ബേസിൽ തമ്പി ലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽ; ബുംറ, പാർഥിവ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്

ബേസിൽ തമ്പി (ട്വിറ്റർ ചിത്രം)

മുംബൈ ∙ മലയാളി താരം ബേസിൽ തമ്പി, തമിഴ്നാട് താരം വാഷിങ്ടൻ സുന്ദർ എന്നിവരെ ഉൾപ്പെടുത്തി ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി20 മൽസരങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിമിത ഓവർ ക്രിക്കറ്റ് മൽ‌സരങ്ങളിൽ ടീമിലെ സ്ഥിര സാന്നിധ്യമായ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു.

ബുംറയെ ഇന്ത്യയുട ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. വൃദ്ധിമാൻ സാഹയ്ക്കു പുറമെ വിക്കറ്റ് കീപ്പറായി പാർഥിവ് പട്ടേലും ടീമിലുണ്ട്. ടിനു യോഹന്നാൻ, എസ്.ശ്രീശാന്ത് എന്നിവർക്കുശേഷം ഇന്ത്യൻ ടീമിൽ ഇടം നേടുന്ന മൂന്നാമത്തെ പേസ് ബോളറാണ് ബേസിൽ തമ്പി. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണെ ടീമിലേക്കു പരിഗണിച്ചില്ല.

വിരാട് കോഹ്‍ലിയുടെ വിശ്രമം നീട്ടിയതോടെ ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുന്ന രോഹിത് ശർമയാണ് ട്വന്റി20യിലും നായകൻ. ഡിസംബർ 20ന് കട്ടക്കിലാണ് ട്വന്റി20 പരമ്പര ആരംഭിക്കുക. പാതി മലയാളിയായ ശ്രേയസ് അയ്യർ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്ഘട് തുടങ്ങിയവരും ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിലുണ്ട്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ഹാർദിക് പാണ്ഡ്യയും ടീമിൽ മടങ്ങിയെത്തി.

അതേസമയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോഹ്‍ലി നായകസ്ഥാനത്ത് തിരിച്ചെത്തും. അജിങ്ക്യ രഹാനെ ഉപനായക സ്ഥാനം നിലനിർത്തി. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിൻ ഡിപ്പാർട്മെന്റിനെ നയിക്കുക. ഏഴു ബാറ്റ്സ്മാൻമാരും ഏഴ് ബോളർമാരും ഒരു ഓൾറൗണ്ടറും രണ്ട് വിക്കറ്റ് കീപ്പർമാരുമാണ് ടീമിലുള്ളത്.

ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർക്കു പുറമെ പേസ് നിരയിലെ അഞ്ചാമനായാണ് ബുംറ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയത്. ഇതുവരെ 28 ഏകദിനങ്ങളിലും 30 ട്വന്റി20 മൽസരങ്ങളിലും ബുംറ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, എം.സിറാജ്, ബേസിൽ തമ്പി, ജയ്ദേവ് ഉനദ്ഘട്

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), മുരളി വിജയ്, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, പാർഥിവ് പട്ടേൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.