ജിഷാ വധക്കേസിൽ അമീറുൽ കുറ്റക്കാരൻ; വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം

വിധിപ്രസ്താവത്തിനുശേഷം അമീറുൽ ഇസ്‍ലാമിനെ കോടതിയിൽനിന്നു കൊണ്ടുപോകുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. വീട്ടിൽ അതിക്രമിച്ചു കയറൽ, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളെല്ലാം ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തി. അതേസമയം തെളിവ് നശിപ്പിക്കൽ, പട്ടികവിഭാഗ പീഡനനിയമം എന്നിവയനുസരിച്ച് കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. അമീറിനുള്ള ശിക്ഷ പിന്നീടു പ്രഖ്യാപിക്കും. ഐപിസി 449, 342, 376 എ, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിക്കുക.

വിധി കേൾക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാം വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകൾ അണിനിരത്തിയാണു പ്രോസിക്യൂഷൻ കേസ് വാദിച്ചത്. കേസിൽ 195 സാക്ഷികളുണ്ട്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടികയാണ് 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചത്.

2016 ഏപ്രിൽ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ ഈ കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനെ 2016 ജൂൺ 14ന് തമിഴ്നാട്–കേരളാ അതിർത്തിയിൽനിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി അമീറുൽ ഇസ്‌ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയത്.

അതേസമയം, നിലവിലെ തെളിവുകൾ അമീറുൽ ഇസ്‌ലാമിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നാണു പ്രതിഭാഗം വാദിച്ചു. മാർച്ച് 13 നാണു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

കണ്ടെത്താനാകാതെ രണ്ടു പ്രധാന തെളിവുകൾ

കേസിൽ വിചാരണ പൂർത്തിയായെങ്കിലും പ്രധാനപ്പെട്ട രണ്ടു തെളിവുകൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊലനടക്കുമ്പോൾ അമീർ ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും അന്വേഷണസംഘം കിണഞ്ഞു ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. കൊലനടത്തുന്നതിനു രണ്ടു ദിവസം മുൻപുതന്നെ മൊബൈൽ ഫോൺ അമീർ നശിപ്പിച്ചതായാണു പൊലീസിന്റെ നിഗമനം. എന്നാൽ, എന്തിനാണു മൊബൈൽ ഫോൺ നശിപ്പിച്ചതെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുമില്ല.

അമീർ അമിതമായ ലൈംഗികാസക്തിയോടെ ജിഷയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും അത് എതിർത്ത ജിഷയുടെ പ്രത്യാക്രമണത്തിൽ പരുക്കേറ്റ പ്രതി കൈവശം കരുതിയിരുന്ന കത്തികൊണ്ടു കഴുത്തിലും മുഖത്തും കുത്തി വീഴ്ത്തിയശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയെന്നുമാണു പ്രോസിക്യൂഷൻ കേസ്. അതിനുശേഷം ജിഷയുടെ സ്വകാര്യഭാഗങ്ങളിലും പ്രതി ക്രൂരമായി മുറിവേൽപ്പിച്ചതായി കുറ്റപത്രം പറയുന്നു.

സംഭവത്തെക്കുറിച്ച് കുറ്റപത്രത്തിൽ പൊലീസ് പറയുന്നതിങ്ങനെ

ഏപ്രിൽ 28 നു വൈകിട്ട് 5.30നും ആറിനും ഇടയിലാണു കൊല നടന്നത്. കൊലയ്ക്കുശേഷം ജിഷയുടെ വീടിനു പിന്നിലൂടെ ഇറങ്ങിയ അമീർ സഹോദരൻ ബദറുൽ ഇസ്‌ലാം താമസിക്കുന്ന വാടകവീട്ടിലെത്തി കുളിച്ചു. ബദറിന്റെ വസ്ത്രങ്ങളും ധരിച്ചാണ് ആലുവ റെയിൽവേ സ്റ്റേഷനിലേക്കു പോയത്. മാതാപിതാക്കളുമായി വഴക്കിട്ട് എട്ടു വർഷം മുൻപാണ് അമീർ പെരുമ്പാവൂരിൽ എത്തിയത്. മാതാപിതാക്കളുടെ അടുത്തേക്കു പോകുന്നുവെന്നു പറഞ്ഞതുകൊണ്ടാണു പണം നൽകിയതെന്നു ബദർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. അസമിലുള്ള അമ്മയോടു ഫോണിൽ സംസാരിച്ചശേഷമാണ് അമീറിനു ബദർ പണം നൽകിയത്.

ബദറിന്റെ വാടകവീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അമീർ നേരത്തെ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രം പൊതിഞ്ഞെടുത്തതായും മൊഴിയിലുണ്ട്. മേയ് ആദ്യം അസമിലെത്തിയ അമീർ ജൂൺ ആദ്യം അവിടെനിന്നു തമിഴ്നാട്ടിലേക്കു തിരിച്ചതായി ബന്ധുക്കളുടെ മൊഴിയുണ്ട്. അമീറിന്റെ കൂട്ടുകാരനെന്നു പറയപ്പെട്ട അനറുൽ ഇസ്‍‌ലാമെന്ന അസംകാരനെ സംബന്ധിച്ച വിവരങ്ങളൊന്നും കുറ്റപത്രത്തിലില്ല. ജിഷയുടെ വീട്ടിൽ കണ്ടെത്തിയ അജ്‍ഞാത വിരലടയാളത്തെപ്പറ്റിയും കുറ്റപത്രത്തിൽ പരാമർശമില്ല. മദ്യപിച്ചാൽ അമീർ സ്ഥിരം വഴക്കാളിയാണെന്ന ഒന്നിലധികം പേരുടെ മൊഴികൾ കുറ്റപത്രത്തിലുണ്ട്.