റാഞ്ചി∙ പ്രണയമുണ്ടെങ്കിൽ എന്തുചെയ്യും? എന്തുചെയ്യാമെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ച ജാർഖണ്ഡിലെ കാമുകൻ ഇപ്പോൾ അഴിയെണ്ണുകയാണ്. കാമുകിയെ സഹായിക്കാൻ പകരം പരീക്ഷ എഴുതിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതത്.
ഛത്തർപുർ സ്വദേശി രേണു കുമാരിയുടെ കാമുകൻ രാംപുകർ രവിയാണ് ജയിലിലായത്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ (ഐആർബി) എൻട്രൻസ് പരീക്ഷയിലാണ് ക്രമക്കേട് നടത്തിയത്. വേണ്ടത്ര തയാറെടുപ്പ് നടത്താത്ത, കംപ്യൂട്ടർ ഉപയോഗിക്കാനറിയാത്ത തന്നെ പരീക്ഷ എഴുതാൻ സഹായിക്കുമോയെന്ന് രേണു അഭ്യർഥിച്ചപ്പോൾ രവി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
രേണുവിന്റെ അഡ്മിറ്റ് കാർഡിലെ ഫോട്ടോ മാറ്റി രവിയുടെ ചിത്രം പതിച്ചു. ജംഷഡ്പുർ നർഭേരം ഹൻസ്‍രാജ് ഹൈസ്കൂളിലെ പരീക്ഷാഹാളിലേക്ക് ഈ കാർഡ് ഉപയോഗിച്ച് പ്രവേശിച്ചു. പരീക്ഷ ആരംഭിച്ചപ്പോൾ, പെൺകുട്ടിയുടെ സ്ഥാനത്ത് രവിയെ ശ്രദ്ധിച്ച എക്സാമിനർ പക്ഷേ, കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഹൈദർ നഗർ സ്വദേശിയാണ് ഇയാൾ. പെൺകുട്ടിയുടെ യഥാർഥ അഡ്മിറ്റ് കാർഡും മറ്റ് രേഖകളും പിടിച്ചെടുത്തു.
രവി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായാണ് ഐആർബിയുടെ മേൽനോട്ടം വഹിക്കുന്നത്. 2810 ഒഴിവുകളിലേക്ക് 3.5 ലക്ഷം ഉദ്യോഗാർഥികൾ പരീക്ഷ എഴുതി. ജാർഖണ്ഡ് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ സംസ്ഥാനത്ത് 385 സെന്ററുകളാണ് ഒരുക്കിയിരുന്നത്.