്നു. സഹായം വേണ്ടയാളെ സഹായിക്കുകയെന്നതു മനുഷ്യസഹജമായ കാര്യമാണെന്നും അതാണു ചെയ്തതെന്നും രാഹുൽ ആർ. നായർ മനോരമ ഓൺലൈനിനോടു പറഞ്ഞു.

‘എല്ലാവരെയും എപ്പോഴും സഹായിക്കാൻ പറ്റിയെന്നുവരില്ല. എന്നാൽ ദുരിതങ്ങളുടെ സമയത്തു പിന്തുണയുമായി പൊലീസ് എപ്പോഴുമുണ്ടാകും; സാന്നിധ്യമായും പരസ്പരം ബന്ധപ്പെടുത്താനും. അതോടൊപ്പം വലിയൊരു മനുഷ്യശൃംഖല കൂടിയാണു സംസ്ഥാനത്തെ പൊലീസ് സംവിധാനം. അതിനാൽ പെട്ടെന്നുതന്നെ കോട്ടയം ഗാന്ധിഗനർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജിൽ രോഗിയെ പ്രവേശിപ്പിക്കാൻ നടപടിയുണ്ടാക്കുകയായിരുന്നു. നമ്മൾ മുൻകൈ എടുക്കേണ്ട ഒരു കാര്യം മാത്രമേയുള്ളൂ. മാത്രമല്ല, ചെറിയ മനുഷ്യത്വപരമായ പെരുമാറ്റം പോലും വാർത്തയാവുന്ന കാലമാണിത്’– രാഹുൽ ആർ.നായർ പറഞ്ഞു.

കൂലിപ്പണിക്കാരനായ സാബുവും ഭാര്യ ദീപയും വിദ്യാർഥികളായ രണ്ടു പെൺമക്കളും കുറുപ്പുന്തറയിൽ വാടകയ്ക്കാണു കഴിയുന്നത്. രണ്ടാഴ്ച മുൻപ് ആപ്പാഞ്ചിറ സ്വദേശിയായ സുഹൃത്താണു സാബുവിനെ കെട്ടിടം പണിക്കായി തൃശൂരിലേക്കു കൊണ്ടുപോയത്. ജോലിക്കിടെ സാബു താഴെ വീണു നട്ടെല്ലു തകരുകയും വാരിയെല്ലുകൾ ഒടിയുകയും ബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നു. കാരുണ്യവതികളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂവെന്ന് ഇവർ പറയുന്നു.