ഓഖി ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ കാറ്റും മഴയും കുറഞ്ഞു; കനത്ത നാശനഷ്ടങ്ങൾ

ഓഖി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ ലക്ഷദ്വീപിൽനിന്ന്.

കല്‍പേനി∙ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച ലക്ഷദ്വീപിൽ കനത്ത നാശനഷ്ടങ്ങൾ. കല്‍പേനി, മിനിക്കോയ് വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നു. കാറ്റും മഴയും കുറഞ്ഞിട്ടുണ്ട്. മിനിക്കോയ് ലൈറ്റ്ഹൗസിന്റെ ജനല്‍ പൊട്ടിയിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരായ സുജിത്തും പോളും ഒറ്റപ്പെട്ട നിലയിലാണ്. ഇവർക്കു ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷണം കിട്ടണമെങ്കില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കണം. എന്നാൽ മരങ്ങള്‍ വീണതിനാല്‍ യാത്ര സാധിക്കുന്നില്ലെന്നും ഇവർ അറിയിച്ചു. കവരത്തി ബീച്ചിന്റെ വശങ്ങളിൽ മരങ്ങള്‍ വീണു വഴി ഇല്ലാതായി. കവരത്തിയില്‍ കടലിനോട് ചേര്‍ന്നുള്ള ഫാം ഹൗസില്‍നിന്ന് മൃഗങ്ങളെ മാറ്റി. കല്‍പേനി ഹെലിപാഡ് മുങ്ങി. അതിനിടെ, കൊച്ചിയില്‍നിന്നുള്ള 12 ബോട്ടുകള്‍ കല്‍പേനിയില്‍ സുരക്ഷിതരായി എത്തിയതായും റിപ്പോർട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ ഗതി ഇങ്ങനെ

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലാണ് ലക്ഷദ്വീപിൽ ചുഴലിക്കാറ്റ് വീശിയത്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. മിനിക്കോയിൽ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു. ചുഴലിക്കാറ്റ് ഇവിടെയെത്തിയപ്പോൾ ‘അതിതീവ്ര’ വിഭാഗത്തിലേക്കു മാറിയിരുന്നു.

ബേപ്പൂരില്‍ കുടുങ്ങിയത് 102 ലക്ഷദ്വീപുകാർ

കടലിൽ കുടുങ്ങിയ മഞ്ചിൽ നിന്ന് ചരക്കുകൾ കരയിലേക്കു മാറ്റുന്നു.

ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോകേണ്ടിയിരുന്ന കപ്പൽ ചുഴലിക്കാറ്റിനെത്തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. ഇവർക്കു ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്ന നിലപാടിലാണ് അധികൃതരെന്നാണു വിവരം. കപ്പല്‍ റദ്ദാക്കിയതോടെ ബേപ്പൂരില്‍ കുടുങ്ങിയത് 102 പേരാണ്.

ഓഖി ചുഴലിക്കാറ്റ്: വെള്ളിയാഴ്ച വരെയുള്ള വിവരങ്ങൾ

രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കൽപേനി ദ്വീപുകളിൽ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അറിയിച്ചു. കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപിൽ ശനിയാഴ്ച 190 കി.മീ. വേഗത്തിൽ വരെ കാറ്റിനു സാധ്യതയുണ്ട്. കൽപേനിയിൽ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയിൽ തകർന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടർന്നു സ്വീകരിച്ച നടപടികൾ രക്ഷാദൗത്യം വേഗത്തിലാക്കാൻ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയിൽ മുങ്ങിപ്പോയ ഉരുവിൽനിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കൽപേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകൾ മുങ്ങിപ്പോയി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിൽ ചർച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിൽനിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമർദം മാത്രമായി മാറും.

വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വീശിത്തുടങ്ങിയ ശക്തിയേറിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി. തുടർന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാറ്റും മഴയും ലക്ഷദ്വീപില്‍ നാശം വിതയ്ക്കുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിവയ്ക്കു നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്‍പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.

കവരത്തിയില്‍ നാവികസേനയ്ക്കോ തീരസംരക്ഷണ സേനയ്ക്കോ ഇപ്പോള്‍ തിരച്ചില്‍ ഹെലികോപ്റ്ററുകളില്ല. താല്‍ക്കാലികമായി എത്തിച്ച ഹെലികോപ്റ്ററിനു ദീര്‍ഘനേരം തിരച്ചില്‍ നടത്താനുള്ള ശേഷിയില്ല. കാറ്റ് ശക്തമായതോടെ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാറുകയാണ്.

കവരത്തിയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ അഗത്തിയിലാണ് എയ്റോഡ്രോമുള്ളത്. ഇവിടേക്ക് 72 സീറ്റുള്ള വിമാനമാണു പ്രതിദിന സര്‍വീസ് നടത്തുന്നത്. ഈ സർവീസ് ഇന്നലയോടെ നിര്‍ത്തിവച്ചു. ശക്തമായ കാറ്റാണു ലക്ഷദ്വീപില്‍ വീശുന്നതെന്നും ദ്വീപിന്റെ ഉള്ളിലായി വലിയ വെള്ളകെട്ടുകള്‍ രൂപപെട്ടിട്ടുണ്ടെന്നും ലക്ഷദ്വീപ് നിവാസിയായ ബിനു ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

ലക്ഷദ്വീപിൽ‌ ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങൾ.

കവരത്തി, അഗത്തി, അമിനി ദ്വീപുകളില്‍ അപായ മുന്നറിയിപ്പു പ്രഖ്യാപിച്ച ഭരണകൂടം ദുരിതാശ്വാസ ക്യാംപുകളും തുറന്നു. അഗത്തിയിലെ ബോട്ടുകള്‍ എല്ലാം തന്നെ നാട്ടുകാര്‍ കരയില്‍ കയറ്റി. അടിയന്തര സാഹചര്യങ്ങൾ നേരിടാന്‍ അഗത്തി ഡപ്യൂട്ടി കലക്ടര്‍ ഓഫിസ് കൺട്രോള്‍ റൂം തുറന്നു. 0489 4242263 എന്ന നമ്പറിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ സഹായത്തിനു വിളിക്കാം. ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച സ്കൂളുകളിലേക്കു പ്രിന്‍സിപ്പാള്‍ പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏര്‍പ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവരെ ക്യാംപിലേക്കു മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ കാറ്റിൽ തീരത്തേക്കു കയറിയ ബോട്ട്. മിനിക്കോയിൽനിന്നുള്ള ചിത്രം.

ഇതിനിടെ ഇന്ന് എത്തുമെന്ന് അറിയിച്ച ദുരന്തനിവാരണ സേനയ്ക്ക് അഗത്തിയിലേക്ക് പുറപ്പെടാന്‍ അനുവാദം ലഭിച്ചിട്ടില്ല. കവരത്തിയില്‍ പുറങ്കടലിലുണ്ടായിരുന്ന എം‌എസ്‌വി അല്‍-നൂര്‍ എന്ന മഞ്ച് മുങ്ങി. ഏഴു ജീവനക്കാരെയും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ചരക്ക് കപ്പല്‍ എം‌വി കോടിത്തല രക്ഷപ്പെടുത്തി. കൽപേനി ദ്വീപിൽ ആശയവിനിമയ സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടു. വൈദ്യുതിയും ഭക്ഷണ സാമഗ്രികളുമില്ലെന്നും റിപ്പോർട്ടുണ്ട്.