ട്രെയിൻ വൈകുന്നത് തിരുവനന്തപുരം ഡിവിഷന്റെ കെടുകാര്യസ്ഥത: റെയിൽവെ

കൊച്ചി∙ കേരളത്തിൽ ട്രെയിനുകൾ വൈകുന്നതു തിരുവനന്തപുരം ഡിവിഷനിലെ ഒാപ്പറേറ്റിങ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത മൂലമെന്നു അന്വേഷണ റിപ്പോർട്ട്. ട്രെയിനുകൾ അനുവദിച്ച സമയത്തിലധികം സ്റ്റേഷനുകളിൽ നിർത്തുക, ക്രോസിങ് നിശ്ചയിക്കുന്നതിലെ പ്രശ്നങ്ങൾ എന്നിവ മൂലമാണു ട്രെയിനുകൾ വൈകുന്നതെന്നാണ് കണ്ടെത്തൽ. റെയിൽവേ ബോർഡ് നിർദേശ പ്രകാരം ദക്ഷിണ റെയിൽവെ ആസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥരാണു ട്രെയിനുകളിൽ യാത്ര ചെയ്തു റിപ്പോർട്ട് തയാറാക്കിയത്.

ഒരു മിനിറ്റ് സ്റ്റോപ്പുള്ള ചെറിയ സ്റ്റേഷനിൽപോലും  തിരുവനന്തപുരം ഡിവിഷനിൽ രണ്ടും മൂന്നും മിനിറ്റാണു ട്രെയിനുകൾ നിർത്തുന്നത്. ഇങ്ങനെ കൂടുതൽ സമയം നഷ്ടമാകുന്നതോടെ പിന്നിൽ വരുന്ന ട്രെയിനുകളുടെ സമയക്രമം തെറ്റുന്നു. വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള തിരുവനന്തപുരം– കൊല്ലം റൂട്ടിൽ വേണാട് എക്സ്പ്രസ് കഴിഞ്ഞമാസം ഒരു ദിവസംപോലും കൃത്യസമയത്തു കൊല്ലത്ത് എത്തിയിട്ടില്ല. മിക്ക ദിവസവും ശരാശരി അരമണിക്കൂറാണു വൈകുന്നത്.

മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനുകളിൽ മാത്രമെ ട്രെയിനുകളുടെ ക്രോസിങ് നടത്തൂവെന്ന അധികൃതരുടെ പിടിവാശിയും ട്രെയിനുകൾ കൂടുതൽ വൈകാൻ കാരണമാകുന്നു. എന്നാൽ ട്രെയിൻ വൈകുന്നതിന്റെ ഉത്തരവാദിത്തം എൻജീനിയറിങ് വിഭാഗത്തിന്റെ  തലയിൽവച്ചു രക്ഷപ്പെടാനാണ് ഓപറേറ്റിങ് വിഭാഗം ശ്രമിക്കുന്നത്. പകൽ സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനുകൾക്കു (കമ്യൂട്ടർ ട്രെയിൻ) മുൻഗണന നൽകണമെന്ന ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ നിർദേശം തലതിരിഞ്ഞ രീതിയിലാണു ഡിവിഷനിൽ നടപ്പാക്കിയത്. സമയമോ സെക്‌ഷനോ നോക്കാതെ തോന്നിയ പോലെ പാസഞ്ചർ ട്രെയിനുകൾക്കു മുൻഗണന നൽകിയതോടെയാണ് ജനശതാബ്ദി വരെ വഴിയിൽ പിടിച്ചിടുന്ന സ്ഥിതിയുണ്ടായത്.

തിരക്കില്ലാത്ത നട്ടുച്ചയ്ക്കുള്ള പാസഞ്ചർ ട്രെയിൻ വരെ മുൻഗണനാ പട്ടികയിൽ വന്നപ്പോൾ കേരളത്തിനുള്ളിൽ സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്ന എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, കണ്ണൂർ ഇന്റർസിറ്റി, ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി, പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, ധൻബാദ്- ആലപ്പി, ചെന്നൈ- ആലപ്പി, ചെന്നൈ- തിരുവനന്തപുരം  മെയിൽ, കന്യാകുമാരി- ബെംഗളുരു ഐലൻഡ് തുടങ്ങിയവയൊന്നും പട്ടികയിലില്ല.

എന്ത് അടിസ്ഥാനത്തിലാണു കമ്യൂട്ടർ ട്രെയിനുകൾ തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കണമെന്നു യാത്രക്കാർ പറയുന്നു. രാവിലെ ഏഴിനും പത്തിനും ഇടയിലും വൈകിട്ട് നാലിനും ഏഴിനും ഇടയിലുമുള്ള ട്രെയിനുകൾക്കാണു മുൻഗണന ലഭിക്കേണ്ടത്. എന്നാൽ രാജാവിനേക്കൾ വലിയ രാജഭക്തി കാണിച്ച ഉദ്യോഗസ്ഥർ പാസഞ്ചർ ട്രെയിനുകൾ തിരഞ്ഞുപിടിച്ചു പട്ടികയിൽ ചേർക്കുകയായിരുന്നു. എക്സ്പ്രസ് ട്രെയിനുകളിൽ അധികനിരക്കു നൽകി യാത്ര ചെയ്യുന്നവരെ റെയിൽവേ അധിക്ഷേപിക്കുകയാണ്. വേണാട്, പാലരുവി എക്സ്പ്രസുകളെ ഉൾപ്പെടുത്തുകയും മറ്റ് പ്രധാന ട്രെയിനുകളെ പൂർണമായും ഒഴിവാക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്നും യാത്രക്കാർ പറയുന്നു.