ജയറാം താക്കൂർ ഹിമാചൽ മുഖ്യമന്ത്രിയാകും; നിർണായകമായത് ആർഎസ്എസ് ഇടപെടൽ

മുൻമുഖ്യമന്ത്രി പ്രകാശ് ധൂമൽ, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നിയുക്ത മുഖ്യമന്ത്രി ജയറാം താക്കൂർ

ഷിംല∙ തർക്കങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ തീരുമാനിച്ച് ഹിമാചൽ പ്രദേശ് ബിജെപി. അഞ്ചു തവണ എംഎൽഎയായ ജയറാം താക്കൂർ മുഖ്യമന്ത്രിയാകും. ആർഎസ്എസിന്റെ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ നിർണായകമായത്. മുഖ്യമന്ത്രി സ്ഥാനാർഥി പ്രേകുമാർ ധൂമൽ പരാജയപ്പെട്ടതോടെയാണു പകരം മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് താക്കൂർ.

ആരു മുഖ്യമന്ത്രിയാകണമെന്നതിനെ ചൊല്ലി സംസ്ഥാന ഘടകം രണ്ടു തട്ടിലായതോടെ പാർട്ടി നേതൃത്വം ആശയക്കുഴപ്പത്തിലായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ധൂമൽ മുഖ്യമന്ത്രിയാകണമെന്ന് ഒരു വിഭാഗവും മുതിർന്ന എംഎൽഎ ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കേന്ദ്ര നിരീക്ഷകരായെത്തിയ നിർമല സീതാരാമനെയും നരേന്ദ്രസിങ് തോമറിനെയും പാർട്ടി പ്രവർത്തകർ തടയുന്ന സ്ഥിതിപോലും സംസ്ഥാനത്തുണ്ടായി. കേന്ദ്ര നിരീക്ഷകരും സംസ്ഥാനത്തിന്റെ ചുമതലയുള്ള മംഗൾ പാണ്ഡെയും മുതിർന്ന നേതാക്കളെയും ആർഎസ്എസ് നേതാക്കളെയും കണ്ടശേഷം ഡൽഹിക്കു മടങ്ങിയിരുന്നു.

ജയിച്ച ബിജെപി എംഎൽഎമാരിൽ 26 പേരുടെ പിന്തുണയാണ് ധൂമൽ പക്ഷം അവകാശപ്പെട്ടിരുന്നത്. സ്വന്തം മണ്ഡലത്തിൽ തോറ്റെങ്കിലും സംസ്ഥാനത്ത് ബിജെപി നേടിയ മികച്ച വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് ധൂമൽ ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പക്ഷം. ധൂമലിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാമിർപുരിൽനിന്ന് ഇത്തവണ അദ്ദേഹത്തെ സുജൻപുരിലേക്ക് മാറ്റിയ തീരുമാനത്തെയും ഇവർ ചോദ്യം ചെയ്യുന്നു. കോൺഗ്രസ് നേതാവ് രജീന്ദർ റാണയ്ക്ക് വ്യക്തമായ പിന്തുണയുള്ള ഇവിടെ ധൂമലിനെ മൽസരിപ്പിച്ച് ബലിയാടാക്കിയെന്നാണ് ഇവരുടെ വികാരം. അതുകൊണ്ടുതന്നെ വിജയിച്ച എംഎൽഎമാരിൽ ഒരാൾ മാറി ധൂമലിനെ ഉപതിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.