ലൈംഗിക സിഡി നിർമിക്കുന്ന തിരക്കിൽ ബിജെപി പ്രകടന പത്രിക മറന്നു: ഹാർദിക്

അഹമ്മദാബാദ്∙ ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ബിജെപിയെ പരിഹസിച്ച് പട്ടേൽ സംവരണ നേതാവ് ഹാർദിക് പട്ടേൽ. ലൈംഗിക സിഡിയുണ്ടാക്കുന്നതിന്റെ തിരക്കിനിടെ പ്രകടന പത്രികയുണ്ടാക്കാൻ ബിജെപി മറന്നെന്നായിരുന്നു വിമർശനം. ട്വിറ്ററിലൂടെയായിരുന്നു ഹാർദിക്കിന്റെ പരിഹാസം. ഹാർദിക് പട്ടേലിനോടു രൂപസാദൃശ്യമുള്ളയാളുടെ ലൈംഗിക സിഡി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നിൽ ബിജെപി ആണെന്നാണ് ഹാർദിക്കിന്റെ ആരോപണം.

നേരത്തെ, ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പത്രിക പുറത്തിറക്കാതെ ബിജെപി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രചാരണം അവസാനിച്ചു, എന്നിട്ടും പ്രകടന പത്രികയെക്കുറിച്ച് യാതൊരു സൂചനയുമില്ല. ഗുജറാത്തിന്റെ ഭാവിക്കുവേണ്ടി ദർശനങ്ങളോ ആശയങ്ങളോ അവർ പ്രചരിപ്പിച്ചില്ലെന്നും രാഹുൽ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി ഒരു ദർശനരേഖ പുറത്തിറക്കിയിരുന്നു. അടുത്ത അഞ്ചുവർഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. സാധാരണ പ്രകടന പത്രികയിൽനിന്ന് വ്യത്യസ്തമായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ എതിര്‍പാർട്ടികൾ രൂക്ഷ വിമർശനമുന്നയിക്കുന്നത്.