സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സിപിഎമ്മിനില്ല: ആഞ്ഞടിച്ച് മന്ത്രി മണി

മലപ്പുറം∙ തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നേതൃതലത്തിൽ ശക്തമാകുന്നതിനിടെ സിപിഐയ്ക്കെതിരെ ആഞ്ഞടിച്ചു മന്ത്രി എം.എം. മണി. സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സിപിഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി പ്രശ്നത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണിമര്യാദ കാട്ടാൻ സിപിഐ തയാറാകണം. മൂന്നാർ വിഷയങ്ങളിലുൾ‌പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സിപിഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറം വണ്ടൂരിൽ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി മണി.

തോമസ് ചാണ്ടിയുടെ രാജിയിലൂന്നിയുള്ള തർക്കങ്ങൾ ഇടതുമുന്നണിയിൽ ശക്തമായതോടെ പ്രവർത്തകർക്കും നേതാക്കൾക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരുന്നു. കൂടുതൽ പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നു നേതാക്കൾക്ക് ഇരുപാർട്ടികളും നിർദേശം നൽകി. എന്നാൽ ഇതു വകവയ്ക്കാതെയാണു മണിയുടെ മലപ്പുറം പ്രസംഗം.

സിപിഎമ്മിന്റെ ഏരിയാ സമ്മേളനങ്ങളും സിപിഐയുടെ മണ്ഡലം സമ്മേളനങ്ങളും പുരോഗമിക്കുന്നതിനിടെ ഭിന്നത മൂർച്ഛിക്കുന്നതു ഗുണകരമാകില്ലെന്നതാണു പൊതുവിലയിരുത്തൽ. അതേസമയം, ബുധനാഴ്ച ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിനു മുമ്പ് സിപിഎമ്മുമായി ചർച്ച നടത്താനാണു സിപിഐയുടെ നീക്കം. തോമസ് ചാണ്ടി പങ്കെടുത്താൽ തങ്ങളുടെ പ്രതിനിധികൾ മന്ത്രിസഭാ യോഗത്തിലുണ്ടാകില്ലെന്ന വിവരം സിപിഎമ്മിനെ അറിയിച്ചിരുന്നുവെന്നാണു സിപിഐ വാദം. എന്നിട്ടും ചാണ്ടി പങ്കെടുക്കുന്ന സാഹചര്യമുണ്ടായപ്പോൾ തീരുമാനം നടപ്പിലാക്കുകയായിരുന്നു. ഇതിൽ അസ്വഭാവികതയില്ലെന്നും സിപിഐ വാദിക്കുന്നു.

എന്നാൽ സിപിഐ സ്വീകരിച്ച നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നതിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ലായിരുന്നു. ആ വികാരമാണ് ആനത്തലവട്ടം ആനന്ദനിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ പ്രശ്നം വഷളാക്കുന്ന സമീപനം വേണ്ടെന്നു സിപിഎമ്മും നിലപാടെടുക്കുന്നു.